ഇന്ത്യയുമായി തർക്കത്തിന് പുതിയ വഴി തുറന്ന് ചൈന
ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ കടന്നുകയറി സംഘർഷമുണ്ടാക്കിയ ചൈന, വീണ്ടും പ്രകോപനമുണ്ടാക്കുന്നു.
ചൈനീസ് അധീനതയിലുള്ള ടിബറ്റിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ അണകെട്ടി വൻ ജലവൈദ്യുത പദ്ധതിക്ക് ചൈനാ ഗവൺമെന്റ് അനുമതി നൽകിയത് ഇന്ത്യയുമായി പുതിയ തർക്കത്തിന് വഴിതുറന്നിരിക്കയാണ്. ബ്രഹ്മപുത്രയിലെ വെള്ളത്തെ ആശ്രയിക്കുന്ന ഇന്ത്യയിലെയും ബംഗ്ളാദേശിലെയും ജനങ്ങളെയും പരിസ്ഥിതിയെയും ഒരുപോലെ ബാധിക്കുന്നതാണ് അണക്കെട്ട് നിർമ്മാണം.
അടുത്ത വർഷം മുതൽ തുടങ്ങുന്ന 14-ാം പഞ്ചവത്സര പദ്ധതിയിൽ അണക്കെട്ട് നിർമ്മാണം ഉൾപ്പെടുത്തിയ വിവരം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി യൂത്ത് ലീഗിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ട് വഴിയാണ് പുറത്തുവന്നത്. ചൈനീസ് സർക്കാർ മുഖപത്രമായ ഗ്ളോബൽ ടൈംസും വിവരം സ്ഥിരീകരിച്ചു. ഏഷ്യയിലെ പ്രമുഖ നദിയായ ടിബറ്റിലെ യർലംഗ് സാംഗ്ബോ നദിയിൽ (ബ്രഹ്മപുത്രയുടെ ടിബറ്റൻ പേര്) ചൈന വൻകിട ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്നും ഇന്ത്യൻ അതിർത്തിയിൽ അരുണാചൽ പ്രദേശിനോട് ചേർന്ന മെഡോക് പ്രവിശ്യ വരെ അതു നീണ്ടേക്കാമെന്നും വാർത്തയിലുണ്ട്.
ചൈനയുടെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണാൻ രാജ്യത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിക്കാണ് രൂപം നൽകുന്നതെന്ന് ചൈനീസ് പവർ കോർപറേഷൻ മേധാവി യാൻ ഷിയോഗ് വെളിപ്പെടുത്തി. കാർബൺ രഹിത ഊർജ്ജ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. കോർപറേഷനും ടിബറ്റ് സ്വയംഭരണ പ്രവിശ്യയുമായി (ടി.എ.ആർ) ഒക്ടോബറിൽ കരാറിൽ ഒപ്പിട്ടിരുന്നു. 2035നുള്ളിൽ നടപ്പാക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്ളീനം പാസാക്കിയ പദ്ധതികളിലൊന്നാണിത്.
ബ്രഹ്മപുത്ര:
ടിബറ്റൻ പ്രവിശ്യയ്ക്കുള്ളിൽ ഹിമാലയത്തിൽ നിന്ന് ഉത്ഭവിച്ച് യർലംഗ് സാംഗ്ബോയായി ഒഴുകി അതിർത്തി കടന്ന് അരുണാചൽ പ്രദേശിൽ എത്തുമ്പോൾ പേര് സിയാംഗ്. അസാമിലെത്തുമ്പോഴാണ് ബ്രഹ്മപുത്രയാകുന്നത്. അസാമിൽ നിന്ന് ബംഗ്ളാദേശ് വഴി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. കാലവർഷക്കാലത്തും ഹിമാലയത്തിലെ മഞ്ഞുരുകുമ്പോൾ വേനൽക്കാലത്തും ജലസമൃദ്ധി. വർഷത്തിൽ രണ്ടുതവണ വെള്ളപ്പൊക്കം.
ഇന്ത്യയ്ക്കും ബംഗ്ളാദേശിനും ആശങ്ക
അണക്കെട്ട് നദിയുടെ നീരൊഴുക്ക് കുറയ്ക്കും. ഇന്ത്യയിലും ബംഗ്ളാദേശിലും നദീ തടങ്ങളിൽ വരൾച്ചയ്ക്ക് സാദ്ധ്യത. പുതിയ ജലതർക്കം ഉടലെടുക്കും.
ബ്രഹ്മപുത്രാ നദീതടം പരിസ്ഥിതി ലോല പ്രദേശം.
വർഷംതോറും ജലസമൃദ്ധിയുള്ള നദിയിലെ അണക്കെട്ട് നിർമ്മാണം വെള്ളമൊഴുക്കിനെയും എക്കൽ നീക്കത്തെയും ബാധിക്കും. ഇന്ത്യയിലും ബംഗ്ളാദേശിലും പരിസ്ഥിതി പ്രശ്നങ്ങൾ രൂക്ഷമാകും. കാസിരംഗാ ദേശീയ പാർക്ക് അടക്കം 35ഓളം ജൈവ ഹോട്ട്സ്പോട്ടുകൾക്കും സസ്യ-ജന്തു ജാലങ്ങളുടെ നിലനില്പിനും ഭീഷണി.
ഭൂകമ്പ സാദ്ധ്യതയുളള ഹിമാലയൻ മേഖലയിൽ അണക്കെട്ട് നിർമ്മിക്കുന്നത് അപകടകരം
ഇന്ത്യാ-ചൈനാ എക്സ്പേർട്ട് ലെവൽ മെക്കാനിസത്തിന്റെ (ഇ.എൽ.എം) പരിഗണനയിൽ ഇപ്പോൾ തന്നെ ടിബറ്റിനുള്ളിൽ ബ്രഹ്മപുത്രയ്ക്ക് കുറുകെ ചൈന നിർമ്മിച്ച നിരവധി ചെറു ഡാമുകളെ ചൊല്ലിയുള്ള തർക്കങ്ങൾ.