ന്യൂഡൽഹി: ''ഞങ്ങളെല്ലാവരും ആറുമാസം ഡൽഹിയിൽ കഴിയാൻ ആവശ്യമായ തയാറെടുപ്പോടെയാണ് വന്നിരിക്കുന്നത്. ട്രക്കിൽ ഗോതമ്പ്, ധാന്യം, ഉരുളക്കിഴങ്ങ് തുടങ്ങിയവയുണ്ട്. പാചകത്തിന് സ്റ്റൗവും പാത്രങ്ങളുമുണ്ട്. തണുപ്പിനെ അതിജീവിക്കാൻ കമ്പിളിയും ചൂടേകുന്ന വസ്ത്രങ്ങളുമുണ്ട്. മൊബൈൽഫോണുകൾ പ്രവർത്തിപ്പിക്കുന്നതിനായി കൂടുതൽ ബാറ്ററികളും ചാർജിംഗ് സംവിധാനവും വെള്ളവും ടാങ്കറുകളിലെത്തിച്ചിട്ടുണ്ട്. ഞങ്ങളെ കേൾക്കാൻ തയാറായില്ലെങ്കിൽ, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇവിടെതന്നെ കഴിയും. പാതിവഴിയിൽ സമരം നിറുത്തി പോകില്ല ഞങ്ങൾ.'' - കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യാൻ ഡൽഹിയിലെത്തിയ കർഷകരിൽ ഒരാളായ ദിൽബഗ് സിംഗിന്റെ വാക്കുകളാണിത്.
രാജ്യതലസ്ഥാനത്ത് അതിശൈത്യമാണ്. പതിനേഴ് വർഷത്തിനിടെ ഡൽഹി കണ്ട ഏറ്റവും തണുപ്പേറിയ നവംബറാണ് കടന്നുപോകുന്നത്. മറുഭാഗത്ത് ഗ്രനേഡും കണ്ണീർ വാതകവും ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താനെത്തുന്ന പൊലീസും സൈന്യവും. പ്രകൃതിയും മനുഷ്യരും ഒരുപോലെ ദ്രോഹിക്കുമ്പോഴും തോറ്റു പിന്മാറാൻ തയാറല്ലെന്ന് ചങ്കൂറ്റത്തോടെ പ്രഖ്യാപിക്കുന്ന ആയിരകണക്കിന് കർഷകരാണ് വടക്കൻ ഡൽഹിയിൽ പ്രതിഷേധക്കൊടുങ്കാറ്റുയർത്തുന്നത്.
ചപ്പാത്തിയും വിവിധയിനം പച്ചക്കറികൾ ഉൾപ്പെടുത്തിയ കറിയുമാണ് പ്രധാന ഭക്ഷണം. സമരത്തിനെത്തിയവരെല്ലാം ഓരോരോ വസ്തുക്കൾ എത്തിച്ചു. ചിലർ എണ്ണ കൊണ്ടുവന്നു. മറ്റു ചിലർ മസാലകളും മറ്റു പലവ്യഞ്ജനങ്ങളും കൊണ്ടുവന്നു. റേഷൻ തീർന്നാൽ വീണ്ടും ഞങ്ങൾ കൊണ്ടുവരുമെന്ന് ഇവർ പറയുന്നു.
പിന്തുണയേകി ഗുരുദ്വാരകളും പള്ളികളും
പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകരെ തടവിലാക്കാൻ കേന്ദ്ര സർക്കാർ സ്റ്റേഡിയങ്ങളിൽ അടക്കം ജയിലുകൾ സജ്ജീകരിക്കുമ്പോൾ കർഷകർക്ക് ഭക്ഷണമൊരുക്കാൻ മത്സരിക്കുകയാണ് ഡൽഹിയിലെ ഗുരുദ്വാരകളും മുസ്ലീം പള്ളികളും. ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർക്കായി ദിവസവും ലങ്കാർ (അന്നദാനം) നടത്തുകയാണ് ഡൽഹിയിലെ ഗുരുദ്വാരകളിലും മുസ്ലീംപള്ളികളിലും.
കർഷകർ കാൽനടയായി കടന്നുപോയ ഹരിയാന, പഞ്ചാബ് അതിർത്തികളിലെ ദാബകളിൽ ആ ദിവസങ്ങളിൽ സൗജന്യ ഭക്ഷണമൊരുക്കിയിരുന്നു.
സമരമുഖത്തെ പെൺപുലികൾ
പൊലീസ് ബാരിക്കേഡുകൾ തകർത്ത് സമരവുമായി മുന്നോട്ട് നീങ്ങുന്ന ആണുങ്ങൾക്കൊപ്പം സജീവ സാന്ന്യമായി സ്ത്രീ കർഷകരുമുണ്ട്. പകൽ മുഴുവൻ സമരം ചെയ്യും. രാത്രിയിൽ ട്രാക്ടർ ട്രോളികളിൽ ഉറക്കം. ചിലർ കട്ടിലുകൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ എല്ലാവരും ഒറ്റക്കെട്ടായിരിക്കണം എന്നുള്ളതുകൊണ്ട് അതൊന്നും ഞങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. കുളിക്കാനും മറ്റു കാര്യങ്ങൾക്കുമായി ഗുരുദ്വാരകളിലും പള്ളികളിലും സന്നദ്ധകേന്ദ്രങ്ങളിലുമാണ് സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന മിക്ക സ്ത്രീകളുടെ അവരുടെ കുടുംബത്തിന്റെ പ്രതിനിധികളാണ്.
കൊവിഡല്ല, കോർപ്പറേറ്റുകളെയാണ് പേടി
കൊവിഡിനെ തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കർഷകർ പറയുന്നു. ജീവിതം തന്നെ വഴിമുട്ടി നിൽക്കുമ്പോൾ കൊറോണ വൈറസിനെ പേടിയില്ലെന്ന് കർഷകർ പറയുന്നു.
'കഴിഞ്ഞ ഒന്നു രണ്ടുമാസമായി പഞ്ചാബിൽ ഞങ്ങൾ സമരത്തിലായിരുന്നു. അപ്പോൾ ഞങ്ങൾക്കൊന്നും സംഭവിച്ചില്ല. ഞങ്ങളുടെ ജീവിത രീതിയിലൂടെ ശരീരത്തിൽ ആവശ്യത്തിനുള്ള പ്രതിരോധശേഷിയുണ്ട്. ഈ നിയമം നടപ്പിലാക്കുകയാണെങ്കിൽ, ഞങ്ങൾ എന്തായാലും മരിക്കും, കോർപ്പറേറ്റുകൾ ഞങ്ങളെ ചൂഷണം ചെയ്തുകൊല്ലും. അതിലു ഭേദം കൊവിഡാണ്'- പഞ്ചാബിൽ നിന്നുള്ള കർഷകൻ രഘുവീർ സിംഗ് (50) പറയുന്നു.