കൊച്ചി : സ്വർണക്കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരല്ലാതെ കൂടുതൽ വിദേശ പൗരന്മാർക്കും പങ്ക്. സ്വപ്ന നവംബർ 27 നു കസ്റ്റംസിനു നൽകിയ രഹസ്യമൊഴിയിലാണ് സുപ്രധാന വിവരം.
മൊഴി കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും പ്രതികളുടെ പേരുകൾ പുറത്തു വിട്ടിട്ടില്ല. ഇവരുടെ പാസ്പോർട്ട്, യാത്രാ വിവരങ്ങൾ എന്നിവ ശേഖരിച്ചു വരികയാണെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. നവംബർ 28, 29 തീയതികളിൽ കേന്ദ്ര സർക്കാരിന്റെ ഒാഫീസുകൾ അവധിയായിരുന്നതിനാൽ ഇവരുടെ യാത്രാരേഖകൾ പരിശോധിക്കാൻ കഴിഞ്ഞില്ലെന്നും ഇവയുപയോഗിച്ച് സ്വപ്ന, സരിത്ത് എന്നിവരെ ചോദ്യംചെയ്യാനായില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി. രണ്ട പ്രതികളെയും ഏഴു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. ഡിസംബർ മൂന്നിന് ഉച്ചയ്ക്ക് 1.30 വരെ കസ്റ്റഡി അനുവദിച്ചു.
ഡോളർ കടത്തു കേസിലും ഉന്നത വ്യക്തികൾക്ക് ബന്ധമുണ്ടെന്ന് സ്വപ്ന നൽകിയ മൊഴിയിൽ വ്യക്തമാണെന്ന് രഹസ്യമൊഴി പരിശോധിച്ച എറണാകുളം അഡി. സി.ജെ.എം കോടതി അഭിപ്രായപ്പെട്ടു. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചതായി കസ്റ്റംസിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അറിയിച്ചിട്ടുണ്ട്. യു.എ.ഇ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മുൻ മേധാവിയും ഇൗജിപ്ഷ്യൻ പൗരനുമായ ഖാലിദ് അലി മുഹമ്മദ് ഷൗക്രി ഒമാനിലേക്ക് 1.90 കോടി രൂപയുടെ ഡോളർ കടത്തിയ കേസിലാണ് സ്വപ്നയെയും സരിത്തിനെയും കസ്റ്റംസ് ഇപ്പോൾ ചോദ്യം ചെയ്യുന്നത്.
രഹസ്യം പറയാനുണ്ടെന്ന് സ്വപ്ന:
എഴുതി നൽകണമെന്ന് കോടതി
തങ്ങൾക്ക് കോടതിയോടു രഹസ്യമായി ചില കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്ന് ഇന്നലെ എറണാകുളം അഡി. സി.ജെ.എം കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വപ്നയും സരിത്തും പറഞ്ഞു. വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരാക്കുമ്പോഴൊക്കെ പൊലീസിന്റെ സാന്നിദ്ധ്യമുള്ളതിനാൽ ഇതുവരെ പറയാൻ കഴിഞ്ഞിരുന്നില്ലെന്നും അവർ പറഞ്ഞു. ഇക്കാര്യങ്ങൾ അഭിഭാഷകൻ മുഖേന എഴുതി നൽകാൻ കോടതി നിർദ്ദേശിച്ചു. അഭിഭാഷകരെ കാണാൻ സമയവും അനുവദിച്ചു.
നേരത്തേ, സോളാർ കേസിൽ സമാന സ്ഥിതിയുണ്ടായിരുന്നു. അന്ന് പ്രതി സരിത നായർ തനിക്കു രഹസ്യവിവരങ്ങൾ നൽകാനുണ്ടെന്ന് സാമ്പത്തിക കുറ്റവിചാരണ ചുമതലയുള്ള ഇതേ കോടതിയിൽ പറഞ്ഞിരുന്നു. ഇതു രേഖപ്പെടുത്താൻ കോടതി തുനിഞ്ഞെങ്കിലും, പിന്നീട് എഴുതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
ശിവശങ്കറിന്റെ രഹസ്യ ഫോൺ
വിവരം കിട്ടിയെന്ന് കസ്റ്റംസ്
കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ രണ്ടു ഫോണുകൾ കൂടി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയെന്നും ഇതിലൊരു ഫോണിന്റെ വിവരങ്ങൾ ശേഖരിച്ചെന്നും അതു പരിശോധിക്കുകയാണെന്നും കസ്റ്റംസ് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു.
കണ്ടെത്തിയത് ഐ പാഡിലെ സിം കാർഡാണെന്നും ഇതുപയോഗിച്ച് കോൾ വിളിച്ചിട്ടില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ വാദിച്ചു.
സ്വർണക്കടത്തു കേസിൽ അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ഇന്നലെ ശിവശങ്കറിനെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി.സി. ജെ.എം കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ഇൗ വാദങ്ങൾ.
ഒരു ഫോൺ മാത്രമേ തനിക്കുള്ളൂ എന്നാണ് ശിവശങ്കർ പറഞ്ഞിരുന്നത്. രണ്ടു ഫോണുകളുടെ കാര്യം രഹസ്യമാക്കി വച്ചു. ഇതിലൊന്നിനെക്കുറിച്ചാണ് നവംബർ 29ന് വിവരങ്ങൾ ലഭിച്ചതെന്നും ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ഏഴുദിവസം കൂടി കസ്റ്റഡിയിൽ വിട്ടുനൽകണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. കോടതി ഇന്നു വിധി പറയും. ശിവശങ്കറിനെ കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് മാറ്റാൻ ഉത്തരവിട്ടു.
ഡോളർ കടത്തിലും പങ്ക്
വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും ശിവശങ്കറിനു പങ്കുണ്ടെന്ന സ്വപ്നയുടെ നവംബർ 27ലെ മൊഴിയുടെ വിവരങ്ങൾ കസ്റ്റംസ് കോടതിയിൽ ഇന്നലെ സമർപ്പിച്ചു. യു.എ.ഇ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മുൻമേധാവി ഖാലിദ് അലി മുഹമ്മദ് ഷൗക്രി 2019 ആഗസ്റ്റിൽ 1.90 കോടി രൂപയുടെ ഡോളർ ഒമാനിലേക്കു കടത്തിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസാണിത്. സ്വപ്നയും സരിത്തും ഖാലിദ് അലി മുഹമ്മദ് ഷൗക്രിയെ അനുഗമിച്ചിരുന്നു. ഇരുവരെയും പ്രതികളാക്കി കേസെടുത്തിരുന്നു.