പള്ളുരുത്തി: തിരഞ്ഞെടുപ്പ് പ്രചാരണമെല്ലാം ഹൈടെക്കായ കാലത്തും പരമ്പരാഗ രീതിയെ കൈവിടാതെ പശ്ചിമകൊച്ചിയിലെ ഇടത് മുന്നണി. രാത്രിയിൽ പെട്രോ മാക്സും തലയിലേന്തിയാണ് ഇവിടെ പ്രചരണം. കടേഭാഗം പതിമൂന്നാം ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ വി.എ.ശ്രീജിത്തിന്റെ പ്രചരണമാണ് നാട്ടുകാരെ പഴയ തിരഞ്ഞെടുപ്പ് ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയത്. ഇന്നലെ വൈകിട്ട് ആറ് മുതൽ രാത്രി വരെ പ്രചരണം നടത്തി. യുവക്കൾക്ക് ഇതൊരു പുതുകാഴ്ചയായി. പ്രചരണത്തിനായി ഉപയോഗിക്കാതെ കിടന്ന പെട്രോൾ മാക്സ് കണ്ടെത്തി പള്ളുരുത്തിയിലെ കടയിലെത്തിച്ച് നന്നാക്കിയെടുക്കുകയായിരുന്നു. പെട്രോ മാക്സിന്റെ മാന്റിലിനായി എറണാകുളത്തെ പല കടകളും പ്രവർത്തകർ കയറിയിറങ്ങി. ഒടുവിൽ അതും സംഘടിപ്പിച്ചു. പഴയകാല സി.പി.എം പ്രവർത്തകനായ ചാക്കോയാണ് പെട്രോൾ മാക്സ് തലയിലേന്തി സ്ഥാനാർത്ഥിക്കായി പ്രചരണം നയിച്ചത്. ബൂത്ത് സെക്രട്ടറി മനേഷ് പ്രവർത്തകരായ എൻ.പി.ഉണ്ണിക്കൃഷ്ണൻ, രാകേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പള്ളുരുത്തി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് കെ.സുരേഷ് പ്രചാരണം ഉദ്ഘാടനം ചെയ്തു.