തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിൽ നടന്ന വിജിലൻസ് പരിശോധന സംബന്ധിച്ച് പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞു. പൊലീസ് നിയമഭേദഗതി ഓർഡിനൻസിന്റെ കാര്യത്തിൽ, പൊലീസ് ഉപദേശകൻ എന്തോ ചെയ്തുവെന്ന് താൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞതായുള്ള വാർത്ത പച്ചക്കള്ളമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, മുമ്പുണ്ടായിരുന്നതുപോലുള്ള മാദ്ധ്യമ സിൻഡിക്കേറ്റ് വീണ്ടും പ്രവർത്തിച്ചുതുടങ്ങിയതിന്റെ സൂചനയായി ഇതിനെ കാണാമെന്നും കുറ്റപ്പെടുത്തി.ആഭ്യന്തരവകുപ്പിലെ ദൈനംദിന നടത്തിപ്പിൽ നേരിട്ട് ഇടപെടാൻ ശ്രീവാസ്തവയ്ക്ക് കഴിയില്ല. ആരും അദ്ദേഹത്തിന് റിപ്പോർട്ട് നൽകുകയോ നിർദ്ദേശം സ്വീകരിക്കുകയോ വേണ്ടതില്ല. വിജിലൻസ് പരിശോധനയ്ക്ക് ശ്രീവാസ്തവയുടെ റിപ്പോർട്ടിന്റെ ആവശ്യമില്ല.
പൊലീസ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട്, മന്ത്രിസഭയിൽ നടന്നിട്ടേയില്ലാത്ത, അവിടെയിരുന്ന ഒരാളുടെയും ഊഹത്തിൽ പോലുമില്ലാത്ത കാര്യമാണ് പടച്ചുണ്ടാക്കി റിപ്പോർട്ട് ചെയ്തത്. തെറ്റായ എന്തോ ശ്രീവാസ്തവ ചെയ്തുവെന്ന് വരുത്തലായിരുന്നു ഉദ്ദേശ്യം. ഒരു മാദ്ധ്യമമല്ല, ഒന്നിലേറെ മാദ്ധ്യമങ്ങളത് റിപ്പോർട്ട് ചെയ്തു. കുറച്ചുകാലം മുമ്പ് നിങ്ങളിൽ (മാദ്ധ്യമപ്രവർത്തകർ) ഉണ്ടായിരുന്ന സിൻഡിക്കേറ്റിന്റെ സ്വഭാവം തിരിച്ചുവരുന്നതായാണ് കാണുന്നത്.
മുഖ്യമന്ത്രിയുടെ വടകരയിലെ വേണ്ടപ്പെട്ടയാളായ ആർക്കോവേണ്ടി അയാളുടെ ബിനാമിയായ ആൾ ഹർജി കൊടുത്തുവെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെയൊരു പരാതി കിട്ടിയോയെന്ന് വിജിലൻസുകാരോട് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. പിന്നീടവർ നൽകിയ റിപ്പോർട്ടിൽ വടകര ചോറോട് സ്വദേശി സത്യൻ എന്നയാളിന്റെ പരാതിയെപ്പറ്റി പറഞ്ഞിട്ടുണ്ട്. അയാൾ 2018ൽ 6.58ലക്ഷം വായ്പയെടുത്തപ്പോൾ ഈടായി നൽകിയ വസ്തു, പിന്നീട് അയാളുടെ വ്യാജ ഒപ്പിട്ട് കൊല്ലം സ്വദേശിനിക്ക് 9.28ലക്ഷം രൂപ കെ.എസ്.എഫ്.ഇ മാനേജരുടെയടക്കം ഒത്താശയോടെ വായ്പ നൽകിയെന്നായിരുന്നു പരാതി. ഇതിനകത്ത് ഒരു ബിനാമിയേർപ്പാടുമില്ല.
വസ്തുതകൾ വസ്തുതകളായി അവതരിപ്പിക്കുന്നതാണ് നല്ലത്. നിങ്ങളുടെ (മാദ്ധ്യമങ്ങളുടെ) മനസിലുള്ളത് മറ്റാരുടെയെങ്കിലും തലയിൽ വച്ചുകെട്ടുക. അതും എന്റെയോ ഇടതുമുന്നണി സർക്കാരിന്റെയോ തലയിൽ. ആ ഏർപ്പാട് പണ്ട് നിങ്ങൾ ചെയ്തതാണ്. ഇപ്പോൾ ചെയ്യണമെന്ന് വീണ്ടും മോഹമുണ്ടെങ്കിൽ ചെയ്യുന്നതിന് എതിരല്ല. പക്ഷേ, അതു നല്ല കാര്യമല്ല. പിന്നെ പാർട്ടിയുടെ കാര്യം. ഞാനോ ഐസകോ ആനന്ദനോ തമ്മിൽ ഏതെങ്കിലും തരത്തിൽ ഭിന്നതയുണ്ടെന്ന് വരുത്താൻ നിങ്ങൾ ശ്രമിച്ചാൽ അതത്രവേഗം നടക്കുന്നയൊന്നല്ല. അതങ്ങ് മനസിൽ വച്ചാൽ മതി. അത്രയേ ഞാനിപ്പോൾ പറയുന്നുള്ളൂ- മുഖ്യമന്ത്രി വ്യക്തമാക്കി.
കെ.എസ്.എഫ്.ഇ റെയ്ഡ്: സി.പി.എം ചർച്ച ഇന്ന്
തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡിനെച്ചൊല്ലി ഉയരുന്ന വിവാദങ്ങൾ സി.പി.എമ്മിന്റെ അവൈലബിൾ സെക്രട്ടേറിയറ്റ് ഇന്ന് ചർച്ച ചെയ്ത് അവസാനിപ്പിച്ചേക്കും.
സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ അസാന്നിദ്ധ്യത്തിൽ ഇന്നലെ ചേർന്ന അവൈലബിൾ സെക്രട്ടേറിയറ്റ് വിഷയത്തിലേക്ക് കടന്നില്ല. വിജയരാഘവൻ രാത്രിയോടെ തലസ്ഥാനത്തെത്തി. പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ളയും എം.എ. ബേബിയും സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദനുമാണ് ഇന്നലെ യോഗത്തിലുണ്ടായിരുന്നത്. ഇന്ധനവില വർദ്ധനയ്ക്കെതിരെ സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിറക്കി. അതേസമയം, വിഷയത്തിൽ നേതാക്കൾക്കിടയിൽ ആശയവിനിമയം നടന്നു. റെയ്ഡിന്റെ പേരിൽ വിജിലൻസിനെതിരെ കൂടുതൽ പ്രകോപനപരമായ പരാമർശങ്ങൾ നേതാക്കളിൽ നിന്നുണ്ടാവുന്നത് പ്രതിപക്ഷത്തിന് ആയുധം നൽകുമെന്നതിനാൽ അതൊഴിവാക്കണമെന്ന നിർദ്ദേശമുണ്ടായി. അതിനാൽ ഇന്നലെ നേതാക്കളാരും പ്രതികരിച്ചില്ല. സ്വാഭാവികനടപടിക്രമമനുസരിച്ചുള്ള വിജിലൻസിന്റെ പരിശോധനയെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിൽ മുഖ്യമന്ത്രിക്കും നീരസമുണ്ട്. റെയ്ഡിന് പിന്നിലെ അകാരണമായ എടുത്തുചാട്ടം അവധിയിലുള്ള വിജിലൻസ് ഡയറക്ടർക്ക് പകരം ചുമതല നോക്കിയ ഐ.ജിയുടെ ഭാഗത്ത് നിന്നുണ്ടായതാണോയെന്ന സംശയമുള്ളതാണ് ധനമന്ത്രിയെ പ്രകോപിതനാക്കിയതെന്ന് സൂചനയുണ്ട്. എന്നാൽ, വിജിലൻസിനെതിരെ ഉയർത്തിയ സംശയങ്ങളെ മുഖ്യമന്ത്രി തന്നെ തള്ളിയ സാഹചര്യത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് യോഗം വിവാദങ്ങൾ അവസാനിപ്പിക്കാനാണ് നീക്കം. അതിന്റെ മുന്നോടിയായി കൂടിയാണ് പരസ്യപ്രതികരണങ്ങളിൽ നിന്ന് ധനമന്ത്രിയടക്കമുള്ള നേതാക്കൾ പിന്മാറിയതെന്നാണ് വിവരം. തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് മാറിയതിനാൽ പതിവ് സെക്രട്ടേറിയറ്റ് യോഗം ഈയാഴ്ചയില്ല. ഇനി 16ന് ശേഷമേ ചേരൂ.