കോഴിക്കോട്: ഹോക്കി സ്റ്റിക്കുമായി കളിക്കളത്തിൽ മിന്നിയ 22 കാരി ഇന്ന് ജനമനസുകളിലെ വിജയ ഗോളിനായി കാത്തിരിക്കുകയാണ്. സംസ്ഥാന വനിതാ ഹോക്കി ടീം അംഗമായ സി. രേഖയാണ് കോഴിക്കോട് കോർപറേഷൻ എരഞ്ഞിപ്പാലം 64-ാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. കന്നി അങ്കമാണെങ്കിലും ഇടത് മുന്നണിയുടെ സിറ്റിംഗ് സീറ്റായതിനാൽ രേഖയ്ക്ക് തെല്ലും ആശങ്കയില്ല.
തന്റെ മുൻഗാമി ടി.സി. ബിജുരാജ് വാർഡിൽ നടപ്പാക്കിയ 23 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പ്രധാന പ്രചാരണായുധം. മുൻഗാമിയുടെ പ്രവർത്തനങ്ങൾ തുടരുമെന്ന വാഗ്ദാനവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ മകൾ വോട്ടർമാർക്ക് നൽകുന്നു. ഒരു വർഷം മുമ്പാണ് രേഖ ഡിഗ്രി പഠനം പൂർത്തിയാക്കിയത്. കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദ പഠനത്തിന് ചേർന്ന രേഖ ഹോക്കിയിൽ കൂടുതൽ പരിശീലനം നേടാനായി രണ്ടാം വർഷം മുതൽ തൃശൂർ സെന്റ് മേരീസ് കോളേജിലാണ് പഠനം തുടർന്നത്.