കൊച്ചി: പരിചയസമ്പരുടെ നേർക്കുനേർ പോരാട്ടചൂടിലാണ് ജില്ലാ പഞ്ചായത്ത് പാമ്പാക്കുട ഡിവിഷൻ. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ആശ സനിലും മുമ്പ് രണ്ടു തവണ ജില്ലാ പഞ്ചായത്തംഗമായിരുന്ന സി.പി.ഐയിലെ മോളി വർഗീസും കളത്തിലിറങ്ങിയതോടെ മത്സരം പ്രവചനാതീതമായി. വത്സല അജിത്ത് കുമാറാണ് എൻ.ഡി.എ സ്ഥാനാർത്ഥി.കൂത്താട്ടുകുളം, പിറവം എന്നിവ മുൻസിപ്പാലിറ്റിയായതോടെ 2015 ലാണ് പാമ്പാക്കുട ഡിവിഷൻ പിറന്നത്. കന്നി പോരാട്ടത്തിൽ സി.പി.ഐ ജില്ലാ അസി. സെക്രട്ടറിയായ കെ.എൻ. സുഗതൻ രണ്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഡിവിഷനെ ഇടുതമുന്നണിയുടെ അക്കൗണ്ടിലാക്കി. സുഗതൻ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ നിരത്തിയാണ് ഇടതുമുന്നണിയുടെ വോട്ടുപിടുത്തം. യഥാർത്ഥത്തിൽ സുഗതനും ആശ സനിലും തമ്മിലാണ് പോരാട്ടമെന്ന് പറയാം. ഇരുവർക്കും മത്സരം അഭിമാന പോരാട്ടമാണ്.
സ്വന്തം നാട്ടിലിറങ്ങി ആശ സനിൽ
2010 ൽ കൂത്താട്ടുകുളം ഡിവിഷനിൽ നിന്നാണ് ആദ്യമായി ആശ സനിൽ ജില്ലാ പഞ്ചായത്ത് അംഗമായത്. പിന്നീട് കൂത്താട്ടുകുളം മുൻസിപ്പാലിറ്റിയായതോടെ 2015 ൽ തട്ടകം മുളന്തുരുത്തിയിലേക്ക് മാറി. മൂവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയിലേക്കായിരുന്നു പ്രൊമോഷൻ. മൂന്നര വർഷക്കാലം പ്രസിസഡന്റായി തുടർന്നു. പിന്നീട് പാർട്ടിയിലെ ധാരണപ്രകാരം സ്ഥാനമൊഴിഞ്ഞു. ഇത്തവണ തിരുമാറാടി ഉൾപ്പെടുന്ന സ്വന്തം ഡിവിഷനിലാണ് പോരാട്ടം. 2016 -17 ൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയെടുത്തതുൾപ്പെടെയുള്ള കാര്യങ്ങളാണ് ആശ സനിൽ വോട്ടർമാർക്ക് മുന്നിൽ ഉയർത്തിക്കാട്ടുന്നത്. 2016 മുതൽ 19 വരെ മൂന്നു വർഷം തുടർച്ചായായി സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചതും പ്രചാരണത്തിലുണ്ട്. കെ.പി.സി.സി സെക്രട്ടറിയും മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ് ആശ സനിൽ.
പരിചയ സമ്പത്ത് ഉയർത്തി മോളി വർഗീസ്
2005 ൽ പിറവം, 2010 ൽ പായിപ്ര ഡിവിഷനുകളിൽ നിന്ന് ജില്ലാ പഞ്ചായത്ത് അംഗമായി. 2015 മത്സരിച്ചില്ല. കഴിഞ്ഞ അഞ്ചു വർഷക്കാലം കെ.എൻ.സുഗതൻ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് ഇടതുമുന്നണിയുടെ പ്രചരണായുധം. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ഡിവിഷനിൽ നടപ്പിലാക്കിയെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം, കേരള മഹിളാ സംഘം സംസ്ഥാന കമ്മിറ്റിയംഗം, മഹിളാസംഘം ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിലും മോളി വർഗീസ് പ്രവർത്തിക്കുന്നു.
ശക്തി തെളിയിക്കാൻ എൻ.ഡി.എ
ഡിവിഷനിൽ ശക്തി തെളിയിക്കാനാണ് എൻ.ഡി.എയുടെ പോരാട്ടം. സേവാഭാരതി ജില്ലാ സമിതി അംഗമായ വത്സല അജിത്ത് കുമാർ വർഷങ്ങളായി പൊതുപ്രവർത്തന രംഗത്ത് സജീവമാണ്.
ഡിവിഷൻ
കൂത്താട്ടുകുളം, പിറവം എന്നിവ മുൻസിപ്പാലിറ്റിയായതോടെ പുതിയ ഡിവിഷനായി പാമ്പാക്കുടയുടെ പിറവി. രാമമംഗലം, പാമ്പാക്കുട, ഇലഞ്ഞി പഞ്ചായത്തുകളും തിരുമാറാടി പഞ്ചായത്തിലെ ആറും, ഏഴും വാർഡുകൾ ഒഴികെയുള്ളവയും ഉൾപ്പെടുന്നതാണ് ഡിവിഷൻ.