മലപ്പുറം: ഫുട്ബാളിൽ കേരളത്തിന്റെ ഉറച്ച പ്രതിരോധമായിരുന്നു ജംഷീന. പക്ഷേ സ്ഥാനാർത്ഥിയുടെ ജേഴ്സിയണിഞ്ഞപ്പോൾ കാളമ്പാടിയുടെ ഇടതുവല ഇളകാതെ കാക്കുകയാണ് ഇപ്പോഴത്തെ പ്രധാന ദൗത്യം. ഡിഫൻഡറായി ഒമ്പതാം ക്ലാസ് മുതൽ കേരളത്തിനായി ബൂട്ടണിഞ്ഞ ജംഷീന മലപ്പുറം നഗരസഭയിലെ 13-ാം വാർഡായ കാളമ്പാടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ്. അണ്ടർ 17, 19, സീനിയർ വിഭാഗങ്ങളിലായി എട്ട് വർഷം കേരള ടീമിൽ അംഗമായിരുന്നു. 2016ൽ കേരള ഫുട്ബാൾ അസോസിയേഷന്റെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു.
ഭർതൃപിതാവ് മജീദ് ഉരുണിയൻപറമ്പിൽ കൗൺസിലറായ വാർഡ് വനിതാ സംവരണമായതോടെയാണ് കോട്ട സംരക്ഷിക്കാൻ 25കാരിയായ ജംഷീനയെ ചുമതലപ്പെടുത്തിയത്. മുസ്ലിം ലീഗിന്റെ തട്ടകം കഴിഞ്ഞതവണ 60 വോട്ടിനാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്.
ദേശീയ ഗെയിംസിലടക്കം എതിരാളിയുടെ ചടുല നീക്കങ്ങളെ പ്രതിരോധിച്ച ആത്മവിശ്വാസത്തിലാണ് കളത്തിന് പുറത്തെ ആദ്യ മത്സരത്തിന് ജംഷീന ഇറങ്ങിയത്.
പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കെ, ഫുട്ബാൾ രക്തത്തിലലിഞ്ഞ മണ്ണ് തന്നെ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ജംഷീന. കടുത്ത ഫുട്ബാൾ ആരാധകനായ ഉപ്പ പി. സിദ്ധിഖാണ് ജംഷീനയെയും മൂത്ത സഹോദരി ഷംനാസിയെയും പന്ത് തട്ടാൻ പഠിപ്പിച്ചത്. ഷംനാസ് തിരുവനന്തപുരം വെള്ളായനി സ്പോർട്സ് സ്കൂളിലെ കോച്ചാണ്.
വള്ളിക്കുന്ന് സി.ബി.എച്ച്.എസ്.എസിലാണ് ജംഷീന പ്ലസ്ടു വരെ പഠിച്ചത്. അതിനിടെ അണ്ടർ 17 കേരള ടീമിലും ഇടംപിടിച്ചു. സ്പോർട്സ് കൗൺസിൽ സെലക്ഷനിലൂടെ തിരുവല്ല മാർത്തോമ കോളേജിലായിരുന്നു തുടർപരിശീലനവും പഠനവും. ഇക്കണോമിക്സിൽ പി.ജി പൂർത്തിയാക്കി. വള്ളിക്കുന്ന് ആനങ്ങാടി സ്വദേശിയായ ജംഷീന രണ്ടുവർഷം മുമ്പാണ് കാളമ്പാടിയിൽ മരുമകളായെത്തിയത്. മറ്റ് സേവനങ്ങൾക്കൊപ്പം കായിക മേഖലയ്ക്ക് കഴിയുന്നതെല്ലാം ചെയ്യണമെന്നതാണ് ആഗ്രഹമെന്ന് ജംഷീന പറഞ്ഞു. പിന്തുണയായി ഫുട്ബാൾ ആരാധകനായ ഭർത്താവ് ഷമീംസാദും ഒപ്പമുണ്ട്.