തിരുവനന്തപുരം: സി.എ.ജി സമർപ്പിച്ച, കിഫ്ബിക്കെതിരായ പരാമർശങ്ങളടങ്ങിയ റിപ്പോർട്ട് അന്തിമമാണെങ്കിൽ അത് ക്രമവിരുദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക് സ്പീക്കർ പി. ശ്രീരാമകൃഷ്ണനോട് വിശദീകരിച്ചു. കരട് റിപ്പോർട്ടാണ് സി.എ.ജിയുടേത് എന്ന് കരുതിയാണ് പ്രതികരിച്ചതെന്നും അന്തിമറിപ്പോർട്ട് തയ്യാറാക്കും മുമ്പ് ഇത്രയും പ്രധാനപ്പെട്ട കാര്യത്തിൽ അഭിപ്രായം ചോദിക്കുമെന്ന് കരുതിയെന്നും ഇന്നലെ നിയമസഭയിൽ നേരിട്ടെത്തി മന്ത്രി വ്യക്തമാക്കി.അന്തിമറിപ്പോർട്ടാണെന്ന് പിന്നീടാണ് ബോദ്ധ്യപ്പെട്ടത്. സ്പീക്കർ നിർദ്ദേശിക്കുന്ന ഏത് ശിക്ഷയും നടപടിക്രമവും അംഗീകരിക്കാം. പ്രിവിലജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ മുമ്പിലാണ് നോട്ടീസ് വിടുന്നതെങ്കിൽ അവിടെ വിശദീകരണം നൽകാം. സംസ്ഥാനത്തിന്റെ അവകാശങ്ങളും ജനങ്ങളുടെ വികസനതാത്പര്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരസ്യപ്രസ്താവന നടത്തിയതെന്നും മന്ത്രി പറഞ്ഞു.സി.എ.ജി റിപ്പോർട്ട് സഭയിൽ സമർപ്പിക്കുന്നതിനുമുമ്പ് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ മന്ത്രിക്കെതിരെ നൽകിയ അവകാശലംഘന നോട്ടീസിനാണ് മന്ത്രി വിശദീകരണം നൽകിയത്.
സി.എ.ജി റിപ്പോർട്ട് ധനമന്ത്രി ചോർത്തി മാദ്ധ്യമങ്ങൾക്ക് നൽകിയത് ചട്ടലംഘനമെന്നായിരുന്നു വി.ഡി. സതീശന്റെ പരാതി. ഇത് ഗൗരവമായി പരിഗണിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. മന്ത്രിമാർക്കെതിരായ അവകാശലംഘന നോട്ടീസിൽ അവരോട് വിശദീകരണം ചോദിക്കുന്നതാണ് സ്വാഭാവിക നടപടിക്രമമെന്നതിനാലാണ് മന്ത്രിയോട് വിശദീകരണം തേടിയത്.ഇ.ഡിക്കെതിരെ എം. സ്വരാജ് നൽകിയതും ധനസെക്രട്ടറിക്കെതിരെ കെ.എസ്. ശബരീനാഥൻ നൽകിയതും മുഖ്യമന്ത്രിക്കെതിരെ കെ.സി. ജോസഫ് നൽകിയതുമടക്കമുള്ള അവകാശലംഘന നോട്ടീസുകളിൽ സ്പീക്കർ അടുത്തദിവസങ്ങളിൽ തുടർനടപടികളിലേക്ക് കടക്കും.
റിപ്പോർട്ട് വരട്ടെ, പറയാം: ഐസക്
കെ.എസ്.എഫ്.ഇയുടെ പരിശോധന സംബന്ധിച്ച് റിപ്പോർട്ട് വരട്ടെ, അപ്പോൾ അതു സംബന്ധിച്ച കൂടുതൽ പറയാമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. ചിട്ടി സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ നടപടിയെടുക്കും. കെ.എസ്.എഫ്.ഇ സംബന്ധിച്ച ചർച്ച നീട്ടിക്കൊണ്ടുപോകാൻ താത്പര്യമില്ല.
ഊരാളുങ്കൽ സൊസൈറ്രിയിൽ നടത്തിയ പരിശോധന ഇ.ഡിയുടെ കളിയുടെ ഭാഗമാണ്. ലൈഫ് മിഷനിലും കെഫോൺ പദ്ധതി സംബന്ധിച്ചും ടോറസ് പദ്ധതിയിലുമൊക്കെ ഇ.ഡി കളിക്കുകയാണ്. ഊരാളുങ്കലിന് പ്രത്യേക പരിഗണനകൾ യു.ഡി.എഫ് കാലത്തും നൽകിയിട്ടുണ്ട്. തങ്ങളുടെ മണ്ഡലത്തിലെ പ്രവൃത്തികൾ ഊരാളുങ്കലിനെക്കൊണ്ട് നടത്തിക്കണമെന്ന് പല എം.എൽ.എമാരും തന്നോട് ശുപാർശ ചെയ്തിട്ടുണ്ടെന്നും ഐസക് പറഞ്ഞു.