തൃശൂർ: പാവപ്പെട്ടവരും നിർദ്ധനരുമായവർക്ക് വീട് നൽകുന്ന ലൈഫ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു മന്ത്രി. വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി ഫ്ളാറ്റ് നിർമാണം തടസപ്പെടുത്തിയവർ ജനങ്ങൾക്ക് മുന്നിൽ ഒറ്റപ്പെട്ടു. സർക്കാർ നേരിട്ട് നടത്തുന്ന പദ്ധതിയല്ല. സി.ബി.ഐയുടെ ഇടപെടൽ കൊണ്ട് കരാറുകാരൻ പണി നിറുത്തി വെച്ചിരിക്കുകയാണ്. 140 പേർക്ക് വീട് നൽകുന്ന പദ്ധതിയാണ് അട്ടിമറിച്ചത്. ഇതിനകം തന്നെ ലൈഫ് പദ്ധതിയിൽ രണ്ടര ലക്ഷം വീടുകൾ നിർമ്മിച്ചു നൽകി. ഡിസംബറിനകം 25,000 വീടുകൾ കൂടി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.