തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്ന അഞ്ചു ജില്ലകളിലെ കൊവിഡ്ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നതുമായ സ്പെഷ്യൽ വോട്ടർമാർക്കുള്ള സ്പെഷ്യൽ ബാലറ്റ് പേപ്പറിന്റെ വിതരണം ഇന്ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പോളിംഗിന് 10 ദിവസം മുമ്പെന്ന ക്രമത്തിൽ ഞായറാഴ്ച മുതൽ ജില്ലകളിലെ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും പട്ടിക തയ്യാറാക്കിത്തുടങ്ങി. ആദ്യദിനം 24621 പേരാണ് പട്ടിയിൽ . ഏഴിന് വൈകിട്ട് മൂന്നു വരെ രോഗികളാകുന്നവരും നിരീക്ഷണത്തിൽ കഴിയേണ്ടവരും പട്ടികയിൽ ഉൾപ്പെടും. ജില്ലാ മെഡിക്കൽ ഓഫീസർമാർ ജില്ലാ വരണാധികാരികൾക്ക് ഓരോ ദിവസവും നൽകുന്ന പട്ടികയുടെ അടിസ്ഥാനത്തിൽ തൊട്ടടുത്ത ദിവസങ്ങളിൽ ബാലറ്റുമായി സ്പെഷ്യൽ പോളിംഗ് ഓഫീസർ, സ്പെഷ്യൽ പോളിംഗ് അസിസ്റ്റന്റ്, ഒരു പൊലീസ് ഓഫീസർ എന്നിവർ ഉൾപ്പെട്ട സംഘം സ്പെഷ്യൽ വോട്ടറുടെ അടുത്തെത്തി ബാലറ്റ് നൽകും. വീടുകളിലും ആശുപത്രികളിലും നിരീക്ഷണ കേന്ദ്രങ്ങളിലും സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ഉദ്യോഗസ്ഥ സംഘമെത്തും. ബാലറ്റ് പേപ്പർ നൽകാനെത്തുന്ന വിവരം വോട്ടറെയും സ്ഥാനാർത്ഥികളെയും മുൻകൂട്ടി അറിയിക്കും. സ്ഥാനാർത്ഥികൾക്കോ പ്രതിനിധികൾക്കോ സ്ഥലത്തെത്തി കാര്യങ്ങൾ നേരിൽ കണ്ട് ബോദ്ധ്യപ്പെടാം.
ബാലറ്റ് സ്വീകരിച്ചു കഴിഞ്ഞാൽ വോട്ടർ സാമൂഹ്യഅകലം പാലിച്ച് ഉദ്യോഗസ്ഥന്റെ മുന്നിൽ വച്ച് അപേക്ഷയിൽ ഒപ്പു വയ്ക്കണം. തുടർന്ന് വീട്ടിനുള്ളിലേക്ക് പോയി രഹസ്യമായി ബാലറ്റിലെ ഇഷ്ടാനുസരം സ്ഥാനാർത്ഥിയുടെ പേരിന് നേരെ വോട്ട് അടയാളപ്പെടുത്താം. ആശുപത്രികളിലും നീരീക്ഷണ കേന്ദ്രങ്ങളിലും രഹസ്യസ്വഭാവത്തോടെ വോട്ടുചെയ്യാൻ പ്രത്യേക സൗകര്യമൊരുക്കും. വോട്ട് ചെയ്ത ബാലറ്റ് കവർ ഒട്ടിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറാം. അല്ലെങ്കിൽ വോട്ടെടുപ്പിന് മുമ്പ് വരണാധികാരിയുടെ പേരിൽ തപാൽ വഴിയും അയക്കാം. ഇതിനായി തപാൽ വകുപ്പ് പ്രത്യേക ചാർജ് ഈടാക്കില്ല. പോസ്റ്റൽ ബാലറ്റ് യഥാസമയം ലഭിക്കുന്നതിനായി സ്പീഡ് പോസ്റ്റ് സൗകര്യം തപാൽ വകുപ്പ് ഒരുക്കിയിട്ടുണ്ടെന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
സ്പെഷ്യൽ വോട്ടർമാർ
(കൊവിഡ് രോഗികൾ,നിരീക്ഷണത്തിലുള്ളവർ, ആകെ)
*തിരുവനന്തപുരം -2906,5291,8197
*കൊല്ലം -2367,3684,6051
*പത്തനംതിട്ട -1237,1970,3207
*ആലപ്പുഴ -450,1763,2213
*ഇടുക്കി -1608,3345,4953