കൊച്ചി: എറണാകുളം ചക്കരപ്പറമ്പിൽ കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. 26 യാത്രക്കാർക്ക് പരിക്കേറ്റു. ഡ്രൈവർ നെയ്യാറ്റിൻകര തിരുപുറം മണ്ണക്കല്ല് ബഥനിതോപ്പിൽ എസ്. അരുൺ സുകുമാറാണ് (37) മരിച്ചത്.
ഞായറാഴ്ച രാത്രി 12ന് തിരുവനന്തപുരത്ത് നിന്നു കോഴിക്കോട്ടേക്ക് പോയ ബസ് പുലർച്ചെ 4.15ന് വൈറ്റിലയ്
ക്കും പാലാരിവട്ടത്തിനുമിടയ്ക്ക് നാലുവരിപ്പാതയുടെ വശത്തെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കണ്ടക്ടർ സുരേഷ് രാജ് ഉൾപ്പെടെ നാലുപേരുടെ പരിക്ക് ഗുരുതരമാണ്. 16പേരെ പാലാരിവട്ടം മെഡിക്കൽ സെന്റർ ആശുപത്രിയിലും അഞ്ച് പേരെ ജനറൽ ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
പൊലീസും ഫയർ ഫോഴ്സുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. മരം കടപുഴകി. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ സ്ഥലം സന്ദർശിച്ചു.
ഡ്രൈവറുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ നെയ്യാറ്റിൻകരയിലേക്ക് കൊണ്ടുപോയി. 2016 മുതൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡ്രൈവറാണ്. ഭാര്യ: ലീന, മക്കൾ: ലബിയ, ലിയോൺ.
വിശ്രമത്തിനായി ഇന്നു മുതൽ ക്രൂ ചെയ്ഞ്ച്
തിരുവനന്തപുരം: വൈറ്റില അപകടം നടന്ന് മണിക്കൂറുകൾക്കകം, ദീർഘദൂര ബസുകളിൽ ജീവനക്കാർക്ക് വിശ്രമം അനുവദിക്കുന്ന ക്രൂ ചെയ്ഞ്ച് സംവിധാനത്തിന് ഉത്തരവിട്ട് കെ.എസ്.ആർ.ടി.സി. ഡ്യൂട്ടി എട്ടുമണിക്കൂർ പിന്നിടുമ്പോൾ ഡ്രൈവർക്കും കണ്ടക്ടർക്കും അടുത്ത ഡിപ്പോയിൽ എട്ടു മണിക്കൂർ വിശ്രമിക്കാം. പുതിയ ജീവനക്കാർ ഡ്യൂട്ടിയിൽ പ്രവേശിക്കും. ക്രമീകരണം ഇന്ന് നിലവിൽ വരും.
ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തു നിന്ന് വൈകിട്ടുള്ള മൂന്ന് ബംഗളൂരു ബസുകൾ, മംഗലാപുരം ബസ്, പത്തനംതിട്ട- ബംഗളൂരു, കോട്ടയം- ബംഗളൂരു ബസുകളിലാണ് ക്രൂ ചെയ്ഞ്ച്. എറണാകുളം, പാലക്കാട്, തൃശ്ശൂർ, ബത്തേരി ഡിപ്പോകളിൽ ജീവനക്കാരുടെ വിശ്രമത്തിന് എ.സി സ്ലീപ്പർ ബസ് സൗകര്യവും ഏർപ്പെടുത്തി. ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടിക്ക് നിർബന്ധിക്കരുതെന്ന് കോടതി വിധിയുള്ളതിനാൽ താത്പര്യമുള്ളവരെ മാത്രം നിയോഗിക്കും. കണ്ടക്ടർ ലൈസൻസ് ഉള്ള 70 ഡ്രൈവർമാരെ ഇങ്ങനെ ഡ്യൂട്ടിക്കിടാനാണ് തീരുമാനം.