കൊല്ലം: വോട്ടു ചെയ്യാനുള്ള ബാലറ്റ് പേപ്പറുകൾ തയ്യാറായി. മണ്ണന്തല സർക്കാർ പ്രസിൽ അച്ചടിച്ച ബാലറ്റ് പേപ്പറുകൾ കളക്ടറേറ്റിലെ സ്ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ ബാലറ്റ് പേപ്പറുകൾ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഉപവരണാധികാരികൾക്ക് കൈമാറി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന്റെ നിർദ്ദേശാനുസരണം ജില്ലാ പഞ്ചായത്തിന്റെ ഉപവരണാധികാരി എ.ഡി.എം. പി.ആർ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ബാലറ്റ് പേപ്പറുകൾ കൈമാറിയത്. ജില്ലയിലെ 11 ബ്ലോക്ക് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ ബാലറ്റ് പേപ്പറുകൾ കൈപ്പറ്റി.
അന്തിമ സ്ഥാനാർത്ഥിപ്പട്ടിക പ്രകാരമാണോ ബാലറ്റ് അച്ചടിച്ചിരിക്കുന്നതെന്നും സ്ഥാനാർത്ഥികളുടെ ചിഹ്നം, പേര്, ക്രമം എന്നിവ ശരിയാണോയെന്നും പരിശോധിച്ചു. കളക്ടറേറ്റിൽ ക്രമീകരിച്ച വിവിധ കൗണ്ടറുകളിലൂടെയാണ് ബാലറ്റ് പേപ്പർ പരിശോധിച്ചത്. ബാലറ്റുകൾ വോട്ടിംഗ് യന്ത്രത്തിൽ സജ്ജീകരിച്ച് വിതരണ കേന്ദ്രങ്ങൾ വഴി പ്രിസൈഡിംഗ് ഒദ്യോഗസ്ഥർക്ക് കൈമാറും.