തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടും ചൂരും കൂടുമ്പോൾ കോർപറേഷനിൽ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന രണ്ട് ഡിവിഷനുകളാണ് ലാലൂരും കണിമംഗലവും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഇടതുപക്ഷത്തിന്റെ മേയർ സ്ഥാനാർത്ഥിയുമായ പി.കെ ഷാജനും കൗൺസിലിലേക്ക് നിരവധി തവണ ജയിച്ചു വന്ന ഫ്രാൻസിസ് ചാലിശേരിയും മത്സരിക്കുന്ന ലാലൂരാണ് ഇതിൽ പ്രധാനം. ജനറൽ സീറ്റിൽ മുൻ മേയർ അജിതാ വിജയൻ മത്സരിക്കുന്ന കണിമംഗലത്തെ മത്സരവും ശ്രദ്ധ പിടിച്ചുപറ്റുന്നു. കൂടാതെ എൻ.ഡി.എയും ശക്തമായി രംഗത്തുണ്ട്.
കണിംഗലത്തെ ജനറൽ സീറ്റിൽ മുൻമേയർ
ജനറൽ സീറ്റായ കണിമംഗലത്ത് മുൻ മേയറായ സി.പി.ഐയിലെ അജിത വിജയനാണ് മത്സരിക്കുന്നത്. താൻ ജയിച്ച സീറ്റ് ജനറൽ സീറ്റായതോടെ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും മത്സരിക്കണമെന്ന നിർദ്ദേശം വന്നതോടെ വീണ്ടും രംഗത്ത് ഇറങ്ങുകയായിരുന്നു. മുഖ്യഎതിരാളി മുൻ കൗൺസിലർ കൂടിയായ കോൺഗ്രസിലെ ജയപ്രകാശ് പൂവത്തിങ്കലാണ്. എൻ.ഡി.എ ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത് അനിൽ തമ്പിയെയാണ്. ഇതിനു പുറമേ കോൺഗ്രസ് വിമതനായി ജിയോ ആലപ്പാടനും രംഗത്തുണ്ട്.
മൂന്നാം ഊഴത്തിന് ഇറങ്ങുന്ന അജിത ആത്മവിശ്വാസത്തിലാണ്. മുൻ മേയർ എന്ന ഗ്ലാമർ അജിതയ്ക്ക് മുതൽക്കൂട്ടാകുന്നു. കണിമംഗലത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാക്കിയതിന്റെ നേട്ടം അജിത പ്രതീക്ഷിക്കുന്നു. കൂടാതെ ഡിവിഷനിലെ വെളിച്ച വിപ്ലവവും തുണയാകുമെന്നാണ് വിശ്വാസം. എന്നാൽ ഇത്തവണ വിജയം പിടിച്ചെടുക്കാനാകുമെന്ന് അഞ്ചാം മത്സരത്തിനിറങ്ങുന്ന ജയപ്രകാശ് പറയുന്നു. കണിമംഗലത്തെ മുൻ കൗൺസിലറാണ്. എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ തമ്പിക്കും ഡിവിഷനിൽ സ്വാധീനമുണ്ട്. മത്സരഫലം പ്രവചിക്കാനാകില്ലെന്ന് മൂന്ന് മുന്നണികളും പറയുന്നു. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചയാളാണ് ജിയോ. അവസാന നിമിഷം കാര്യങ്ങൾ തകിടം മറിഞ്ഞതോടെ വിമതനായി.
മേയർ സ്ഥാനാർത്ഥി ലാലൂരിൽ
കോർപറേഷനിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ ആദ്യമായി പരീക്ഷിക്കുകയാണ് സി.പി.എം. അവരുടെ ജനകീയ മുഖങ്ങളിൽ ഒന്നായ ഷാജനെ വിജയിപ്പിച്ച് ഭരണം ലഭിക്കുകയാണെങ്കിൽ മേയറാക്കാനുള്ള തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. എതിരാളികൾ ശക്തരാണെന്നത് മത്സരവീര്യം കൂട്ടുന്നു. കാര്യാട്ടുകര കൗൺസിലറായിരുന്ന ഫ്രാൻസിസ് ചാലിശേരിയാണ് ലാലൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി രംഗത്തിറക്കിയിട്ടുള്ളത്. യു.ഡി.എഫിന് അധികാരം ലഭിച്ചാൽ മേയർ സ്ഥാനാർത്ഥി പട്ടികയിലുള്ള ആൾ കൂടിയാണ് ഫ്രാൻസിസ് ചാലശേരി. ഇതുവരെയുള്ള എല്ലാ കൗൺസിലിലും ഫ്രാൻസിസ് ചാലിശേരി ഉണ്ടായിരുന്നു. യു.ഡി.എഫിലെ ലാലി ജെയിംസാണ് നിലവിൽ ലാലൂരിനെ പ്രതിനിധീകരിച്ചിരുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി സെബാസ്റ്റ്യൻ വളപ്പിലും രംഗത്തുണ്ട്. അട്ടിമറി വിജയം ലഭിക്കുമെന്ന് എൻ.ഡി.എയും അവകാശപ്പെടുന്നു.