ചാലക്കുടി: മണി ചിഹ്നത്തിൽ സ്ഥാനാർത്ഥികളെ നിറുത്തി വിജയിപ്പിച്ചിരുന്ന കലാഭൻ മണിയില്ലാത്ത ആദ്യ തദ്ദേശ തിരഞ്ഞെടുപ്പ്. ഇടതുപക്ഷത്തിനായി അണിയറയിൽ പ്രവർത്തിച്ചിരുന്ന മണി പിന്നീട് പാർട്ടി പ്രവർത്തകരെ ദത്തെടുത്ത് മത്സരിപ്പിക്കുന്ന പുതുമയും കൊണ്ടുവന്നു. മൂന്ന് സ്ഥാനാർത്ഥികളാണ് മണിയുടെ തണലിൽ മത്സരിച്ച് നഗരസഭ കൗൺസിലിലെത്തിയത്. അവരുടെ ചിഹ്നങ്ങളാകട്ടെ മണിയും. 2005ൽ അയൽവീട്ടിലെ ചേച്ചി ലക്ഷ്മിയെ സ്ഥാനാർത്ഥിയാക്കി.
അടുത്ത ഊഴം രണ്ടു ചങ്ങാതിമാരുടേതായി. ആന്റോ വടക്കനും സി.എസ് സുരേഷും. വിജയക്കൊടി നാട്ടിയ ഇവർക്കും ചിഹ്നത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലായിരുന്നു. ഷൂട്ടിംഗിന്റെ തിരക്കിനിടയിലും കൂട്ടുകാർക്കായി വീടുകളിൽ കയറിയിറങ്ങി മണി നിരന്തരം സഹായം അഭ്യർത്ഥിച്ചു. വിജയിച്ചശേഷം സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് ഇവരുടെ സേവനം പ്രയോജനപ്പെടുത്തിയില്ല. ഇക്കുറിയും മണിയുടെ ഓർമ്മകളും അയവിറക്കി, ആന്റോ വടക്കനും സി.എസ് സുരേഷും മത്സര രംഗത്തുണ്ട്. തങ്ങളുടെ ഇഷ്ട ചിഹ്നമായ മണി മറ്റൊരു പാർട്ടിക്ക് ലഭിച്ചപ്പോൾ ഇവർ മറ്റു ചിഹ്നത്തെ ആശ്രയിച്ചു. അടിയുറച്ച പാർട്ടി അനുഭാവി ആയിരുന്നപ്പോഴും മറ്റു മുന്നണികളുടെ സ്ഥാനാർത്ഥികൾക്ക് സഹായം നൽകിയിരുന്നു. ആരോഗ്യ കാരണങ്ങളാൽ 2015ലെ തിരഞ്ഞെടുപ്പിൽ മണിക്ക് സജീവമാകാൻ സാധിച്ചില്ല. ആറുമാസങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പും സിനിമയുമൊന്നും ഇല്ലാത്ത ലോകത്തേയ്ക്ക് യാത്രയായി.