കൊല്ലം: ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിലും അധികാരം പിടിക്കാൻ രാഷ്ട്രീയ മത്സരം ശക്തമാവുകയാണ്. കൊട്ടാരക്കര, കരുനാഗപ്പള്ളി, പരവൂർ, പുനലൂർ മുനിസിപ്പാലിറ്റികളിൽ ആധികാരിക ഭൂരിപക്ഷത്തോടെ 2015ൽ അധികാരം നേടിയത് ഇടത് മുന്നണിയാണ്.
നഗരങ്ങളിലെ ഭരണ തുടർച്ചയ്ക്ക് രാഷ്ട്രീയവും വികസനവും ചർച്ചയാക്കിയാണ് എൽ.ഡി.എഫ് പ്രചാരണം മുന്നേറുന്നത്. കൊട്ടാരക്കരയിൽ എൽ.ഡി.എഫിന്റെ ആത്മവിശ്വാസം ഉയർത്തുന്ന ഘടകങ്ങളിലൊന്ന് കേരളാ കോൺഗ്രസ് (ബി) ആണ്. നാലിടങ്ങളിലും അധികാരം പിടിച്ചെടുക്കണമെന്ന വികാരം കോൺഗ്രസിലും ഘടക കക്ഷികളിലുമുണ്ട്. അത്തരത്തിലാണ് അവരുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനവും.
മാസങ്ങൾക്കപ്പുറം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനും വിജയം അവർക്ക് അനിവാര്യമാണ്. 2015 ലെ തിരഞ്ഞെടുപ്പിനേക്കാൾ ജനസ്വാധീനവും സംഘടനാ ശേഷിയും വർദ്ധിച്ചുവെന്ന വിലയിരുത്തലാണ് എൻ.ഡി.എയിലുള്ളത്. നാലിടത്തും വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്ന പ്രതീക്ഷ അവരുടെ ക്യാമ്പുകളിലുണ്ട്. നഗരങ്ങളിലെ ജനങ്ങൾ ബി.ജെ.പിയോട് കൂടുതൽ ആഭിമുഖ്യം പുലർത്തുന്നുണ്ടെന്നും അത് വോട്ടായി മാറുമെന്നും അവർ കണക്ക് കൂട്ടുന്നു. നാലിടത്തുമായി 445 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത്.
പരവൂർ മുനിസിപ്പാലിറ്റി
ഡിവിഷനുകൾ: 32
പോളിംഗ് സ്റ്റേഷനുകൾ : 32
സ്ഥാനാർത്ഥികൾ: 111
വനിതകൾ: 63
കൂടുതൽ സ്ഥാനാർത്ഥികൾ: തെക്കുംഭാഗം (6)
കുറവ്: ചില്ലയ്ക്കൽ (2)
പുനലൂർ മുനിസിപ്പാലിറ്റി
ഡിവിഷനുകൾ : 35
പോളിംഗ് സ്റ്റേഷനുകൾ: 35
സ്ഥാനാർത്ഥികൾ : 111
വനിതകൾ: 54
കൂടുതൽ സ്ഥാനാർത്ഥികൾ: പേപ്പർമിൽ, നേതാജി, ഭരണിക്കാവ് (5 വീതം)
കുറവ് സ്ഥാനാർത്ഥികൾ: രണ്ടുപേർ മാത്രമുള്ള ആറ് ഡിവിഷനുകൾ
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി
ഡിവിഷനുകൾ: 35
പോളിംഗ് സ്റ്റേഷനുകൾ: 38
സ്ഥാനാർത്ഥികൾ: 112
വനിതകൾ: 63
കൂടുതൽ സ്ഥാനാർത്ഥികൾ: മരുതൂർകുളങ്ങര എൽ.പി.എസ് വാർഡ് (5)
കൊട്ടാരക്കര മുനിസിപ്പാലിറ്റി
ഡിവിഷനുകൾ : 29
പോളിംഗ് സ്റ്റേഷനുകൾ : 29
സ്ഥാനാർത്ഥികൾ : 111
വനിതകൾ : 59
കൂടുതൽ സ്ഥാനാർത്ഥികൾ: പുലമൺ ടൗൺ ഡിവിഷൻ (7)