തിരുവനന്തപുരം: പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ താരമൂല്യമുള്ള നേതാക്കളെ രംഗത്തിറക്കി വോട്ടുതേടുക എന്നത് മുന്നണികളെല്ലാം പയറ്റുന്ന തന്ത്രമാണ്. ഭരണമുന്നണിയിൽ താരമൂല്യമുള്ള നേതാക്കൾക്ക് ഒരു കുറവുമില്ലെങ്കിലും ആരെയൊക്കെ രംഗത്തിറക്കണമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലത്രേ. നേതാക്കൾ വോട്ടുതേടി എത്തുമ്പോൾ ഇപ്പോഴത്തെ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് വോട്ടർമാരോട് വിശദീകരിക്കേണ്ടി വരും. തൃപ്തികരമല്ലെങ്കിൽ ഫലം നെഗറ്റീവായി പോകുമെന്നും ചില നേതാക്കൾ കണക്കാക്കുന്നു. പ്രദേശിക നേതാക്കളാകുമ്പോൾ പ്രാദേശിക വികസന വിഷയങ്ങൾ ചൂണ്ടിക്കാട്ടി വോട്ട് തേടിക്കോളും. അവരോട് ആരും ' അന്താരാഷ്ട്ര' കാര്യങ്ങളൊന്നും ചോദിക്കില്ല. എന്നാൽ മുൻനിര നേതാക്കളൊക്കെ എത്തേണ്ട സമയത്ത് എത്തി പ്രചാരണം കൊഴുപ്പിക്കുമെന്നാണ് നേതൃത്വം നൽകുന്ന സൂചന. പ്രതിപക്ഷ മുന്നണി സ്റ്റാർ കാമ്പെയിൻ തുടങ്ങി. നേതാക്കൾ തിരഞ്ഞെടുക്കുന്നത് സ്വന്തം ഗ്രൂപ്പിൽപ്പെട്ട സ്ഥാനാർത്ഥി മത്സരിക്കുന്ന വാർഡുകൾ മാത്രമാണെന്നാണ് ആക്ഷേപം. പണ്ടേ അങ്ങനെ തന്നെ അല്ലേ എന്നാണ് അണികൾ ചോദിക്കുന്നത്. ഗ്രൂപ്പ് തിരിഞ്ഞ് കാമ്പെയിന് ഇറങ്ങുന്നതുകൊണ്ടു കുഴപ്പമില്ല, ഗ്രൂപ്പിന്റെ പേരിൽ 'വാരാ'തിരുന്നാൽ മതിയെന്നാണ് സ്ഥാനാർത്ഥികളുടെ പ്രാർത്ഥന. മൂന്നാമത്തെ മുന്നണിയാകട്ടെ ഒരു നേതാവിനെ രംഗത്തിറക്കി വരവ് അറിയിച്ചു. സാക്ഷാൽ താരവും രംഗത്തുണ്ട്. അതുകൊണ്ടുമാത്രം സ്റ്റാർ കാമ്പെയിൻ കൊഴുക്കില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വാദം. ദേശീയ നേതാക്കൾ തന്നെ എത്തണം. അതിനുവേണ്ടി ദേശീയ നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിച്ച് കാത്തിരിക്കുകയാണിവർ. പാർട്ടി സംസ്ഥാന നേതൃത്വത്തിൽ ഇടയ്ക്ക് വിമതസ്വരം ഉയർന്നെങ്കിലും താഴെ തട്ടിലെത്താതിരിക്കാൻ ജാഗ്രത കാണിക്കുകയാണ് ജില്ലാ നേതാക്കൾ.