തിരുവനന്തപുരം: പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ ചികിത്സ നൽകുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കെ.എ.എസ്.പി- കാസ്പ്) വഴി കൊവിഡ് രോഗത്തിന് ചികിത്സ ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാരുമായി ധാരണയിലെത്തിയത് എട്ട് ശതമാനം ആശുപത്രികൾ മാത്രം. സംസ്ഥാനത്ത് ആകെയുള്ള 1286 സ്വകാര്യ ആശുപത്രികളിൽ 108 എണ്ണം മാത്രമാണ് ഇതുവരെ കൊവിഡ് ചികിത്സയ്ക്ക് സർക്കാരുമായി കൈകോർത്തിട്ടുള്ളത്.
സർക്കാർ - സ്വകാര്യ പങ്കാളിത്തത്തോടെ 19 ലക്ഷം കുടുംബംഗങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ജന ആരോഗ്യ യോജനയുടെ സഹായത്തോടെ ചികിത്സാ സഹായം നൽകുന്ന പദ്ധതിയാണ് കാസ്പ്. നിലവിലുള്ള 21.8 ലക്ഷം കുടുംബംങ്ങളെ കൂടാതെയാണിത്.
കാസ്പ് പദ്ധതി അനുസരിച്ച് കൊവിഡ് രോഗ ചികിത്സയ്ക്കുള്ള ചെലവ് സർക്കാരാണ് വഹിക്കുന്നത്. ഇതിനൊപ്പം ചികിത്സയ്ക്കുള്ള നിരക്കുകളും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ജനറൽ വാർഡിന് 2300 രൂപയും ഹൈ ഡിപ്പെൻഡൻസി യൂണിറ്റിന് (എച്ച്.ഡി.യു) 3300 രൂപയും വെന്റിലേറ്റർ ഇല്ലാത്ത ഐ.സി.യുവിന് 6500 രൂപയും വെന്റിലേറ്രറോടു കൂടിയ ഐ.സി.യുവിന് 11,500 രൂപയുമാണ് നിരക്ക്. പി.പി.ഇ കിറ്റിനുള്ള ചാർജ്ജ് 1000 രൂപയാണ്. ഒരു ലക്ഷം രൂപയാണ് പരമാവധി ലഭിക്കുന്ന തുക.
തലസ്ഥാന ജില്ലയിൽ 215 സ്വകാര്യ ആശുപത്രികൾ ഉള്ളതിൽ 10 ആശുപത്രികൾ മാത്രമാണ് കൊവിഡ് ചികിത്സ നൽകാമെന്ന് സമ്മതിച്ചിട്ടുള്ളത്. എറണാകുളത്ത് 138 ആശുപത്രികളിൽ 20 എണ്ണം മാത്രമാണ് കാസ്പ് പദ്ധതി പ്രകാരം കൊവിഡ് ചികിത്സ ലഭ്യമാക്കാൻ സർക്കാരുമായി ധാരണയിൽ എത്തിയിട്ടുള്ളത്. സർക്കാർ ആശുപത്രികൾ അധികം ഇല്ലാത്ത പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് , കാസർകോട് ജില്ലകളിലെ ആശുപത്രികളിൽ അതുകൊണ്ടു തന്നെ സർക്കാരുമായി കൊവിഡ് ചികിത്സയ്ക്ക് വേണ്ടത്ര സഹകരിക്കുന്നില്ല. പത്തനംതിട്ടയിൽ 48 സ്വകാര്യ ആശുപത്രികളിൽ മൂന്നെണ്ണം മാത്രമാണ് കൊവിഡ് ചികിത്സയ്ക്ക് സർക്കാരുമായി ധാരണയുണ്ടാക്കിയിട്ടുള്ളത്. വയനാട് ജില്ലയിൽ 28ൽ ഒന്നും ഇടുക്കിയിൽ 32ൽ രണ്ടും കാസർകോട് 40ൽ രണ്ട് ആശുപത്രികളുമാണ് സർക്കാരിന്റെ കാസ്പുമായി സഹകരിക്കുന്നത്.
ആകെ 5666 കിടക്കകൾ
സർക്കാരുമായി സഹകരിക്കുന്ന 108 സ്വകാര്യ ആശുപത്രികളിലായി 5,666 കിടക്കകളാണ് കൊവിഡ് ചികിത്സയ്ക്കായുള്ളത്. 457 ഐ.സി.യു കിടക്കകൾ, 171 വെന്റിലേറ്ററുകൾ എന്നിവയും ഈ ആശുപത്രികളിൽ കൊവിഡ് രോഗികൾക്കായി മാറ്റിവച്ചിട്ടുണ്ട്.
800 കോടി
ഈ പദ്ധതി വഴി ഇതുവരെ സംസ്ഥാന സർക്കാർ നൽകിയത് 800 കോടി രൂപയുടെ സൗജന്യ ചികിത്സയാണ്. ആദ്യ വർഷത്തെ ഇൻഷുറൻസ് ദാതാക്കൾ റിലയൻസായിരുന്നു. ഇപ്പോൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.എച്ച്.എ) നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2019 - 20ൽ 9,61,389 പേർക്കും 2020 - 21ൽ 3,82,357 പേർക്കുമാണ് പദ്ധതിയിലൂടെ ചികിത്സ ലഭിച്ചത്. 2019 -20ൽ 221 സ്വകാര്യ ആശുപത്രികളും 190 സർക്കാർ ആശുപത്രികളുമാണ് പദ്ധതിയിലുണ്ടായിരുന്നത്. എസ്.എച്ച്.എ രൂപീകരിച്ചശേഷം 281 സ്വകാര്യ ആശുപത്രികൾ കൂടി ഭാഗമായി.