ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,118 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 482 പേരാണ് രോഗം കാരണം മരണമടഞ്ഞത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 94,62,809 ആയി. മരണമടഞ്ഞവരുടെ ആകെ എണ്ണം 1,37,621 ആയി. 88,89,585 പേർ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 42,282 പേർ രോഗമുക്തരായി. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 4,35,603 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും പ്രതിദിന രോഗനിരക്കിൽ കുറവ് വരാത്ത സംസ്ഥാനങ്ങളിൽ കേന്ദ്രം പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇന്നുമുതൽ കേന്ദ്രത്തിന്റെ പ്രത്യേക നിബന്ധനകൾ ഈ സംസ്ഥാനങ്ങളിൽ നിലവിൽ വരും. ഡിസംബർ 31 വരെ ഈ നിബന്ധനകൾ തുടരും. മാസ്ക് ധരിക്കാത്തവർക്കും കൊവിഡ് നിബന്ധനകൾ പാലിക്കാത്തവർക്കും പിഴ ചുമത്താനും ജനങ്ങൾ ഒത്തുചേരുന്ന ചന്ത പോലെയുളള ഇടങ്ങൾ ഒന്നിടവിട്ടുളള ദിവസങ്ങളിൽ നിബന്ധനകൾ പാലിച്ച് പ്രവർത്തിച്ചാൽ മതിയാകും. കൊവിഡ് കേസ് ലോഡ് വർദ്ധിക്കുന്ന ഇടങ്ങളിൽ അടച്ചിടാനുമാണ് കേന്ദ്ര നിർദ്ദേശം. കണ്ടെയിൻമെന്റ് സോണുകളിലെ ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. കണ്ടെയിൻമെന്റ് സോണുകളിൽ താമസിക്കുന്ന കടയുടമകളെയും ജീവനക്കാരെയും പൊതു ചന്തകളിൽ പ്രവേശിക്കാനും അനുവദിക്കില്ല.
പ്രതിദിന കൊവിഡ് കണക്ക് നോക്കിയാൽ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം രോഗികളുളളത്. 3837. രണ്ടാമത് ഡൽഹിയിലാണ് 3726. മൂന്നാം സ്ഥാനം കേരളത്തിനാണ് 3382. പ്രതിദിനം മരണമടഞ്ഞവരുടെ കണക്ക് നോക്കിയാൽ 24 മണിക്കൂറിനിടെ ഏറ്റവുമധികം പേർ മരണത്തിന് കീഴടങ്ങിയത് ഡൽഹിയിലാണ് 108. രണ്ടാമത് വരുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ് 80 പേർ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചു. 48 പേർ മരണമടഞ്ഞ പശ്ചിമ ബംഗാളാണ് മൂന്നാമത്. ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ചതും മരണനിരക്ക് കൂടുതലും മഹാരാഷ്ട്രയിലാണ്. 47,151 പേർ ഇവിടെ രോഗം ബാധിച്ച് മരണമടഞ്ഞു. രോഗം സ്ഥിരീകരിച്ചത് 18,23,896 പേർക്കാണ്. 1.1 കോടി ടെസ്റ്റുകളാണ് സംസ്ഥാനത്ത് നടത്തിയത്.