നടിയായും, റേഡിയോ ജോക്കിയായുമൊക്കെ തന്റെ കഴിവുകൾ തെളിയിച്ചയാളാണ് മീര നന്ദൻ.കുറച്ചുകാലമായി സിനിമകളിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും നടിയുടെ വിശേഷങ്ങളൊക്കെ അറിയാൻ ആരാധകർ ശ്രമിക്കാറുണ്ട്. ദിവസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റെ പിറന്നാൾ. ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് മീര എഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സ്വന്തം ചിത്രത്തിനൊപ്പമാണ് മീര കുറിപ്പ് പങ്കുവച്ചിരിക്കുന്നത്, ഇരുപതുകളിൽ തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റത്തെ കുറിച്ചും, പ്രണയത്തകർച്ചയെക്കുറിച്ചും കുറിപ്പിലൂടെ നടി തുറന്നുപറയുന്നു. തന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരുപാട് കാര്യങ്ങൾ പഠിക്കുകയും, പലതിലും ആദ്യ അനുഭവം നേടുകയും ചെയ്തിട്ടുണ്ടെന്ന് താരം പറയുന്നു.
'കോളജ് പൂർത്തിയാക്കി, ഒരു ഡിഗ്രി സ്വന്തമാക്കി. അതിനിടയിൽ അഭിനയത്തിലേക്കും കാലെടുത്തുവച്ചു. ദുബായിയിലേക്ക് താമസം മാറി. റേഡിയോയിൽ ഒരു കൈ നോക്കാൻ അവസരം കിട്ടി (ഇപ്പോൾ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും ഇതാണ്). ഒറ്റയ്ക്ക് ജീവിച്ചു. പ്രണയത്തിലായി, ഹൃദയത്തകർച്ചകൾ നേരിട്ടു. ആദ്യം സ്വയം സ്നേഹിക്കണമെന്ന് പഠിച്ചു. എന്തൊക്കെ സംഭവിച്ചാലും കുടുംബമാണ് പ്രധാനമെന്ന് മനസിലാക്കി. പുതിയ സുഹൃത്തുക്കളെ കിട്ടി. ഇപ്പോൾ കൊവിഡിലൂടെ കടന്നുപോകുന്നു. എന്നിരുന്നാലും മനോഹരമായ ദിനങ്ങൾ മുന്നിലുണ്ടെന്ന് അറിയുന്നു. എന്റെ ഇരുപതുകൾ നല്ലതായിരുന്നു, പക്ഷേ മുപ്പതുകൾ കൂടുതൽ മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'-നടി കുറിച്ചു.