ഭോപ്പാൽ:മുസ്ളീം മതത്തിലേക്ക് മാറണമെന്നാവശ്യപ്പെട്ട് ഭർത്താവ് നിന്തരം പീഡിപ്പിക്കുന്നു എന്ന യുവതിയുടെ പരാതിയെത്തുടർന്ന് മദ്ധ്യപ്രദേശിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഇർഷാദ് ഖാൻ എന്നയാളാണ് അറസ്റ്റിലായത്. മുസ്ളീം മതത്തിലേക്ക് മാറാനും ഉറുദു, അറബി ഭാഷകൾ പഠിക്കാനും ഭർത്താവും വീട്ടുകാരും നിർബന്ധിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി.
ഹിന്ദു കുടുംബത്തിലാണ് യുവതി ജനിച്ചത്. പ്രണയത്തിനൊടുവിൽ വീട്ടിൽ നിന്ന് ഒളിച്ചോടിയ യുവതി 2018 ലാണ് ഇർഷാദിനെ വിവാഹം കഴിച്ചത്. ഇസ്ളാമിക ആചാരങ്ങൾ അനുസരിച്ചായിരുന്നു വിവാഹം. ആദ്യമൊന്നും കുഴപ്പമില്ലാതെ പോയെങ്കിലും അല്പം കഴിഞ്ഞതോടെ പ്രശ്നങ്ങൾ തുടങ്ങി. ഇസ്ളാമിക രീതികൾ പിന്തുടരണമെന്നായിരുന്നു ഭർത്താവിന്റെയും വീട്ടുകാരുടെയും ആവശ്യം. ഇതിനെ എതിർത്തതോടെയാണ് പീഡിപ്പിക്കാൻ തുടങ്ങിയത്. കൊടിയ പീഡനം സഹിക്കവയ്യാതെ കഴിഞ്ഞദിവസം യുവതി സ്വന്തംവീട്ടിലേക്ക് പോയി. തുടർന്ന് മാതാപിതാക്കൾക്കൊപ്പം എത്തിയാണ് പരാതി നൽകിയത്. ഇതിനിടെ ഭാര്യയെ മതാപിതാക്കൾ ബലംപ്രയോഗിച്ച് തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഇർഷാദും പൊലീസിൽ പരാതി നൽകി. അത്തരത്തിലൊരു സംഭവമില്ലെന്ന് യുവതി അറിയിച്ചതോടെയാണ് ഇർഷാദിനെ അറസ്റ്റുചെയ്തത്. എം പി ധർമ്മ സ്വതന്ത്രത ആക്ട് 1968 പ്രകാരമാണ് ഇർഷാദിനെതിരെ കേസെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ വീട്ടുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഉത്തർപ്രദേശിന് പിന്നാലെ ബി ജെ പി ഭരിക്കുന്ന മദ്ധ്യപ്രദേശും ലൗ ജിഹാദിനെതിരെയുളള നിയമം പാസാക്കാനുളള നടപടികളുമായി മുന്നോട്ടുപോവുകയാണ്.