SignIn
Kerala Kaumudi Online
Friday, 22 January 2021 9.57 AM IST

എന്താണ് കിം കിം?മഞ്ജു വാര്യർ ആലപിച്ച ഗാനം

pic

സന്തോഷ് ശിവൻ ചിത്രത്തിൽ നായികയായി മാത്രമല്ല ഗായികയായും എത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. 'ജാക്ക് ആൻഡ് ജിൽ' ചിത്രത്തിൽ മഞ്ജു ആലപിച്ച ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'കിം കിം കിം' എന്ന ഗാനം ചർച്ചയായിരിക്കുകയാണ്. എന്താണ് ഈ കിം കിം കിം എന്നാണ് പലർക്കും അറിയേണ്ടത്. ഗാനത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ഗാനരചയിതാവ് ബി. കെ ഹരിനാരായണൻ.

ബി. കെ ഹരിനാരായണന്റെ കുറിപ്പ്:

എന്താണ് കിം കിം ? കിം ജോൻ യുങ്ങ് ആണോ ? കിം കി ഡുക് ആണോ ? അതോ വരിയൊപ്പിക്കാൻ വേണ്ടി എഴുതിയ അക്ഷരമാണോ ? എന്നൊക്കെ തമാശ രൂപേണയും അറിയാനുള്ള ആഗ്രഹം കൊണ്ടും പലരും ചോദിക്കുന്നുണ്ട്. അത്‌കൊണ്ട് എഴുതുന്നതാണ്. കിം എന്ന വാക്കിന് എന്തേ എന്നർത്ഥമുണ്ട് സംസ്‌കൃതഭാഷയിൽ. മേ എന്ന വാക്കിന് എനിയ്ക്കുവേണ്ടി, എനിയ്ക്ക് എന്നൊക്കെയാണ് അർത്ഥം വരുന്നത്. അപ്പോൾ മൊത്തം വരിയുടെ അർത്ഥം. എന്തേ എനിയ്ക്കു വേണ്ടി വരാത്തതെന്തേ എന്നാകും

സംസ്‌കൃതവും മലയാളവും ചേർത്ത ഒരു രീതിയിലാണ് ഈ വരിയുടെ ഘടന (മണിപ്രവാളം പോലെ എന്നു വേണമെങ്കിൽ പറയാം ) . പഴയ മലയാളം രചനകളിലും പഴയ കാല 'സംഗീതനാടക ' ത്തിലെ പാട്ടുകളിലുമൊക്കെ ഈ രീതി നിലനിന്നിരുന്നു.

pic

ജാക്ക് എൻ ജില്ലിന്റെ പാട്ടു ചർച്ചയിൽ , സന്തോഷേട്ടൻ പറഞ്ഞത് പഴയ കാലങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു പാട്ടുവേണമെന്നാണ്. ഞങ്ങൾ പല പാട്ടുകളിലൂടെ കടന്നുപോയി. അപ്പോഴാണ് 'ഒരിടത്ത് ' സിനിമയിൽ ജഗന്നാഥൻ സാറിന്റെ കഥാപാത്രം പാടിയ പഴയൊരു പാട്ടിന്റെ വരികളെ കുറിച്ച് ഞാൻ പരമർശിച്ചത് .അത് അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു .അങ്ങനെ അതിന്റെ ചുവടുപിടിച്ചു പോകാൻ തീരുമാനമായി

ഒരിടത്ത് എന്ന ചിത്രത്തിൽ അഭിനയിച്ച വേണുച്ചേട്ടനോട് ഇതേ കുറിച്ച് ചോദിച്ചു. അദ്ദേഹമാണ് ഈ പാട്ട് വൈക്കം എം മണി സർ പാടിക്കേട്ടിട്ടുണ്ടെന്ന് പറഞ്ഞത്. .ഒരു പ്രസിദ്ധീകരണത്തിന് വേണ്ടി വേണുച്ചേട്ടൻ മണി സാറിനെ ഇന്റർവ്യൂ ചെയ്തപ്പോൾ ഈ പാട്ടു പാടിയെന്നും ,ഈ കഥ പറഞ്ഞ് കേട്ടാണ് അരവിന്ദൻ സർ ചലച്ചിത്രത്തിൽ ഈ പാട്ടിന്റെ ഭാഗം ഉപയോഗിച്ചതും എന്നും വേണുച്ചേട്ടൻ പറഞ്ഞു.

രവിയേട്ടൻ ( രവി മേനോൻ ) വഴി വൈക്കം മണി സാറിന്റെ മകളും , ശ്രീകുമാരൻ തമ്പി സാറിന്റെ പത്നിയുമായ രാജി ചേച്ചിയോട് സംസാരിച്ചു . അങ്ങനെയാണ് ഇത് പാരിജാതപുഷ്പാഹരണം എന്ന നാടകത്തിൽ മണി സാർ പാടി അഭിനയിച്ചതാണെന്ന് അറിഞ്ഞത്. തിരുവനന്തപുരം ആകാശവാണി ലൈബ്രറയിൽ മണി സാർ പാടിയതിന്റെ റെക്കാഡ് ഉണ്ടെന്നാണ് ഒരു സുഹൃത്ത് വഴിയാണ് അറിയാൻ കഴിഞ്ഞത് . 'കാന്ത തൂകുന്നു തൂമണം' എന്നു തുടങ്ങുന്ന മേൽപ്പറഞ്ഞ പാട്ടിന്റെ രചയിതാവിനേ കുറിച്ചോ സംഗീത സംവിധായകനെ കുറിച്ചോ നാടകമുണ്ടായ വർഷത്തെ കുറിച്ചോ ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല... അന്വേഷണത്തിന്റെ പരിമിതി കൊണ്ടാണത് എന്നറിയാം. ആ അന്വേഷണം നടക്കട്ടെ. സംഗീത ലോകത്തിന് അത് കണ്ടെത്താൻ കഴിയട്ടെ എന്നാണ് വലിയ ആഗ്രഹം.

manju

പുല്ലും കല്ലും കട്ടയും നിറഞ്ഞ വയലുകളാണ് ഇത്തരം നാടകങ്ങൾ നടന്നിരുന്നത്. മിക്കപ്പോഴും തറയിൽ തന്നെ കാലടി നൊന്ത് കളിക്കണം പ്രത്യേകിച്ച് സ്റ്റേജ് ഒന്നും ഉണ്ടാവുകയില്ല . മൈക്കില്ല, പാടാൻ പിന്നണിക്കാരില്ല. ഉച്ചത്തിൽ തൊണ്ട പൊട്ടി പാടണം വലിയ ചലനങ്ങളോടെ ആടണം .കാരണം സദസ്സിന്റെ ഏറ്റവും പിന്നിലുള്ള കാണിക്കു വരെ പാടുന്നത് പറയുന്നത് എന്തെന്ന് കേൾക്കണം . നടനം മനസ്സിലാവണം. അതിന് വേദിയോട് വേദി തൊണ്ട പൊട്ടി കീറിയെ പറ്റൂ. ഇങ്ങനെയുള്ള പല കലാകാരൻമാർക്കും ജീവിത വസാനം നീക്കിയിരിപ്പായി ലഭിക്കുന്നത് മാരകമായ ക്ഷയരോഗമാണ്!

ആ ഒരു കാലത്തിന് ,അന്നത്തെ കലാകാരൻമാർക്ക് ,അവർ ജീവിതവും ചോരയും നീരും ഉഴിഞ്ഞു നൽകിയുണ്ടാക്കിയ നാടകങ്ങൾക്ക് ഉള്ള എളിയ സമർപ്പണമാണ് ഈ ഗാനം. കിം കിം എന്ന വാക്കിന് ഈ സിനിമയുമായി മറ്റൊരു ബന്ധം കൂടി ഉണ്ടെന്ന് സസ്‌പെൻസ്. ഇങ്ങനൊരു പാട്ടുണ്ടാവാൻ കാരണക്കാരനായ പ്രിയ സന്തോഷേട്ടനും(സന്തോഷ് ശിവൻ) രാമേട്ടനും ( രാം സുരേന്ദർ ) മഞ്ജു ചേച്ചിക്കും സ്‌നേഹം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.