വേനൽക്കാലത്ത് പൊതുവേ ശരീരബലം ക്ഷീണിതമായിരിക്കും. തുടർന്ന് മഴ ആരംഭിക്കുമ്പോഴും അതേ അവസ്ഥതയിൽ തന്നെയായിരിക്കും ശരീരം. ഇത്തരത്തിൽ കാലാവസ്ഥാ മാറ്റം ദുർബലപ്പെടുത്തിയിരിക്കുന്ന ശരീരത്തിന് രോഗപ്രതിരോധശേഷി കുറവായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ? ഇത് രോഗവ്യാപനം എളുപ്പത്തിൽ സാധ്യമാക്കും. അതുകൊണ്ടാണ് മഴക്കാലം പകർച്ചവ്യാധികളുടെ കാലം കൂടിയാകുന്നത്.
മനുഷ്യനും മറ്റു ജീവജാലങ്ങളും പ്രകൃതിയുമൊക്കെ പാഞ്ച ഭൗതിക നിർമ്മിതമാണ്. അതിനാൽ, പ്രകൃതിയിലെ ഓരോ ഘടകങ്ങളുടെയും ഏറ്റക്കുറച്ചിലുകൾ എല്ലാ ജീവജാലങ്ങളിലും ചലനങ്ങളുണ്ടാക്കുന്നു. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവ സന്തുലിതാവസ്ഥയിലായിരിക്കുമ്പോൾ മാത്രമേ ജീവജാലങ്ങൾക്കും ആ അവസ്ഥ പാലിക്കാൻ കഴിയൂ. ഇവയിൽ ഏതിലെങ്കിലുമുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളിൽ മാറ്റങ്ങൾ വരുത്തും. അവ രോഗങ്ങളെ ഉണ്ടാക്കുന്ന വിധം ശക്തി പ്രാപിക്കുന്നു.
എല്ലാത്തരം വ്യാധികളിലും പരിസര, വ്യക്തി ശുചിത്വത്തിന് പ്രാധാന്യമുണ്ട്. ഒരു വ്യക്തിയെ സംബന്ധിച്ച് ആരോഗ്യപൂർണ്ണമായ പരിസരം കൂടിയുണ്ടെങ്കിലെ രോഗങ്ങളെ, പ്രത്യേകിച്ച് പകർച്ചവ്യാധികളെ തടയുവാനാകൂ. പരിസരത്ത് രോഗകാരണങ്ങൾ അനേകമുണ്ടെങ്കിലും ഒരു വ്യക്തിയെ അത് ബാധിക്കുന്നത് അവരുടെ രോഗ പ്രതിരോധ ശേഷി കുറവായിരിക്കുമ്പോഴാണ്. ചുരുക്കിപ്പറഞ്ഞാൽ അന്തരീക്ഷത്തിലെ മാറ്റങ്ങൾ കൊണ്ട് മാത്രം ഒരാൾ രോഗിയാകണമെന്നില്ല. എന്നാൽ ആരോഗ്യത്തിനായി മാറ്റങ്ങൾക്കനുസരിച്ച് കരുതലോടെ ജീവിക്കേണ്ടി വരും.
ആരോഗ്യം നശിപ്പിക്കുന്ന രോഗങ്ങൾ കൂട്ടത്തോടെ വരുന്നുചേരുന്ന കാലമാണ് മഴക്കാലം. തണുപ്പ് കാലവും അങ്ങനെ തന്നെ. അതുകൊണ്ട് ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ, തൊണ്ടവേദന, തലവേദന, സൈനസൈറ്റിസ്, തുടർച്ചയായ തുമ്മൽ, ചുമ, ശ്വാസം മുട്ട്, താരൻ, ഡ്രൈ സ്കിൻ, ഉപ്പൂറ്റിയിലെ വെടിച്ചു കീറൽ, സോറിയാസിസ് തുടങ്ങിയ ചർമ്മ രോഗങ്ങൾ, സന്ധികളിൽ വേദന പ്രത്യേകിച്ച് മുട്ടിലും നടുവിനും കഴുത്തിലും വേദന, ഉളുക്ക് തുടങ്ങിയവയാണ് ഇക്കാലത്ത് വർദ്ധിക്കുന്ന രോഗങ്ങൾ.
മഴക്കാലത്ത് ദഹന പചനകാര്യങ്ങളിൽ ഉണ്ടാകുന്ന കുറവാണ് ഒരുവനെ രോഗിയാക്കുന്നത്. ദഹന പചനകാര്യങ്ങൾക്ക് തടസ്സമില്ലാത്തവിധം ജഠരാഗ്നിയെ (ഡൈജസ്റ്റീവ് എൻസൈംസ്) ഉത്തേജിതമാക്കുകയും, ശരീരോഷ്മാവ് നഷ്ടപ്പെടുത്താതെ സൂക്ഷിക്കുകയും ചെയ്താൽ മഴക്കാല രോഗങ്ങളിൽ നിന്നും രക്ഷ നേടാം.
പൊതുവിൽ
ശ്രദ്ധിക്കാൻ...
മധുരം, ഉപ്പ് ,പുളി എന്നീ രസങ്ങളുള്ള ആഹാരം കുറയ്ക്കണം. ഇവയിൽത്തന്നെ മഴക്കാലത്ത് പുളിരസം തീരെ ഒഴിവാക്കണം. പുളി,പച്ചമാങ്ങ, നാരങ്ങ, അച്ചാർ,പുളിയുള്ള ഓറഞ്ച് എന്നിവ മഴക്കാലത്ത് കഴിക്കുന്നത് നല്ലതല്ല. ഭക്ഷണത്തോടൊപ്പം ധാരാളം വെള്ളം കുടിക്കരുത്. ആഹാരത്തിനു തൊട്ടുമുമ്പ് വെള്ളം കുടിച്ചാൽ വിശപ്പ് കുറയും. ആഹാരത്തോടൊപ്പം ഇടയ്ക്കിടെ കുറേശ്ശെ വെള്ളം കുടിക്കുന്നതാണ് നല്ലത്.
കഞ്ഞി പോലെ ധാരാളം വെള്ളം ചേർത്ത് ഉണ്ടാക്കുന്ന ഭക്ഷണത്തേക്കാൾ, വെള്ളം കുറച്ച് ഉരുട്ടി കഴിക്കാവുന്ന വിധത്തിലുള്ള ഭക്ഷണമാണ് മഴക്കാലത്ത് നല്ലത്.
പഴക്കം ചെന്ന ഗോതമ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണം വളരെ നല്ലത്.
മാംസം കറിവച്ചത് ഉപയോഗിക്കാം. എന്നാൽ മാംസത്തിന്റെ അളവ് കുറച്ച് മാംസരസത്തിന് പ്രാധാന്യം നൽകേണ്ടതാണ്.
നെയ്യ് അല്പം ചേർത്ത് ഭക്ഷണം കഴിക്കാം. കുളി ദഹനത്തെ വർദ്ധിപ്പിക്കും. എന്നാൽ ആഹാരത്തിനു മുമ്പ് മാത്രമേ കുളിക്കാവൂ. തണുപ്പിനെ അകറ്റാനായി വാതരോഗമുള്ളവർ വെള്ളം ചൂടാക്കി കുളിക്കണം. തേൻ മഴക്കാലത്ത് നല്ലതാണ്. എന്നാൽ ചൂടാക്കിയോ,
ചൂടുള്ളവയോടൊപ്പം ചേർത്തോ ഉപയോഗിക്കരുത്.
മൈദയിലുണ്ടാക്കിയവയും എണ്ണയിൽ വറുത്തതും ബിസ്ക്കറ്റ്, ബേക്കറി സാധനങ്ങൾ, ടിൻ ഫുഡ് എന്നിവയും ദഹനത്തെ കുറയ്ക്കും. രാവിലെ വെറും വയറ്റിൽ ചായയോ കാപ്പിയോ മാത്രമായി കുടിയ്ക്കുന്നത് വിശപ്പ് കുറയ്ക്കും.
ചുവരുകൾ ഈർപ്പ രഹിതമായി സൂക്ഷിക്കണം. തുണികൾ നന്നായി ഉണക്കി വേണം ഉപയോഗിക്കാൻ. തണുപ്പേൽക്കാത്ത വസ്ത്രധാരണം നിർബന്ധം. പ്രത്യേകിച്ചും രാത്രിയിൽ എയർകണ്ടീഷൻ, ഫാൻ എന്നിവയുടെ ഉപയോഗം കുറയ്ക്കണം. തണുത്ത കാറ്റേൽക്കുന്ന വിധമുള്ള യാത്രകൾ ഒഴിവാക്കണം. കുടിക്കാനും കുളിക്കാനും ചൂടുവെള്ളമാണ് നല്ലത്. കുടിക്കാൻ ശുദ്ധജലം ഉറപ്പാക്കുക. പകലുറക്കം നല്ലതല്ല.
കൈകാലുകളിൽ മുറിവുള്ളവർ എലിയുടെ വിസർജ്ജ്യം കലരാൻ സാധ്യതയുള്ള വെള്ളം ഉപയോഗിക്കരുത്. മുൻകരുതലുകൾ സ്വീകരിക്കാതെ ജലാശയങ്ങളിൽ ഇറങ്ങി ജോലി ചെയ്യരുത്. കുറുക്കൻ വളർത്തുമൃഗങ്ങൾ എന്നിവയും എലിപ്പനി പകർത്താൻ കാരണമാകും. വീട്ടിൽ വളർത്തുന്നവയായാലും പട്ടി,പൂച്ച എന്നിവയെ അകറ്റി നിർത്തണം.
കൊതുകുകളുടെ പ്രജനനം തടയാണ കൂട്ടായ പരിശ്രമം വേണം. കയ്പ്പ്, എരിവ്, ചൂട് എന്നിവയുള്ള ഭക്ഷണം ഉപയോഗിക്കണം.
രാമച്ചം, പതിമുഖം, നറുനീണ്ടി ഇട്ട് തിളപ്പിച്ച വെള്ളമോ, കരിക്കിൻ വെള്ളമോ മഴക്കാലത്ത് കുടിക്കാൻ നല്ലതല്ല. ജീരകം,ചുക്ക്, അയമോദകം ഇവയിട്ട് തിളപ്പിച്ച വെള്ളമോ, ചൂടുവെള്ളമോ കുടിക്കാൻ ഉപയോഗിക്കണം. തണുപ്പിച്ചവ ഒഴിവാക്കണം. ചുക്ക് കാപ്പി തയ്യാറാക്കി രണ്ട് നേരം കുടിക്കണം.
ചർമ്മ രോഗങ്ങൾ
ഉപ്പൂറ്റിയും ചുണ്ടും വിണ്ടുകീറൽ, ത്വക്കിന്റെ രൂക്ഷത കൂടുക, നിറവ്യത്യാസം, ചൊറിച്ചിൽ തുടങ്ങി പലതും ഈ കാലാവസ്ഥയിൽ ചർമ്മത്തിൽ കാണുന്ന പ്രശ്നങ്ങളാണ്. പ്രമേഹം, കരൾ രോഗങ്ങൾ, അലർജി , അധികമായി തണുപ്പേൽക്കുക, ജന്മനാ വരണ്ട ചർമ്മം എന്നിവ ഈ ബുദ്ധിമുട്ടുകൾക്ക് കാരണമാകുകയും നിലവിലുള്ളതിനെ വർദ്ധിപ്പിക്കുകയും ചെയ്യും.
ഇത്തരം ബുദ്ധിമുട്ടുകൾ വർഷാവർഷം ഉണ്ടാകുന്നവർ തണുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചികിത്സ തുടങ്ങുന്നത് നല്ലതാണ്. തണുപ്പ് തീരുംവരെ വളരെ ശ്രദ്ധ ചെലുത്തുകയും വേണം.
ചുണ്ടും പാദവും ഉൾപ്പെടെ വെടിച്ചുകീറി പലപ്പോഴും ചോര വരികയോ, അണുബാധ ഉണ്ടാകുകയോ ചെയ്യും. രൂക്ഷതയേറിയ ത്വക്കിനെ മരുന്നുകൾ പുരട്ടിയും മറ്റും ഈർപ്പമുള്ളതാക്കുകയും പാദങ്ങൾ സൂക്ഷ്മതയോടെ ഉരച്ചു കഴുകുകയും രോഗത്തിന്റെ തീവ്രതയനുസരിച്ച് മരുന്നുകൾ ഉപയോഗിക്കുകയും ചെയ്താൽ പരിപൂർണ്ണമായും ഭേദപ്പെടുത്താം. പാദമുരയ്ക്കുന്നത് വളരെ സൂക്ഷിച്ചുവേണം. പ്രത്യേകിച്ചും പ്രമേഹരോഗികൾ.
പാദം കഴുകിത്തുടച്ച് ചെറിയ ഈർപ്പമുള്ളപ്പോൾ തന്നെ മരുന്ന് പുരട്ടുകയാണ് വേണ്ടത്. ചുണ്ടുകളിൽ വെളിച്ചെണ്ണ പുരട്ടിയാൽ മതിയാകും.
മഴയ്ക്കൊപ്പം മഞ്ഞ് കാലവും കൂടിയാകുമ്പോൾ സോറിയാസിസ് വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്.
പാലും തൈരും പുളിയും തണുപ്പും സൈനസൈറ്റിസിനെ വർദ്ധിപ്പിക്കും.