ഗുവാഹത്തി: ലേഡീസ് ഹോസ്റ്റലിലെത്തിയ 'ഭീകരനെ' മയക്കുവെടിവച്ച് കുടുക്കി വനംവകുപ്പ് അധികൃതർ. ഗുവാഹത്തിയിലെ ബെങ്കേരരാബാരിയിലുള്ള ഹോസ്റ്റലിൽ കയറിയ പുള്ളിപ്പുലിയെയാണ് സാഹസികമായി പിടികൂടിയത്. ഇന്നലെയായിരുന്നു സംഭവം.
തുണികൾ ഇട്ടിരുന്ന ഒരു സോഫയുടെ അടിയിലാണ് പുലി കിടന്നിരുന്നത്. വസ്ത്രങ്ങൾ എടുക്കാനെത്തിയ ഒരു പെൺകുട്ടി പുലിയുടെ കുറച്ചുഭാഗം മാത്രമേ കണ്ടുള്ളു. തുണിയാണെന്ന് കരുതി എടുക്കാൻ നോക്കിയപ്പോഴാണ് കാര്യം മനസിലായത്. ഉടൻ നിലവിളിക്കുകയും, മറ്റൊരു മുറിയിൽ കയറി വാതിൽ അടയ്ക്കുകയും ചെയ്തു.
ഈ സമയം ഹോസ്റ്റിലിന്റെ ഉടമസ്ഥ ഉൾപ്പെടെ 15 പേരാണ് അവിടെ ഉണ്ടായിരുന്നത്. ഇവർ ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. അധികൃതർ എത്തി പല വഴികൾ നോക്കിയെങ്കിലും പുള്ളിപ്പുലിയെ പിടിക്കാൻ കഴിയാതെ വന്നതോടെ മയക്കുവെടി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
വെടിയേറ്റ പുലി സമീപത്തെ കെട്ടിടത്തിലേക്ക് ചാടാൻ ശ്രമിച്ചു. നാലുമണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കൂട്ടിലാക്കിയത്. നിലവിൽ അസമിലെ സംസ്ഥാന മൃഗശാലയിലാണ് പുലി ഉള്ളത്. പരിശോധനകൾക്ക് ശേഷം കാട്ടിൽ വിടാനാണ് അധികൃതരുടെ തീരുമാനം.