ലഖ്നൗ: മാദ്ധ്യമപ്രവർത്തകനെയും സുഹൃത്തിനെയും മദ്യം നൽകി മയക്കിയ ശേഷം കൊലപ്പെടുത്തി. വീടിന് ചുറ്റും സാനിറ്റൈസർ ഒഴിച്ച് കത്തിച്ചായിരുന്നു പ്രതികൾ കൊലപാതകം നടത്തിയത്. ഉത്തർപ്രദേശിലെ ബൽറാംപൂരിലാണ് സംഭവം. നാടിനെ നടുക്കിയ സംഭവത്തെ തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് മൂന്ന് പേരെ പിടികൂടി. മാദ്ധ്യമ പ്രവർത്തകനായ രാകേഷ് സിംഗ് (35) ഇയാളുടെ സുഹൃത്ത് പിന്റു സാഹു എന്നിവരാണ് മരണമടഞ്ഞത്.
സംഭവത്തിന് കാരണക്കാരായ ലളിത് മിശ്ര, കേശവാനന്ദ് മിശ്ര,അക്രം അലി എന്നിവർ രാകേഷിനും പിന്റുവിനും മദ്യം നൽകി മയക്കി കിടത്തിയ ശേഷം വീട് സാനിറ്റൈസർ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് കേസ് അന്വേഷിച്ച ബൽറാംപൂർ എസ്.പി ദേവ്രഞ്ജൻ വെർമ പറഞ്ഞു. കേസിലെ പ്രതിയായ കേശവാനന്ദ് മിശ്രയുടെ അമ്മ ഗ്രാമമുഖ്യയായിരുന്നു. ഇവർ ഗ്രാമവികസന ഫണ്ടിൽ നടത്തിയ തിരിമറികൾ രാകേഷ് സിംഗ് വാർത്തയാക്കിയതിനെ തുടർന്ന് പ്രതികൾക്ക് രാകേഷുമായി വ്യക്തിവിരോധമുണ്ടായിരുന്നു.
രാകേഷുമായി അനുരഞ്ജന ചർച്ചയ്ക്കെത്തിയ ഇവർ രാകേഷിനും ചങ്ങാതി പിന്റുവിനും മദ്യം നൽകി. അമിതമായി മദ്യപിച്ച അവർ ബോധരഹിതരായതും പ്രതികൾ പുറത്തിറങ്ങി വീടിന് തീവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ പിന്റു മരണമടഞ്ഞു. 90 ശതമാനം പൊളളലേറ്റ രാകേഷ് സിംഗ് ചികിത്സയിലിരിക്കെ മരിച്ചു. സംഭവം നടക്കുമ്പോൾ രാകേഷ് സിംഗിന്റെ ഭാര്യയും കുട്ടികളും സ്ഥലത്തുണ്ടായിരുന്നില്ല.
മരണമടഞ്ഞ രാകേഷ് സിംഗിന്റെ കുടുംബത്തിന് ജില്ലാ ഭരണകൂടം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. ഇയാളുടെ രണ്ട് മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.