വുഹാൻ: ചൈനീസ് നഗരമായ വുഹാനിലാണ് കൊവിഡ് ആദ്യം പൊട്ടിപ്പുറപ്പെട്ടത്. ചൈനീസ്
ലാബിൽ നിന്നോ, മാർക്കറ്റിൽ നിന്നോ ആകാം മഹാമാരിയുടെ ഉത്ഭവമെന്നും ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ തങ്ങൾക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞു കൊണ്ടിരിക്കുകയാണെന്ന് മാത്രമല്ല, മറ്റ് രാജ്യങ്ങളെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമം കൂടിയാണ് ചൈനീസ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
മഹാമാരി പൊട്ടിപ്പുറപ്പെട്ട് ഒരു വർഷത്തിനിപ്പുറം അവിശ്വസനീയമായ പല മാറ്റങ്ങൾക്കുമാണ് വുഹാൻ സാക്ഷ്യം വഹിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. പ്രിയപ്പെട്ടവരുടെ വിയോഗം പലതും മാറ്റി ചിന്തിക്കാൻ ജനതയെ പ്രേരിപ്പിച്ചു.മാംസം ഇല്ലെങ്കിൽ ഭക്ഷണം തൊട്ടുപോലും നോക്കാത്ത ചിലർ സസ്യാഹാരം മാത്രം കഴിക്കാൻ ആരംഭിച്ചു.
വുഹാൻ സ്വദേശിയായ ലിയു പിയാൻ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ തന്റെ ബിസിനസ് എല്ലാം അവസാനിപ്പിച്ച് ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തു.ലിയുവിന്റെ എഴുപത്തെട്ടുകാരനായ പിതാവ് കഴിഞ്ഞ ജനുവരിയിലാണ് മരിച്ചത്. വുഹാന്റെ ഗ്രെയിൻ ബ്യൂറോയുടെ മുൻ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായിരുന്നു അദ്ദേഹം. പതിവ് ആരോഗ്യപരിശോധനയ്ക്കായിട്ടാണ് ആശുപത്രിയിൽ പോയത്. കൊവിഡ് പരിശോധന കിറ്റുകൾ കുറവായതിനാൽ രോഗം കൃത്യസമയത്ത് തിരിച്ചറിയാൻ കഴിഞ്ഞില്ല.
ഏകദേശം പത്ത് മാസം മുമ്പാണ് സോങ് ഹന്നെംഗ് എന്നയാളുടെ മകൻ കൊവിഡ് ബാധിച്ച് മരിച്ചത്. അദ്ദേഹത്തിന് ഇപ്പോഴും സമാധാനമായി ഉറങ്ങാനോ, ഭക്ഷണം കഴിക്കാനോ സാധിക്കുന്നില്ല. വൈറസ് ബാധയെ ഭയന്ന് സുഹൃത്തുക്കളും ബന്ധുക്കളും തങ്ങളുടെ കുടുംബത്തെ ഒഴിവാക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
തങ്ങളുടെ ഭരണാധികാരികൾ പറയുന്നതെല്ലാം വിശ്വസിച്ചുകൊണ്ടിരുന്നവർ ഇപ്പോൾ അവരെ കുറ്റപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. സ്വന്തം രാജ്യത്തെ ജനങ്ങളോട് പോലും കൊവിഡിനെക്കുറിച്ച് പറയാതെ മൂടിവച്ചതാണ് സ്ഥിതി ഇത്രയും വഷളാകാൻ കാരണമെന്ന് ചിലർ വിമർശിക്കുന്നു. അറുപത്തേഴുകാരനായ സോങ് അദ്ധ്യാപികയായ മകൻ പെംഗ് യിയുടെ മരണത്തിന് കാരണം അധികൃതരാണെന്ന് കുറ്റപ്പെടുത്തുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പലരും വിഷാദരോഗത്തിന്റെ വക്കിലാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.