കോട്ടയം: ഈർക്കിലിയിൽ ചുയിംഗ് ഗം വച്ച് നേർച്ചപ്പെട്ടികളിൽ നിന്ന് പണം അപഹരിച്ചു വന്ന മല്ലികശേരി ജോസഫ് (46) അറസ്റ്റിൽ. തീക്കോയി പള്ളിയിലെ നേർച്ചപ്പെട്ടിയിലെ പണം അപഹരിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് ഒരുക്കിയ കെണിയിലാണ് ഇന്ന് പുലർച്ചെ ഇയാൾ അകപ്പെട്ടത്. പള്ളിയിൽനിന്ന് അപഹരിച്ച പണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വിളക്കുമാടം സ്വദേശിയായ കക്കാണിയിൽ ജോഷി എന്നറിയപ്പെടുന്ന മല്ലികശേരി ജോസഫ് പള്ളികളിൽ നിന്നും അമ്പലങ്ങളിൽ നിന്നും ഇത്തരത്തിൽ മോഷണം നടത്തുന്നത് പതിവാണ്. വിളക്കുമാടം പള്ളിയിൽ കയറി നേർച്ചപ്പെട്ടിയിൽ നിന്ന് കമ്പിൽ ചുയിംഗ് ഗം വച്ച് നോട്ടുകൾ വലിച്ചെടുക്കുന്നത് പള്ളിയിൽ സ്ഥാപിച്ചിരുന്ന സി.സി ടിവിയിൽ പതിഞ്ഞിരുന്നു. ഇതേത്തുടർന്ന് വികാരി ഈരാറ്റുപേട്ട പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് പാലാ ഡിവൈ.എസ്.പി സാജു വർഗീസ് ഇയാളെ കുടുക്കാൻ പ്രത്യേക പൊലീസുകാരെ നിയോഗിച്ചിരുന്നു.
വീണ്ടും പണം എടുക്കാൻ വരുമെന്ന പ്രതീക്ഷയിൽ പള്ളിയിൽ മഫ്റ്റിയിലെത്തി പൊലീസ് കാവൽ ഇരുന്നാണ് ഇയാളെ കുടുക്കിയത്. പണം എടുക്കുന്നതിനിടയിൽ തന്നെ ഇയാളെ കൈയോടെ പൊക്കി. പത്തുവർഷം മുമ്പ് തിടനാട്ടിൽ നടന്ന ഒരു കൊലപാതക കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. അടുത്തയിടെ 15ലധികം പള്ളികളിൽ നിന്നും മൂന്ന് അന്പലങ്ങളിൽ നിന്നും ഇയാൾ ഇത്തരത്തിൽ പണം അപഹരിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു.