ചെന്നൈ: വണ്ണിയാർ സമുദായത്തിന് സർക്കാർ ജോലിയിലും പഠനത്തിലും 20 ശതമാനം സംവരണം ആവശ്യപ്പെട്ട് ചെന്നൈയിൽ പാട്ടാളി മക്കൾ കച്ചി (പി.എം.കെ) നടത്തിയ സമരത്തിൽ വ്യാപകമായി ബസ്, ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കൊല്ലത്ത് നിന്നും ചെന്നൈയിലേക്ക് വരികയായിരുന്ന അനന്തപുരി എക്സ്പ്രസ് ട്രെയിനിന് നേരെ സമരക്കാർ കല്ലെറിഞ്ഞു. ഇതിനെ തുടർന്ന് വണ്ടല്ലൂരിനും താമ്പരത്തിനുമിടയിൽ വണ്ടി നിർത്തിയിടേണ്ടി വന്നു. കല്ലേറിൽ ട്രെയിനിന്റെ ചില്ലുകൾ തകർന്നിട്ടുണ്ട്.സൈദാപേട്ടിൽ ബസുകൾ തടഞ്ഞ് നിർത്തി സമരക്കാർ ഗതാഗത തടസമുണ്ടാക്കി.
നഗരത്തിലേക്ക് സമരവുമായി പ്രവേശിക്കുന്നത് തടഞ്ഞതോടെ പെരുങ്കുളത്തൂരിൽ സമരക്കാർ വാഹനഗതാഗതം പൂർണമായി തടഞ്ഞു. എന്നാൽ രണ്ട് മണിക്കൂറിനകം സമരക്കാരെ നീക്കി ഗതാഗതം പഴയപടിയാക്കിയെന്ന് പൊലീസ് അറിയിച്ചു. പി.എം.കെ നേതാവ് അൻപുമണി രാമദോസിന്റെ നേതൃത്വത്തിലാണ് സമരക്കാർ ചെന്നൈ നഗരത്തിലെത്തിയത്. ചെന്നൈയിൽ വണ്ടല്ലൂരിനും പെരുങ്കളത്തൂരിനുമിടയിൽ റോഡ് ഗതാഗതം ഏറെനേരം സമരക്കാർ തടസപ്പെടുത്തി. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് പി.എം.കെയുടെ സമരത്തിന് അനുമതി നൽകിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
മുൻ സർക്കാരുകളും നിലവിൽ ഭരിക്കുന്ന എ.ഐ.എ.ഡി.എം.കെ സർക്കാരും വണ്ണിയാർ സമുദായത്തിന് വേണ്ട പരിഗണന നൽകുന്നില്ലെന്ന് ആരോപിച്ചാണ് പാർട്ടി സമരവുമായി രംഗത്തെത്തിയത്.