തിരുവനന്തപുരം: ബിജു രമേശിന്റെ കോഴ ആരോപണത്തെ തുടർന്ന് ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവിനെതിരെയുളള വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകി. അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം ഷാജിയ്ക്കെതിരായ അന്വേഷണത്തിനും സ്പീക്കർ അനുമതി നൽകിയിട്ടുണ്ട്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കും കോഴ നൽകിയിരുന്നു എന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് അന്ന് എം.എൽ.എയായിരുന്ന ചെന്നിത്തലയ്ക്കെതിരെ അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് സ്പീക്കറുടെ അനുമതി തേടിയത്. മുൻപ് അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണം എന്ന അഭിപ്രായം ഉയർന്നതിനെ തുടർന്ന് നിയമോപദേശം തേടിയ ശേഷമാണ് ആഭ്യന്തരവകുപ്പ് സ്പീക്കറുടെ അനുമതി തേടിയാൽ മതി എന്ന് തീരുമാനിച്ചത്. ബാറുകളുടെ ലൈസൻസ് ഫീസ് കൊടുക്കാൻ അന്ന് ചെന്നിത്തലയ്ക്കും കോഴ നൽകിയെന്നാണ് ബിജു രമേശ് പറഞ്ഞത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം ഷാജിയ്ക്കെതിരെ അന്വേഷണത്തിന് കോഴിക്കോട് വിജിലൻസ് കോടതി അനുമതി നൽകിയതിനെ തുടർന്നാണ് സ്പീക്കറുടെ അനുമതിയ്ക്കായി അപേക്ഷിച്ചത്. ഇതിലാണ് ഇന്ന് അനുവാദം ലഭിച്ചിരിക്കുന്നത്. വി.ഡി സതീശൻ, അൻവർ സാദത്ത് എന്നീ പ്രതിപക്ഷ എം.എൽ.എമാർക്കെതിരായും അന്വേഷണത്തിന് സ്പീക്കറുടെ അനുമതി തേടിയിരിക്കുകയാണ് ആഭ്യന്തരവകുപ്പ്. ഇതിൽ വി.ഡി സതീശനെതിരായ പുനർജനി കേസിൽ കൂടുതൽ വിവരങ്ങൾ സ്പീക്കർ ആരാഞ്ഞു.