സാമുവൽ ലിറ്റിൽ... ഭൂമിയിലെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലർമാരിൽ ഒരാൾ. അമേരിക്കക്കാർക്ക് ഈ പേര് കേൾക്കുമ്പോൾ തന്നെ പൈശാചികമായ എന്തിനെയോ ആണ് ഓർമ വരിക. 40ലേറെ വർഷമാണ് ഇരകളെ കൊന്നുതള്ളി നിയമത്തിന്റെ കണ്ണിൽപ്പെടാതെ അമേരിക്കൻ തെരുവുകളിലൂടെ അയാൾ അലഞ്ഞത്.
പൊതുവെ മോഷ്ടാവും ക്രിമിനലുമായിരുന്നെങ്കിലും സാമുവൽ ലിറ്റിൽ ചെയ്തുകൂട്ടിയ ക്രൂരമായ കൊലപാതകങ്ങൾ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. 2012ൽ ഒരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെയാണ് ഡി.എൻ.എ ടെക്നോളജിയുടെ സഹായത്തോടെ ലിറ്റിലിനുള്ളിലെ പിശാചിനെ തിരിച്ചറിഞ്ഞത്.
തെളിയാത്ത കൊലകൾ
ഇപ്പോൾ ലിറ്റിലിന് 80 വയസുണ്ട്. 93 കൊലപാതകങ്ങളാണ് താൻ ചെയ്തതെന്ന് ലിറ്റിൽ പറയുന്നു. എല്ലാം സ്ത്രീകൾ. 30 വർഷം കൊണ്ട് 19 യു.എസ് സ്റ്റേറ്റുകളിലായി നടന്ന അതിക്രൂരമായ കൊലപാതക പരമ്പരകൾ. ലിറ്റിൽ ഒരു മനുഷ്യൻ തന്നെയാണോ എന്ന് ചിലപ്പോൾ തോന്നിപ്പോകും. പ്രായം തളർത്താത്ത അപാര ഓർമ ശക്തിയാണ് അയാൾക്ക്. താൻ കൊന്ന ഓരോ ഇരയുടെയും ചിത്രങ്ങൾ അയാൾ ഇപ്പോഴും വരയ്ക്കും. അതും കിറുകൃത്യമായി. തന്റെ ഇരകളായി മാറിയ സ്ത്രീകളിലേക്ക് തന്നെ ആകർഷിച്ചത് എന്താണെന്നും അവരുടെ രൂപം എങ്ങിനെയായിരുന്നുവെന്നും ലിറ്റിൽ ഇപ്പോഴും വ്യക്തമായി പറയുന്നു.
പക്ഷേ, ലിറ്റിൽ എല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നു പറഞ്ഞിട്ടും അവർ ആകെ ധർമ സങ്കടത്തിലാണ്. ലിറ്റിലിന്റെ കൊലപാതകങ്ങൾ അവർക്ക് തെളിയിക്കാൻ കഴിയുന്നില്ല എന്നതുതന്നെ കാരണം. ചുരുങ്ങിയത് 50ഓളം കൊലപാതങ്ങളിൽ മാത്രമാണ് പൊലീസിന് തുമ്പുണ്ടാക്കാൻ കഴിഞ്ഞത്.
പല കൊലപാതകങ്ങളും ദശാബ്ദങ്ങൾ മുമ്പ് നടന്നതാണ്, കാണാതായ സ്ത്രീകളെ പറ്റി ക്ലോസ് ചെയ്ത പല കേസുകളും റീ-ഓപ്പൺ ചെയ്ത് അന്വേഷണം ആരംഭിച്ചു. ലിറ്റിൽ എന്ന സീരിയൽ കില്ലർ അതിവിദഗ്ദമായാണ് ഓരോ കൊലയും നടത്തിയിരുന്നത്. ഒരു ഈച്ചയ്ക്ക് പോലും കൊല തെളിയിക്കാൻ കഴിയാത്തത്ര സൂഷ്മതയിൽ. ലിറ്റിൽ നടത്തിയ കുറ്റസമ്മതം 100 ശതമാനം വിശ്വസനീയമാണെന്നാണ് എഫ്.ബി.ഐ പറയുന്നത്.
കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക്...
1940 ജൂൺ 7ന് ജോർജിയയിലെ റെയ്നോൾഡ്സിൽ ആണ് ലിറ്റിലിന്റെ ജനനം. ഏകദേശം ഏഴ് വയസു മുതൽ തന്നെ ലിറ്റിലിന്റെ മനസിലെ ക്രിമിനൽ ഉണരാൻ തുടങ്ങിയിരുന്നു. വേശ്യ ആയിരുന്ന അമ്മ ചെറുപ്പത്തിൽ തന്നെ ലിറ്റിലിനെ ഉപേക്ഷിച്ചിരുന്നു. പിന്നീട് ബന്ധുക്കളോടൊപ്പം ഒഹായോയിലാണ് വളർന്നത്. വളർന്ന സാഹചര്യമാണ് ലിറ്റിലിനെ ഒരു ക്രിമിനലാക്കി മാറ്റിയത്. ബാല്യത്തിൽ തന്നെ പരിഹാസവും ഒറ്റപ്പെടുത്തലുകളും.
സഹപാഠികൾ പോലും ലിറ്റിലിനെ അവഗണിച്ചു. 13 വയസിൽ സൈക്കിൾ മോഷണത്തിലൂടെയാണ് ലിറ്റിൽ കുറ്റകൃത്യങ്ങളുടെ ലോകത്ത് സജീവമായത്. ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുള്ള ലിറ്റിൽ പുറത്തിറങ്ങി വീണ്ടും മോഷണം തുടർന്നു. ഡെൻവർ, ഫിലാഡെൽഫിയ, ലോസ് ആഞ്ചലസ്, ഫീനിക്സ്, അങ്ങനെ യു.എസിലെ ഒട്ടുമിക്ക നഗരങ്ങളിൽ നിന്നും അടിപിടിയ്ക്കും മോഷണത്തിനും മയക്കുമരുന്ന് കടത്തിനും ഉൾപ്പെടെ നിരവധി തവണ ലിറ്റിൽ അറസ്റ്റിലായിട്ടുണ്ട്. ആഴ്ചകൾ മുതൽ വർഷങ്ങളോളം പല തവണയും ജയിലിൽ കിടന്നു.
ജയിലിൽ കിടക്കുമ്പോൾ ചിത്രരചനയിലും ലിറ്റിലിന് കമ്പമുണ്ടായിരുന്നു. ജയിൽ ഭിത്തികളിൽ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റേത് അടക്കം നിരവധി ചിത്രങ്ങൾ ലിറ്റിൽ വരച്ചിരുന്നു. 30ലേറെ തവണയാണ് ലിറ്റിൽ ജയിലിൽ കിടന്നത്.
തെളിവുകൾ അവശേഷിക്കാതെ...
മേരി ബ്രോസ്ലി എന്ന 33 കാരിയായിരുന്നു ലിറ്റിലിന്റെ ആദ്യ ഇര. 1971 ലായിരുന്നു ഇത്. മയക്കുമരുന്നിന് അടിമയായവർ, ലൈംഗിക തൊഴിലാളികൾ, വീടുകളിൽ നിന്നും അകന്ന് കഴിയുന്നവർ എന്നിങ്ങനെയുള്ള സ്ത്രീകളെയാണ് ലിറ്റിൽ ഉന്നംവച്ചത്. അതുകൊണ്ട് തന്നെ അവരുടെ മരണവും കാണാതാകലും ചർച്ചയായില്ല. താൻ കൊന്നതിൽ 68 സ്ത്രീകൾ കറുത്ത വംശജർ ആയിരുന്നുവെന്നാണ് ലിറ്റിൽ പറയുന്നത്.
ഒരു സ്പെയിൻകാരിയും ഒരു റെഡ് ഇന്ത്യക്കാരിയും ഒരു ട്രാൻസ്ജെന്റർ വനിതയും ലിറ്റിലിന്റെ ഇരകളിൽ പെടുന്നു. മാനസിക വിഭ്രാന്തിയുള്ള സ്ത്രീകളും ലിറ്റിലിന്റെ ഇരകളായി. ഒരു സ്ത്രീയെ ഉന്നംവച്ച് കഴിഞ്ഞാൽ അവരെ വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷമാണ് ലിറ്റിൽ കൊലപ്പെടുത്തിയിരുന്നത്. അതിന് വഴങ്ങാത്തവരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.
ഇരകളെ മുറിവേൽപ്പിക്കാതെ അടിച്ചു ഇടിച്ചും ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചുമായിരുന്നു ലിറ്റിൽ കൊന്നത്. ബോക്സിംഗിൽ പരിശീലനം ലഭിച്ചയാൾ കൂടിയായിരുന്നതിനാൽ കാര്യങ്ങൾ എളുപ്പമാക്കി. മറ്റൊരു കാര്യം, കൊലപ്പെടുത്തി ആഴ്ചകൾക്ക് ശേഷമാണ് ലിറ്റിലിന്റെ ഇരകളുടെ മൃതദേഹം കണ്ടെത്തിയിട്ടുള്ളതെന്നതാണ്. പലതും അഴുകിയ നിലയിൽ. അതുകൊണ്ട് തന്നെ അവരുടെ ശരീരത്തിൽ ചതവിന്റെ നേരിയ പാടുണ്ടെങ്കിൽ പോലും കണ്ടെത്താൻ കഴിയാതെ പോയി.
പലതും കൊലപാതകമാണെന്ന് പോലും കണ്ടെത്താനാകാതെയും പോയി. ചിലതാകട്ടെ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ഓവർഡോസ് മരണമാണെന്ന് വിധിയെഴുതി. 2005ലായിരുന്നു ലിറ്റിൽ അവസാന കൊല നടത്തിയത്. 2014ലും 2018ലുമായി കോടതി വിധിച്ച നാല് കൊലപാതകങ്ങളുടെ ജീവപര്യന്തം ശിക്ഷയാണ് ലിറ്റിൽ ഇപ്പോൾ അനുഭവിച്ചു വരുന്നത്.
ലിറ്റിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞ 50 ലേറെ കേസുകളിൽ അന്വേഷണം തുടരുകയാണ്. വർഷങ്ങൾക്കു മുമ്പ് തങ്ങൾ അവഗണിച്ച പല കേസുകളും വീണ്ടും വെളിച്ചത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡി.എൻ.എ പരിശോധന അടക്കം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് ലിറ്റിലിന്റെ 'അറിയപ്പെടാത്ത ഇരകളെ' കണ്ടെത്താനുള്ള ശ്രമത്തിലാണ് അവർ.