എൽ. ഡി. എഫ് പ്രകടന പത്രിക പുറത്തിറക്കി
കോട്ടയം: യു.ഡി.എഫിൽ നിന്നു പുറത്തു ചാടിയ കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ മുന്നിൽ നിറുത്തിയുള്ള പോരാട്ടത്തിൽ ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ അഞ്ചു വർഷത്തെ സമഗ്ര വികസന പദ്ധതികളടങ്ങിയ പ്രകടന പത്രിക ഇടതു മുന്നണി പുറത്തിറക്കി. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ഒരു ലക്ഷം പേർക്കും കാർഷികേതരമേഖലയിൽ അരലക്ഷം പേർക്കും തൊഴിൽ നൽകുമെന്ന പ്രഖ്യാപനമാണ് പ്രകടന പത്രികയിൽ പ്രധാനം. തരിശ് റബർ കൃഷി ഭൂമിയിൽ മറ്റു കൃഷികൾ ആരംഭിക്കും. ഉത്പാദന മേഖല, പശ്ചാത്തല മേഖല, സേവന മേഖല എന്നിങ്ങനെ തിരിച്ചുള്ള സമഗ്ര വികസന പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ എം.ടി .ജോസഫ് , സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ എന്നിവർ പറഞ്ഞു.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ
ഐ.ടി പാർക്ക് കെ.ഫോൺ പദ്ധതിയുമായി ലിങ്ക് ചെയ്യും.
തരിശുരഹിത, ഭവന രഹിത കോട്ടയം യാഥാർത്ഥ്യമാക്കും.
ക്ഷീരവികസനത്തിനും മൃഗസംരക്ഷണത്തിനും പ്രാധാന്യം.
ജില്ലയിലെ കുടുംബശ്രീ പ്രവർത്തനങ്ങൾ ശാക്തീകരിക്കും.
എല്ലാ താലൂക്കിലും വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ
എല്ലാവർക്കും കുടിവെള്ളം എത്തിക്കാൻ നടപടിയെടുക്കും
വിശപ്പുരഹിത, സുഭിഷ കോട്ടയം പദ്ധതി യാഥാർത്ഥ്യമാക്കും.
മാലിന്യരഹിത ജില്ലയാക്കാൻ സമഗ്രപദ്ധതി നടപ്പാക്കും
കുമരകം ടൂറിസം വികസനത്തിന് സമഗ്ര മാസ്റ്റർ പ്ലാൻ.
കുമരകത്ത് ഹെലിപ്പാഡ് , പിൽഗ്രീം ടൂറിസം ശക്തമാക്കും
വൈക്കം- കുമരകം കായലോര ടൂറിസം പദ്ധതി നടപ്പിലാക്കും.
എരുമേലി വിമാനത്താവളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കും.
നാട്ടകം പോർട്ടിന്റെ വികസനത്തിനും പദ്ധതി തയ്യാറാക്കും
വികസനം ലക്ഷ്യമാക്കി വ്യവസായ പാർക്കുകൾ ആരംഭിക്കും.
ചരിത്ര , പൈതൃക മ്യൂസിയം സ്ഥാപിക്കാൻ നടപടിയെടുക്കും
കുമരകം റോഡ് വികസനം അട്ടിമറിച്ചത് തിരുവഞ്ചൂർ
കോട്ടയം- കുമരകം റോഡ് വികസിക്കാത്തതിന് കാരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ കുറ്റപ്പെടുത്തി. " താൻ എം.എൽ.എയായിരുന്നപ്പോൾ 15 മീറ്റർ വീതിയിൽ കുമരകം റോഡ് നിർമിക്കാൻ ബഡ്ജറ്റ് അനുമതി ലഭിച്ചു. പണി ആരംഭിക്കും മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സ്ഥലമുടമകളുടെ യോഗം യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ വിളിച്ചു . റോഡിന്റെ വീതി 12 മീറ്ററായി കുറയ്ക്കുമെന്ന് അറിയിച്ചു . തിരുവഞ്ചൂർ ജയിച്ചതോടെ 16 മീറ്റർ അനുമതി ലഭിച്ച കുമരകം റോഡ് 12 മീറ്ററാക്കി നവീകരിക്കാനാവാതെ അട്ടിമറിക്കുകയായിരുന്നെന്ന് വാസവൻ ആരോപിച്ചു.