അർജന്റീന: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയെ ആദരിക്കാനാകില്ലെന്ന് സ്പാനിഷ് വനിതാ ഫുട്ബോൾ താരം പൗല ഡപെന. ലെെംഗിക കുറ്റവാളിയും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തിരുന്ന മറഡോണയെ ആദരിക്കാനാകില്ലെന്ന് പൗല ഡപെന പറഞ്ഞു. ബലാത്സംഗ കുറ്റവാളിയായ മറഡോണയ്ക്ക് വേണ്ടി മൗനം ആചരിക്കാൻ തയ്യാറല്ലെന്നും ഡപെന വ്യക്തമാക്കി.
'ലൈംഗിക കുറ്റവാളിയായ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന, സാമാന്യ മര്യാദ ജീവിതത്തിൽ ഒട്ടും പുലർത്താത്ത ഒരാൾക്ക് വേണ്ടി മൗനം ആചരിക്കാൻ എനിക്ക് താത്പര്യമില്ലായിരുന്നു. ചൂഷണത്തിന് ഇരയാകുന്നവർക്കായി ഒരു മിനിട്ട് മൗനമാചരിക്കാൻ സമയം ഇല്ല. അവരോട് ഒരു അനുഭാവവും ആർക്കും തോന്നുന്നില്ല. എന്നാൽ പീഡിപ്പിച്ച ആൾക്ക് വേണ്ടി മൗനമാചരിക്കുന്നു. ഇതിനോട് എനിക്ക് ഒട്ടും യോജിക്കാൻ കഴിയില്ല." ഡപെന പറഞ്ഞു.
വിയാജെസ് ഇന്റെരിയാസ്- ഡിപോർടീവോ അബൻക്ക മത്സരത്തിനു മുന്നോടിയായാണ് ഡപെന മറഡോണയ്ക്കെതിരായ തന്റെ നിലപാട് വ്യക്തമാക്കിയത്.
മത്സരത്തിനു മുമ്പ് ഇരു ടീമുകളിലെയും താരങ്ങൾ മറഡോണയ്ക്ക് വേണ്ടി ഗ്രൗണ്ടിൽ ഒരു നിമിഷം മൗനാചരണം നടത്തിയിരുന്നു. ഇതിൽ നിന്നും വീട്ടുനിന്നാണ് ഡപെന പ്രതിഷേധം അറിയിച്ചത്. ടീം അംഗങ്ങൾ നിരന്നു നിന്നപ്പോൾ ഡപെന തിരിഞ്ഞ് നിലത്തിരിക്കുകയായിരുന്നു. അതേസമയം, മറഡോണയ്ക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചതിന് പിന്നാലെ തനിക്കെതിരെ വധഭീഷണിയുണ്ടായെന്നും പൗല ഡപെന പറയുന്നു.