സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് കൊവിഡ് വാക്സിന് ലഭിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് സ്ഥാപനം ഉത്പാദിപ്പിച്ച പരീക്ഷണ വാക്സിനാണ് കിമ്മിന് കുത്തിവെച്ചതെന്നാണ് യു.എസ് വിദഗ്ദ്ധരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. പേര് വെളിപ്പെടുത്താത്ത രണ്ട് ജാപ്പനീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടണിലെ നാഷണല്‍ ഇന്റെറസ്റ്റ് തിങ്ക് ടാങ്കിലെ ഉത്തര കൊറിയന്‍ വിദഗ്ദധനായ ഹാരി കാസിയന്‍സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ഉത്തര കൊറിയന്‍ നേതാക്കള്‍ക്കുള്ള വാക്സിന് വിതരണം ചെയ്തത് ഏതു കമ്പനിയാണെന്നോ ഈ വാക്സിന് സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടോ എന്നോ വ്യക്തമല്ല. 'കിം ജോങ് ഉന്നും കിം കുടുംബത്തിലെ അടക്കം ഉന്നത ഉദ്യോഗസ്ഥരും ഭരണരംഗത്തെ പ്രമുഖരും ചൈനീസ് സര്‍ക്കാര്‍ നല്കിയ പരീക്ഷണ വാക്സിന് കുത്തിവെച്ചു' അദ്ദേഹം പറഞ്ഞു.
ചൈനീസ് കമ്പനികളായ സിനോവാക് ബയോടെക്, കാന്‍സിനോ ബയോ, സിനോഫാം എന്നിവ ഉള്‍പ്പെടെ മൂന്നിലധികം ചൈനീസ് കമ്പനികള്‍ കൊവിഡ് വാക്സിന് ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ ഇതിനോടകം പത്ത് ലക്ഷത്തിലധികം പേരില്‍ വാക്സിന് കുത്തിവെച്ചിട്ടുണ്ടെന്നാണ് സിനോഫാം വ്യക്തമാക്കുന്നതെങ്കിലും വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം സംബന്ധിച്ച റിപ്പോര്‍ട്ടുകൾ പുറത്തു വന്നിട്ടില്ല. അതേസമയം, കിം ജോങ് ഉന്‍ ഒരു പരീക്ഷണ വാക്സിന് കുത്തിവെയ്ക്കാന്‍ ധൈര്യപ്പെടുമോ എന്നും ചില വിദഗ്ദധര്‍ സംശയമുന്നയിച്ചിട്ടുണ്ട്.
ചൈനയുടെ വാക്സിന് ഫലപ്രദമാണെന്ന് അംഗീകരിക്കപ്പെട്ടാല്‍ പോലും ഒരു മരുന്നും പൂര്‍ണമായും കുറ്റമറ്റതല്ലെന്നും വാക്സിന് സ്വീകരിക്കുന്നതിനു പകരം വൈറസിനെതിരെ സ്വയം ഒറ്റപ്പെട്ടു കഴിയാനായി കിം ജോങ് ഉന്നിന് രാജ്യത്ത് നിരവധി താവളങ്ങളുണ്ടെന്നുമാണ് എട്ടു വര്‍ഷം മുന്‍പ് ഉത്തരകൊറിയയില്‍ നിന്ന് രക്ഷപെട്ട പകര്‍ച്ചവ്യാധി വിദഗ്ദധനായ ചോയ് ജുങ് ഹുന്‍ പറയുന്നത്.
ചൈനീസ് വാക്സിനെ അപേക്ഷിച്ച് താരതമ്യേന സുരക്ഷിതമെന്ന് കരുതപ്പെടുന്ന യൂറോപ്യന്‍ വാക്സിനുകളിലൊന്ന് കിം സ്വീകരിക്കാനാണ് സാദ്ധ്യത കൂടുതലെന്ന് പകര്‍ച്ചവ്യാധി വിദഗ്ദനായ മാര്‍ക് ബെറിയും അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം, ഉത്തര കൊറിയ ഇതുവരെ ഒരു കൊവിഡ് ബാധ പോലും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ജനുവരിയില്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നതിനു മുന്‍പ് ചൈനയുമായി നേരിട്ട് ഇടപാടുകള്‍ നടത്തിയിരുന്നതിനാല്‍ രാജ്യത്ത് വൈറസ് നേരത്തെ തന്നെ പടര്‍ന്നിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്.