SignIn
Kerala Kaumudi Online
Monday, 01 March 2021 12.52 AM IST

പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്

ശ്രീനിവാസൻ തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം ചർച്ച ചെയ്ത രാഷ്ട്രീയം ഇന്നും പ്രസക്തമാണ്

sreenivasan

മൂന്ന് പതിറ്റാണ്ട് മുൻപ് റിലീസായ സിനിമയാണ് സന്ദേശം. രാഷ്ട്രീയം ഉപജീവനമാർഗമാക്കിയ പലരുടെയും പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും പച്ചയായി തുറന്ന് കാണിച്ച സിനിമ.ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ആ സിനിമ ഇന്നും ചർച്ച ചെയ്യപ്പെടുന്നത് ആ സിനിമ പറഞ്ഞ രാഷ്ട്രീയത്തിന്റെ സത്യസന്ധത കൊണ്ടാണ്.

പക്ഷേ അന്നും ഇന്നും സന്ദേശം ഒരു അരാഷ്ട്രീയ സിനിമയാണെന്ന് വാദിക്കുന്ന ചില നിരൂപകരുണ്ട്.സന്ദേശം എന്ന സിനിമ തന്റെ രാഷ്ട്രീയ പ്രവർത്തനമാണെന്നാണ് എന്നും അത്തരം നിരൂപകർക്ക് ശ്രീനിവാസൻ നൽകുന്ന മറുപടി.

കൊടി പിടിക്കുന്നതല്ല രാഷ്ട്രീയം

'ഏതെങ്കിലുമൊരു കാെടിയും പിടിച്ച് നടക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം. അത് എന്റെ ശരിക്കുള്ള രാഷ്ട്രീയ പ്രവർത്തനമാണെന്നുള്ള വിശ്വാസമുള്ളതുകൊണ്ട് തന്നെയാണ് ഞാനതെഴുതിയത്. ഞാൻ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ഒരാളാണ്. രാഷ്ട്രീയമെന്നത് രാഷ്ട്രത്തെ സംബന്ധിക്കുന്നതാണല്ലോ. അതുകൊണ്ടുതന്നെ നമുക്കതിൽ താത്പര്യമുണ്ട്. ഇവിടത്തെ ഒാരോ വ്യക്തിക്കും തുല്യമായ രീതിയിൽ സന്തോഷത്തോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാൻ. എന്ന് വച്ചിട്ട് ഞാനൊരു കൊടിയും പിടിച്ച് നടക്കുക, ഒരു കൊടിയുടെ കീഴിൽ മാർച്ച് ചെയ്തിട്ട് അവർക്ക് വോട്ട് ചെയ്യുക എന്നുള്ളതല്ല, അത് മാത്രമല്ല രാഷ്ട്രീയം. അത് മാത്രമാണ് രാഷ്ട്രീയമെന്ന് വിശ്വസിക്കുന്നവർക്ക് സിനിമയെ തള്ളിപ്പറയാം. ഇപ്പോഴത്തെ രാഷ്ട്രീയത്തിൽ പരിഹസിക്കപ്പെടേണ്ട എത്രയോ കാര്യങ്ങളുണ്ടെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ആ കഥയുടെ ഐഡിയ തോന്നിയപ്പോൾ സത്യനോട് ഞാൻ പറഞ്ഞത് ഇതിലൊരു കഥയുണ്ടാക്കാൻ പറ്റുമോയെന്നൊന്നും അറിഞ്ഞൂടായെന്നാണ്. എപ്പോഴും സിനിമയ്ക്കൊരു കുഴപ്പമുണ്ട്. നമ്മൾ ഒരു പ്രോബ്ളം മാത്രമായി സിനിമയിൽ അവതരിപ്പിച്ചാൽ അത് കാണാനാളുണ്ടാവില്ല. അപ്പോൾ ഒരു കഥയുടെ ചട്ടക്കൂട്ടിൽ ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞാൽ രസകരമാവും. അല്ലെങ്കിൽ അതൊരു പ്രസംഗമായിപ്പോകും. എന്റെ പ്രധാന ഉദ്ദേശം ചെറുപ്പകാലംതൊട്ട് ഞാൻ കണ്ടിട്ട് ഇതെന്താണെന്ന് മനസിലാവാത്ത ചില കാര്യങ്ങളെക്കുറിച്ച് പരിഹസിച്ച് പരിഹസിച്ച് പവിത്രീകരിക്കുകയെന്ന് പറയാറില്ലേ. പക്ഷേ പവിത്രീകരിക്കുക എന്ന പ്രോസസ്സ് നടന്നിട്ടുണ്ടോയെന്നത് എന്റെ വിഷയമല്ല. എനിക്ക് ഉദ്ദേശിക്കാം. ഞാനുദ്ദേശിച്ചത് അത് തന്നെയാണ്." അരാഷ്ട്രീയ സിനിമയെന്ന് ചില നിരൂപകർ സന്ദേശത്തെ വിശേഷിപ്പിച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞ മറുപടിയാണിത്.

സന്ദേശത്തിലെ ഒാരോ സീനും ഡയലോഗും മനഃപാഠമാക്കി അത്തരം 'അരാഷ്ട്രീയ വാദി" കൾക്ക് മലയാളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാമാന്യ പ്രേക്ഷകർ ഇന്നും ചുട്ട മറുപടി നൽകിക്കൊണ്ടേയിരിക്കുന്നു.

പോരടിക്കുന്ന മക്കൾ

തമിഴ്നാട്ടിൽ മുപ്പത് വർഷം റെയിൽവേ സ്റ്റേഷൻ മാസ്റ്ററായി ജോലി ചെയ്ത ശേഷം നാട്ടിൽ തിരിച്ചെത്തിയ രാഘവേട്ടനെ (തിലകൻ) വരവേറ്റത് വിരുദ്ധ രാഷ്ട്രീയ പാർട്ടികളിലെ സജീവ പ്രവർത്തകരായി പോരടിക്കുന്ന മക്കൾ പ്രഭാകര (ശ്രീനിവാസൻ)നും പ്രകാശ (ജയറാം)നുമാണ്.

എൽ.എൽ.ബി പാസായ പ്രഭാകരനും ബി.എസ്‌‌സിവരെ പഠിച്ച പ്രകാശനും ഒരു ജോലിക്കും പോകാതെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനവുമായി നടക്കുന്നതിലെ 'അപകടം" ആദ്യമൊന്നും ആ അച്ഛന് മനസിലായില്ല.

പ്രഭാകരന്റെ റവല്യൂഷണറി ഡെമോക്രാറ്റിക് പാർട്ടി (ആർ.ഡി.പി)യും പ്രകാശന്റെ ഇന്ത്യൻ നാഷണൽ സെക്യുലർ പാർട്ടി (ഐ.എൻ.സി.പി)യും തമ്മിലുള്ള പോര് സഹോദരങ്ങൾ തമ്മിലുള്ള വാക്‌‌പ്പോരിലേക്കും കയ്യേറ്റത്തിലേക്കുംവരെ വളർന്നു.

ഐ.എൻ.എസ്.പി ദേശീയ നേതാവ് യശ്വന്ത് സഹായ് (ഇന്നസെന്റ്)യുടെ വരവ് പ്രമാണിച്ച് പറമ്പിലെ കരിക്കും പലചരക്ക് കടയിലെ ബില്ലും മാത്രമല്ല വീട്ടിലെ ടേപ്പ് റെക്കോഡറടക്കം വില പിടിച്ച പലതും നഷ്ടമായതറിഞ്ഞപ്പോഴാണ് രാഷ്ട്രീയത്തിലും പെരും കള്ളന്മാരുടെ അതിപ്രസരമുണ്ടെന്ന് അച്ഛന് ബോദ്ധ്യമായത്.

ഐ.എൻ.എസ്.പി നേതാവ് വീട്ടിൽ വന്നതോടെ തകർന്ന് പോയ തന്റെ പ്രതിഛായ തിരിച്ച് പിടിക്കാൻ പ്രഭാകരൻ വീട്ടുമുറ്റത്ത് ആർ.ഡി.പിയുടെ കൊടി നാട്ടി. ജ്യേഷ്ഠാനുജന്മാർ തമ്മിലുള്ള സംഘട്ടനത്തിലേക്കാണ് ആ നീക്കം ചെന്ന് നിന്നത്.

ഏക മകളുടെ (ലതിക-മാതു) വിവാഹ ചെലവിനായി താൻ നീക്കിവച്ചിരുന്ന പുരയിടം പ്രഭാകരൻ (ഭാനു- കവിയൂർപൊന്നമ്മ) അമ്മയെ സ്വാധീനിച്ച് പണയപ്പെടുത്തിയ വിവരമറിഞ്ഞ് രാഘവൻ തകർന്ന് പോയി.

ഒരുപാട് സ്വപ്നം കണ്ട മകളുടെ വിവാഹം രാഘവന് ഒരു രജിസ്റ്റർ ഒാഫീസിൽ വച്ച് ആഘോഷങ്ങളേതുമില്ലാതെ നടത്തേണ്ടിവന്നു. സങ്കടം താങ്ങാനാകാതെ ബോധം കെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്ന അമ്മയെ 'രാഷ്ട്രീയ പ്രവർത്തന"ങ്ങളുടെ തിരക്കിൽ പ്രഭാകരനും പ്രകാശനും തിരിഞ്ഞുനോക്കാൻ പോലുമായില്ല.

ആശുപത്രി വിട്ട് വന്ന ശേഷം പ്രഭാകരനെയും പ്രകാശനെയും രാഘവൻവീട്ടിൽനിന്ന് പുറത്താക്കി.

'രാഷ്ട്രീയവും സാമൂഹ്യ പ്രവർത്തനവുമൊക്കെ നല്ലതാ. അത് നല്ലയാൾക്കാർ ചെയ്യുമ്പോൾ" അച്ഛന്റെ വാക്കുകൾക്ക് മക്കൾക്ക് മറുപടിയുണ്ടായിരുന്നില്ല.രാഘവന്റെ ഉറ്റ ചങ്ങാതിയായ അച്ചു (ഒടുവിൽ ഉണ്ണികൃഷ്ണൻ) ഇടപെട്ടാണ് പുറത്താക്കിയ പ്രഭാകരനും പ്രകാശനും വീണ്ടും വീട്ടിലേക്ക് കടക്കാനുള്ള അനുവാദം രാഘവനിൽ നിന്ന് വാങ്ങി നൽകിയത്.

രാഷ്ട്രീയമുപേക്ഷിച്ച് ഇരുവരും ജോലിക്ക് പോയി തുടങ്ങുന്നിടത്ത് സ്കൂളിൽ സമരം ചെയ്യാൻ കൊടി പിടിക്കാൻ ഒരുങ്ങുന്ന അനിയനെ ഇരുവരും ചേർന്ന് തല്ലാനോടിക്കുന്നിടത്താണ് സന്ദേശത്തിന്റെ ടെയ്ൽ എൻഡ്.

പുതുതലമുറയെയും പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി ഹിറ്റ് ഡയലോഗുകൾ നിറഞ്ഞ സിനിമയായിരുന്നു സന്ദേശം.

പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്

ഉൗണ് മേശയ്ക്ക് മുന്നിൽ അച്ഛനമ്മമാരുടെ സാന്നിദ്ധ്യത്തിൽ പ്രഭാകരനും പ്രകാശനും രാഷ്ട്രീയം പറഞ്ഞ് തർക്കിക്കുമ്പോൾ 'പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്" എന്ന് പ്രഭാകരൻ പറയുന്നതും കല്യാണാലോചനയുമായി ചെല്ലുമ്പോൾ പെണ്ണിനോട് 'വെടിയുണ്ട വരുമ്പോൾ വിരിമാറ് കാണിച്ച് കൊടുക്കേണ്ടിവരു"മെന്ന് പറയുന്നതും യശ്വന്ത് സഹായ് ജി പ്രകാശന്റെ വീട്ടിൽ വന്ന് നാരിയൽ പാനി ചോദിക്കുമ്പോൾ പാർട്ടി പ്രവർത്തകർ അർത്ഥമറിയാതെ വാ പൊളിച്ച് നിൽക്കുമ്പോൾ 'സമ്പൂർണ ചാച്ചരാ ബന്ദർ കെ ബച്ചേ" യെന്ന് യശ്വന്ത് സഹായ് ജി ആക്രോശിക്കുന്നതും തന്റെ എഴുത്ത് മേശയ്ക്ക് പിന്നിൽ പെട്ടെന്ന് അച്ഛനെക്കണ്ട് പ്രഭാകരൻ ചാടിയെഴുന്നേറ്റ് 'അച്ഛനായിരുന്നോ ഞാൻ വിചാരിച്ചു വല്ല കുത്തക മുതലാളിയുമായിരിക്കു"മെന്ന് പറയുന്നതുമെല്ലാം കാലമെത്ര കഴിഞ്ഞാലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ശ്രീനിവാസൻ ടച്ചുള്ള ഡയലോഗുകളാണ്.

ശങ്കരാടി, സിദ്ദിഖ്, മാമുക്കോയ, ബോബി കൊട്ടാരക്കര, ജെയിംസ് തുടങ്ങിയവരും സന്ദേശത്തിൽ വേഷമിട്ടിട്ടുണ്ട്.

എവർ ഷൈൻ പ്രൊഡക്ഷൻസാണ് സന്ദേശം നിർമ്മിച്ച് വിതരണം ചെയ്തത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SANDHESAM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.