SignIn
Kerala Kaumudi Online
Sunday, 16 May 2021 11.06 AM IST

ലൂട്ട്യൻസ് ഡൽഹിയിലെ പൊളിച്ചെഴുത്തുകൾ

delhi-design

''വാസ്തുവിദ്യ മറ്റേതു കലയെയും പോലെ അതു നടപ്പാക്കുന്നവരുടെ ബൗദ്ധിക വളർച്ചയുടെ പ്രതീകം കൂടിയാണ്.'' 1912ൽ ഇന്ത്യയുടെ തലസ്ഥാന നഗരത്തിന്റെ രൂപകൽപന നിർവഹിച്ച ബ്രിട്ടീഷുകാരൻ എഡ്വിൻസ് ലൂട്ട്യൻസ് പറഞ്ഞതാണിത്.

സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യം കെട്ടിപ്പൊക്കിയ ബ്രിട്ടീഷുകാർ കൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് തലസ്ഥാനം മാറ്റാൻ തീരുമാനിച്ചതിന് പിറകെ പുതിയൊരു നഗരം രൂപകൽപന ചെയ്‌തത് അനേക വർഷം തങ്ങളുടെ അധികാരകേന്ദ്രമായി അതവിടെ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ്. പാശ്ചാത്യ, ഹിന്ദു, മുഗൾ വാസ്‌തുവിദ്യകൾ സമന്വയിപ്പിച്ച മന്ദിരങ്ങളും 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കെല്‌പുള്ള രൂപകൽപനയുമായി മറ്റേത് തലസ്ഥാന നഗരത്തെക്കാളും ഡൽഹി തലവിരിപ്പോടെ, നിൽക്കുന്നതിന് ബ്രിട്ടീഷുകാരോട് കടപ്പെട്ടിരിക്കുന്നു. 1.30 കോടി ഇന്ത്യക്കാരുടെ വലിയ പ്രതീക്ഷകൾ നിറവേറ്റാൻ വലിയൊരു മാറ്റത്തിന്, മുഖം മിനുക്കലിന്, പൊളിച്ചെഴുത്തിന് ഡൽഹി വിധേയമാകുമ്പോൾ ശതവർഷങ്ങൾക്കപ്പുറം ലോകം വാഴ്ത്തുന്ന ഒന്നായി അതു മാറണമെന്ന ഓർമ്മപ്പെടുത്തലാണ് ലൂട്ട്യൻസിന്റെ വാക്കുകൾ.

മാറ്റം അനിവാര്യത

പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബർ 10ന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ നിർവഹിക്കുമെന്നാണ് അറിയുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തെക്കുറിച്ചുള്ള ചർച്ചകൾ 2010ൽ യു.പി.എ സർക്കാരിന്റെ കാലം മുതൽ സജീവമായിരുന്നു. പുതിയ മന്ദിരം നിർമ്മിക്കണമെന്ന് ചിലർ. പഴയ മന്ദിരം പരിഷ്‌കരിച്ചാൽ മതിയെന്ന് മറ്റുചിലർ. എന്തായാലും ചർച്ചകൾ എങ്ങുമെത്തിയില്ല. 2014ൽ എൻ.ഡി.എസർക്കാർ വന്നതോടെയാണ് ചർച്ച വീണ്ടും ചൂടുപിടിച്ചതും ഇപ്പോഴത്തെ ഘട്ടത്തിലെത്തിയതും.

ബ്രിട്ടീഷുകാർ 1927ൽ നിർമ്മിച്ച കൗൺസിൽ ഹൗസ് 1947ൽ ഇന്ത്യൻ സ്വാതന്ത്ര്യപ്രഖ്യാപന വേദിയായും തുടർന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലായും മാറിയത് ചരിത്രം. പിന്നീട് പല സർക്കാരുകളുടെയും അധികാരക്കൈമാറ്റത്തിനും അടിയറവിനും നിയമനിർമ്മാണങ്ങൾക്കും സംവാദങ്ങൾക്കും ചർച്ചകൾക്കും വേദിയായി ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ പ്രധാന ഏടായി നിലനിൽക്കുന്നു.

ലൂട്ട്യൻസ് സായിപ്പിന്റെ ഭാവനയിൽ വിടർന്ന നിലവിലെ പാർലമെന്റ് മന്ദിരം വൃത്താകൃതിയിൽ 144 തൂണുകളിൽ തീർത്ത അഭൗമ സൗന്ദര്യശില്‌പമായി ഡൽഹിയുടെ കാഴ്‌ചകളിൽ നിറഞ്ഞു നിൽക്കുന്നെങ്കിലും പുതിയ ഇന്ത്യയുടെ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിന് പഴക്കവും സ്ഥലക്കുറവും തടസമാണ്. നിലവിലെ ചേംബറുകൾക്ക് 543 ലോക്സഭാംഗങ്ങളെയും 245 രാജ്യസഭാംഗങ്ങളെയും പോലും ഉൾക്കൊള്ളാനാകുന്നില്ല. പാർട്ടി ഓഫീസുകളും സെക്രട്ടേറിയറ്റ് പ്രവർത്തനങ്ങളും ഇടുങ്ങിയ സ്ഥലത്ത് വീർപ്പുമുട്ടുന്നു. ഈ ചേംബറുകളിലെ സ്ഥലപരിമിതി മൂലമാണല്ലോ കൊവിഡ് കാലത്ത് ചേർന്ന വർഷകാല സമ്മേളനത്തിൽ സാമൂഹിക അകലം പാലിക്കാൻ, അംഗങ്ങളെ വിഭജിച്ച് ഇരുചേംബറുകളിലും ഗാലറികളിലും ഇരുത്തേണ്ടി വന്നത്. 2021ലെ സെൻസസ് പ്രകാരം 2026ഓടെ ജനപ്രതിനിധികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകാം. അംഗങ്ങളുടെ എണ്ണം കൂടുമ്പോൾ നിലവിലെ മന്ദിരം മതിയാവില്ലെന്ന് ചുരുക്കം. 93 വർഷം പഴക്കമുള്ള, പൗരാണിക പ്രാധാന്യമുള്ള മന്ദിരത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തുന്നത് സുരക്ഷിതമല്ലെന്ന തിരിച്ചറിവിലാണ് പുതിയത് നിർമ്മിക്കാൻ തീരുമാനിച്ചത്.

സെൻട്രൽ വിസ്‌ത പദ്ധതി

ആദ്യ മോദി സർക്കാരിൽ ചർച്ചകൾ നടന്നുവെങ്കിലും നടപടികൾ ദ്രുതഗതിയിലായത് 2019ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് വീണ്ടും അധികാരത്തിലേറിയ ശേഷം. പക്ഷേ പുതിയ പാർലമെന്റ് മന്ദിരം മാത്രമല്ല, രാഷ്‌ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെ നീളുന്ന മൂന്ന് കിലോമീറ്റർ പ്രദേശം മൊത്തത്തിൽ പുന:രാവിഷ്‌കരിക്കുന്ന സെൻട്രൽ വിസ്‌ത പദ്ധതിക്കാണ് കേന്ദ്രസർക്കാർ രൂപം നൽകിയത്.

സെൻട്രൽ വിസ്‌ത പദ്ധതി പ്രകാരം പഴയ പാർലമെന്റ് മന്ദിരത്തിന് തൊട്ടടുത്ത് നാലു നിലകളിൽ തൃകോണ സമുച്ചയമായി പുതിയ മന്ദിരം (ഉയരം ഇന്ത്യാഗേറ്റിനെക്കാൾ താഴെ) ഉയരും. രാഷ്‌ട്രപതി ഭവനു മുന്നിൽ ഇരുവശത്തുള്ള പ്രധാനമന്ത്രിയുടെ ഓഫീസ്, പ്രതിരോധം, ധനമന്ത്രാലയം, വിദേശകാര്യ മന്ത്രാലയ ഓഫീസുകൾ പ്രവർത്തിക്കുന്ന സൗത്ത്, നോർത്ത് ബ്ളോക്കുകൾ ദേശീയ മ്യൂസിയങ്ങളാക്കും. സൗത്ത് ബ്ളോക്കിന് പിന്നിൽ പ്രധാനമന്ത്രിക്കും നോർത്ത് ബ്ളോക്കിന് പിന്നിൽ ഉപരാഷ്‌ട്രപതിക്കും ഔദ്യോഗിക വസതിയും (ഇപ്പോൾ അകലെയുള്ള ഇവരുടെ വസതികൾ അതിസുരക്ഷാമേഖലയായ സെൻട്രൽ വിസ്‌തയിൽ വരുന്നത് സുരക്ഷയ്ക്കും യാത്രയ്‌ക്കും സൗകര്യമാകുമെന്ന് കണക്കുകൂട്ടൽ).

ബ്രിട്ടീഷ് നിർമ്മിതിയുടെ ഗുണനിലവാരമോ, വാസ്‌തു ചാരുതയോ ഇല്ലാതെ പിന്നീട് ഇന്ത്യക്കാർ നിർമ്മിച്ച, വിവിധ മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന റെയിൽഭവൻ, ശാസ്‌ത്രി ഭവൻ, കൃഷിഭവൻ, ഉദ്യോഗ്ഭവൻ, നിർമ്മാൺഭവൻ തുടങ്ങിയവയ്ക്ക് പകരം ഒരേ രൂപകല്‌പനയിലുള്ള പത്ത് കെട്ടിടങ്ങളിലായി 70,000 ജീവനക്കാർക്കുള്ള സൗകര്യങ്ങളോടെ പൊതു സെക്രട്ടേറിയറ്റ് വരും. ഇന്ത്യാഗേറ്റിന് സമീപത്തെ ഇന്ദിരാഗാന്ധി നാഷണൽ സെൻന്റർ മറ്റൊരിടത്തേക്ക് മാറ്റും. നാഷണൽ ആർക്കൈവ്സ് പുതുക്കിപ്പണിയും.

ബിമൽ പട്ടേൽ അഭിനവ ല്യൂട്ടൻസ്

ചരിത്ര നിർമ്മിതിയുടെ രൂപകൽപനാദൗത്യം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടുകാരനും പ്രശസ്ത ആർക്കിടെക്റ്റുമായ ബിമൽ പട്ടേലിന്റെ എച്ച്.സി.പി ഡിസൈൻ കമ്പനിക്കാണ്. ഡൽഹിയിൽ ഗുജറാത്ത് ഭവൻ, അഹമ്മദാബാദിൽ സബർമതി നദിതട വികസന പദ്ധതിയടക്കം മറ്റു പല പ്രമുഖ പദ്ധതികളും രൂപകൽപന ചെയ്‌ത പരിചയമുണ്ട്. 1900കളിൽ ലൂട്ട്യൻസും ഹെർബർട്ട് ബേക്കറും സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്തിനായി രൂപകൽപന ചെയ്ത നഗരത്തിന് ആധുനിക മുഖം നൽകേണ്ട ദൗത്യമാണ് ബിമൽ പട്ടേലിനുള്ളത്.

പുതിയ പാർലമെന്റ് മന്ദിരം ഈ മാസം നിർമ്മാണം ആരംഭിച്ച് 2022ൽ 75-ാം സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ലോക്‌സഭാ, രാജ്യസഭാ ചേംബറുകളും പ്രധാനമന്ത്രിയുടെ ഓഫീസും മറ്റും അടങ്ങിയ മന്ദിരത്തിന് ഭൂമിക്കടിയിൽ രണ്ടും മുകളിൽ രണ്ടും അടക്കം നാല് നിലകളും ആറ് പ്രവേശന കവാടങ്ങളുമുണ്ടാകും. 1272 അംഗങ്ങൾക്കുള്ള ലോക്‌സഭാ, 384 അംഗങ്ങൾക്കുള്ള രാജ്യസഭാ ചേംബറുകളാണ്

നിർമ്മിക്കുന്നത്.

ബ്രിട്ടീഷ് വൈദഗ്ദ്ധ്യം

ഡൽഹിക്ക് രാജ്യതലസ്ഥാനത്തിന്റെ പ്രൗഢി നൽകുന്നതിൽ ബ്രിട്ടീഷ് വൈദഗ്ദ്ധ്യം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പരസ്പരം ബന്ധിതമായ, അനുരൂപമായ രൂപകൽപനയുള്ള റോഡുകളും റൗണ്ട് എബൗട്ടുകളും പൂന്തോട്ടങ്ങളും സ്വാതന്ത്ര്യാനന്തരം ന്യൂഡൽഹിക്കുള്ളിലും പുറത്തും ഉയർന്ന നിർമ്മിതികളിൽ നിന്ന് വേറിട്ടു നിൽക്കുന്നതിന് കാരണം ആ മികവു തന്നെ. റോഡരുകിലെ മരങ്ങളും പൂന്തോട്ടങ്ങളിൽ വളരേണ്ട പൂച്ചെടികളും വരെ ലൂട്ട്യൻസ് നിശ്ചയിച്ചിരുന്നു. ഇവിടെ ചില റോഡുകൾക്ക് ഇരുവശം ഞാവൽ മരങ്ങൾ മാത്രം കാണാം. മറ്റിടങ്ങളിൽ വേപ്പ് മരങ്ങൾ നിരയായി നട്ടിരിക്കുന്നു.

ജനാധിപത്യമില്ലാതിരുന്നിട്ടും ഡൽഹി സൃഷ്‌ടിച്ചപ്പോൾ അവർ ജനഹിതത്തെയും ഇന്ത്യൻ സംസ്‌കാരത്തെയും ബഹുമാനിച്ചു. പൂർണമായും പാശ്ചാത്യ ശൈലി മനസിൽ കണ്ട ലൂട്ട്യൻസിനോട് ഹിന്ദു, മുഗൾ വാസ്തുവിദ്യ സമന്വയിപ്പിക്കാനാണ് അന്നത്തെ വൈസ്രോയിയും ഗവർണർ ജനറലുമായിരുന്ന ലോർഡ് ചാൾസ് ഹാർഡിംഗ്സ് ആവശ്യപ്പെട്ടത്. കിഴക്കൻ സാഹചര്യങ്ങളിൽ ഒരു പാശ്ചാത്യ നഗരം പണിയുന്നത് തികഞ്ഞ രാഷ്‌‌ട്രീയ അബദ്ധവും ബുദ്ധിശൂന്യതയുമാണെന്നും അദ്ദേഹം ലൂട്ട്യൻസിനോട് പറഞ്ഞുവത്രേ.

പുതിയ ചരിത്രം

ഡൽഹിയെ തലസ്ഥാനമാക്കാൻ ആദ്യമായി വിപുലമായ ശ്രമം നടത്തിയത് മുഗൾ ചക്രവർത്തി ഷാജഹാൻ ആണ്. ബ്രിട്ടീഷ് യുഗത്തിൽ ഷാജഹാൻബാദിന്(ഇന്നത്തെ ഓൾഡ് ഡൽഹി) സമാന്തരമായി ന്യൂഡൽഹി കെട്ടിപ്പടുത്തു. മുഗൾ സാമ്രാജ്യത്തിന്റെ സ്വത്തെല്ലാം ചെലവാക്കി ഡൽഹിയിൽ കോട്ടകൊത്തളങ്ങളുണ്ടാക്കിയ ഷാജഹാനെ മകൻ ഔറംഗസേബ് തുറുങ്കിലടച്ചെങ്കിൽ തങ്ങൾ ഏറെ അദ്ധ്വാനിച്ചുണ്ടാക്കിയ തലസ്ഥാനത്ത് 16 വർഷം മാത്രമാണ് ബ്രിട്ടീഷുകാർ ഭരിച്ചത്. അതായത് പുതിയ നഗരം പണിതവർ മറ്റുള്ളവർക്കായി ഡൽഹിയിൽ ഒഴിഞ്ഞു കൊടുത്തതാണ് ചരിത്രം.

21-ാം നൂറ്റാണ്ടിലെ ജനാധിപത്യ ഇന്ത്യയിൽ ഡൽഹി വീണ്ടും മാറ്റത്തിന് വിധേയമാകുമ്പോൾ ലൂട്ട്യൻസിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധിക്കാം:"എന്റെ ഭാവനകൾ ഇവിടെ അവസാനിക്കുന്നില്ല. അതൊരു തുടർച്ചയായി ഇന്ത്യയ്‌ക്ക് ചേരുന്ന, ഇന്ത്യൻ സ്വാഭാവികതയുള്ള ആളുകളിലേക്ക് കൈമാറാൻ ആഗ്രഹിക്കുന്നു."

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DELHI DIARY, LUTYENS DELHI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.