ന്യൂഡൽഹി: കർഷക നേതാക്കളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയം. വിവാദ കർഷകനിയമഭേദഗതികൾ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. ഡൽഹിയിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെയും പിയൂഷ് ഗോയലിന്റെയും അദ്ധ്യക്ഷതയിൽ കർഷകസംഘടനാ നേതാക്കളുമായി നടത്തുന്ന ചർച്ചയിൽ നിയമഭേദഗതികളിൽ ഉള്ള പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്നും കേന്ദ്രസർക്കാർ കർഷകരോട് പറഞ്ഞു.
ഇതിൽ ആരെല്ലാം വേണമെന്ന കാര്യം കർഷക സംഘടനാ നേതാക്കൾക്കും യൂണിയൻ നേതാക്കൾക്കും നിർദേശിക്കാമെന്നും കേന്ദ്രസർക്കാർ പറയുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഈ നിർദേശം കർഷകസംഘടനകൾ തള്ളിക്കളഞ്ഞു. കേന്ദ്ര മന്ത്രിമാരുമായി കർഷകനേതാക്കൾ വീണ്ടും വ്യാഴാഴ്ച ചർച്ച നടത്തും. സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്രയാദവ് അടക്കമുള്ളവരെ മാറ്റി നിർത്തിയാണ് കേന്ദ്രസർക്കാർ ചില സമരനേതാക്കളെ മാത്രം ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.
ഡൽഹി അതിർത്തിയിൽ ഇപ്പോഴും സമരച്ചൂട് പുകയുകയാണ്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ബഹുഭൂരിപക്ഷം കർഷകസംഘടനകളും. പുതിയ സമിതി രൂപീകരിക്കാമെന്നല്ലാതെ നിയമം പിൻവലിക്കില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാർ ഉറച്ചുനിൽക്കുമ്പോൾ കർഷകസംഘടനകളും നിലപാട് കടുപ്പിക്കുകയാണ്.
മിനിമം താങ്ങുവിലയിലും മണ്ഡികൾ വഴിയുള്ള സംഭരണത്തിലും കർഷകരുടെ ആശങ്കകൾ പരിഹരിക്കാമെന്നാണ് കേന്ദ്രസർക്കാർ വാഗ്ദാനം. എന്നാൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരാൻ തന്നെയാണ് കർഷകരുടെ തീരുമാനം. കേന്ദ്രകൃഷിമന്ത്രി നരേന്ദ്രതോമർ,പിയൂഷ് ഗോയൽ, കേന്ദ്രവ്യവസായസഹമന്ത്രി സോം പ്രകാശ് എന്നിവരാണ് മുപ്പത്തിയഞ്ചംഗ കർഷകസംഘടനാനേതാക്കളെ കാണുന്നത്. ദില്ലി വിഗ്യാൻ ഭവനിൽ ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് യോഗം തുടങ്ങിയത്.
ഉപാധികളില്ലാതെ ചർച്ച നടത്താമെന്ന കേന്ദ്രസർക്കാർ വാഗ്ദാനം സ്വീകരിച്ചാണ് കർഷകസംഘടനാനേതാക്കൾ ചർച്ചയ്ക്ക് എത്തിയത്. എന്നാൽ പുതിയ നിയമഭേദഗതികൾ പിൻവലിച്ച്, മിനിമം താങ്ങുവില ഉറപ്പുനൽകുന്ന പുതിയ നിയമം കൊണ്ടുവരണമെന്ന ശക്തമായ ആവശ്യമാണ് കർഷകർ മുന്നോട്ടുവയ്ക്കുന്നത്.
കൊവിഡ് പ്രതിസന്ധിയും കൊടും തണുപ്പും നിലനിൽക്കുന്നതിനാൽ, പ്രശ്നപരിഹാരം ഉണ്ടായേ തീരൂ എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് കർഷകരെ ചർച്ചയ്ക്ക് വിളിക്കുന്നതെന്നാണ് കേന്ദ്രകൃഷി മന്ത്രി പറഞ്ഞത്. സമരം തുടരുന്ന സാഹചര്യത്തിൽ അമിത് ഷായെ കേന്ദ്രകൃഷിമന്ത്രി മൂന്ന് തവണയാണ് രണ്ട് ദിവസത്തിനകം കണ്ട്, ചർച്ച നടത്തിയത്.
ഇതേത്തുടർന്നാണ് ഉപാധികളില്ലാതെ ചർച്ചയ്ക്ക് തയ്യാറെന്ന നിലപാടിലേക്ക് കേന്ദ്രസർക്കാർ എത്തിയത്. പുതിയ വിവാദമായ കർഷകനിയമഭേദഗതികൾ വന്ന ശേഷം, ഇത് മൂന്നാംതവണയാണ് കർഷകസംഘടനാ നേതാക്കൾ കേന്ദ്രസർക്കാരുമായി ചർച്ച നടത്തുന്നത്.
ആദ്യചർച്ച കേന്ദ്രകൃഷി സെക്രട്ടറി സഞ്ജയ് അഗർവാളുമായിട്ടായിരുന്നു. രണ്ടാം ചർച്ചയിൽ പങ്കെടുത്തത് കേന്ദ്രകൃഷിമന്ത്രിയും റെയിൽമന്ത്രിയുമായിരുന്നു. രണ്ട് ചർച്ചകളും സമവായമാകാതെ പിരിഞ്ഞു. ഇതേത്തുടർന്നാണ് കർഷകർ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ തീരുമാനിക്കുന്നത്.
രാജ്യതലസ്ഥാനത്തേക്ക് കടക്കുന്ന അഞ്ച് പ്രവേശനകവാടങ്ങളും കർഷകർ തടഞ്ഞു.സോനിപത്, രോത്തക്, ജയ്പൂർ, ഗാസിയാബാദ് - ഹാപൂർ, മഥുര എന്നീ കവാടങ്ങളിൽ കർഷകസമരം കത്തിപ്പടരുകയാണ്. മൂന്ന് ലക്ഷത്തോളം കർഷകരാണ് സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. കർഷകനിയമഭേദഗതി പിൻവലിക്കുകയെന്നതൊഴികെ ഒരു സമവായത്തിനും കർഷകസംഘടനകൾ തയ്യാറല്ല.