ഇടുക്കി: ചെറുതോണിക്ക് സമീപം കഞ്ഞിക്കുഴി പഞ്ചായത്തിലെ മഴുവടിയിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലൊരു കോളനിയുണ്ട്. ഒമ്പതാം വാർഡായ ഉമ്മൻചാണ്ടി കോളനിയിലെ ഇത്തവണത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ഇവിടത്തെ ഊരുമൂപ്പൻ സുകുമാരനാണ്. ജനറൽ സീറ്റിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സുകുമാരനെ സ്ഥാനാർത്ഥിയാക്കിയതും ഉമ്മൻചാണ്ടിയുടെ നിർദ്ദേശപ്രകാരം. അപൂർവമായാണ് ഒരു ജനറൽ സീറ്റിൽ ആദിവാസി വിഭാഗത്തിലുള്ള ഒരാൾ മത്സരിക്കുന്നത്. മന്നാൻ സമുദായ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് സുകുമാരൻ. മന്നാൻ സമുദായത്തിന്റെ രാജാവായ കോഴിമല രാമൻ രാജമന്നാന്റെ കീഴിൽ വരുന്നതാണ് മഴുവടി ട്രൈബൽ കോളനി. ഇവിടത്തെ 85 കുടുംബങ്ങളുടെ ഊരു മൂപ്പനാണ് സുകുമാരൻ.
കൃഷിയാണ് മന്നാൻ വിഭാഗത്തിന്റെ പ്രധാന ഉപജീവനമാർഗമെങ്കിലും സുകുമാരൻ കെട്ടിടനിർമാണ കരാറുകാരനാണ്. 1237ലേറെ വോട്ടർമാരുള്ള വാർഡിൽ മന്നാൻ സമുദായത്തിൽപ്പെട്ട 247 പേരുണ്ട്. എന്നാൽ ഇതുവരെ ഒരു ആദിവാസി ഇവിടെ നിന്ന് മത്സരിച്ചിട്ടില്ല. വർഷങ്ങൾക്കു മുമ്പ് മണിയാറൻകുടി പെരുങ്കാലയിൽ നിന്ന് മഴുവടിയിലേക്ക് കുടിയേറിയതാണ് സുകുമാരന്റെ അച്ഛൻ പഞ്ചമണിയും അമ്മ പൊന്നമ്മയും. മൂന്ന് തവണ ഉമ്മൻചാണ്ടി കോളനിയിലെത്തിയിട്ടുണ്ട്. 2014ൽ മുഖ്യമന്ത്രിയായിരിക്കുമ്പോൾ വന്നിരുന്നു. അന്ന് ഊരുമൂപ്പനായ സുകുമാരന്റെ ആവശ്യപ്രകാരം ഒരു കോടി രൂപ കോളനിയുടെ അടിസ്ഥാനസൗകര്യവികസനത്തിന് അനുവദിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ആദിവാസി വിഭാഗത്തിന് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാത്തതിനെക്കുറിച്ച് കഴിഞ്ഞ തവണ കോളനിയിലെത്തിയപ്പോൾ ഉമ്മൻചാണ്ടിയോട് സുകുമാരൻ പറഞ്ഞിരുന്നു. ജനറൽ സീറ്റാണെങ്കിലും ഇത്തവണ കോളനി വാർഡിൽ നിന്ന് ആദിവാസി വിഭാഗത്തിലുള്ളയാളാകും യു.ഡി.എഫ് സ്ഥാനാർത്ഥിയെന്ന് ഉമ്മൻചാണ്ടി അന്ന് ഉറപ്പും നൽകി. പട്ടികവിഭാഗത്തിന് പഞ്ചായത്തിൽ രണ്ട് സീറ്റുകളുണ്ടായിട്ടും ഒമ്പതാം വാർഡ് തന്നെ സുകുമാരന് പാർട്ടി നൽകി. ഭാര്യ ശാരദയും മക്കളായ സനുവും അനിതയും വോട്ടുപിടിക്കാൻ ഒപ്പമുണ്ട്. രാഷ്ട്രീയഭേദമന്യേ നാട്ടിലെല്ലാവരും സുകുമാരനെ മൂപ്പനെന്നാണ് വിളിക്കുന്നത്. ആദിവാസി വിഭാഗങ്ങളുടെ ചടങ്ങുകൾക്ക് മാത്രമേ സുകുമാരൻ പരമ്പരാഗത വേഷം ധരിക്കൂ. കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർത്ഥി സേവ്യർ തോമസാണ് ഇടതുപക്ഷ ടിക്കറ്റിൽ 9ാം വാർഡിൽ മത്സരിക്കുന്നത്.
ഉമ്മൻചാണ്ടി കോളനിയുടെ ചരിത്രം
1969ൽ കഞ്ഞിക്കുഴിയിലെ ആദിവാസികൾക്ക് ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന കരിമ്പൻ ജോസ് സമരം നടത്തിയിരുന്നു. സർക്കാർ തലത്തിലും രാഷ്ട്രീയ തലത്തിലും ഇതിന് വേണ്ട സഹായങ്ങൾ ചെയ്തത് അന്ന് യൂത്ത് കോൺഗ്രസ് നേതാവ് ആയിരുന്ന ഉമ്മൻചാണ്ടിയാണ്. ഏഴ് വർഷം നീണ്ട സമരങ്ങളുടെ ഫലമായി 1976ൽ മഴുവടിയിൽ 39 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി പതിച്ചു നൽകി. ഉമ്മൻ ചാണ്ടിയുടെ ശ്രമഫലമായി മഴുവടിയിൽ അനുവദിച്ചു കിട്ടിയ ഭൂമിയിൽ കോളനി നിർമ്മിച്ചപ്പോൾ ഉമ്മൻചാണ്ടി കോളനി എന്നു പേര് നൽകുകയായിരുന്നു.