നിയമപരമായ ബാദ്ധ്യതയുള്ള പ്രൊഡ്യൂസറോ എഡിറ്ററോ ഇല്ലാതെ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരം ലഭ്യമാക്കുകയും അത് ഏറെ പ്രചരിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് സാമൂഹ്യമാദ്ധ്യമത്തിന്റെ പ്രത്യേകത.
ലക്ഷക്കണക്കിന് വോട്ടറന്മാരിൽ അഥവാ പൗരന്മാരിൽ മില്ലി സെക്കൻഡുകൾ കൊണ്ട് എത്തിക്കാവുന്ന വാട്സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നീ രാഷ്ട്രീയ പ്രാധാന്യമുള്ള ഡിജിറ്റൽ മാദ്ധ്യമങ്ങളുടെ ഉള്ളടക്കം വലിയ പൊതുജനാഭിപ്രായ നിർമ്മിതിക്കുതകും എന്നതാണ് ഇംഗ്ളണ്ടിലെ ബ്രെക്സിറ്റ് ഫലവും 2016 ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലവും സൂചിപ്പിക്കുന്നത്. 'സത്യാനന്തര കാലഘട്ടമെന്ന്" നമ്മുടെ കാലത്തെ വിശേഷിപ്പിക്കുന്നതിൽ ചെന്നത്തിയ ഇൗ സ്വാധീനം ഇന്ന് കേരളത്തിലടക്കം വ്യക്തിസ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും മാന്യതയെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും നേരെ വർദ്ധിച്ച ചൂഷണത്തിനും കാരണമായിട്ടുണ്ട്.
എന്നാൽ ഡിജിറ്റൽ മാദ്ധ്യമ പ്രകാശനം/പ്രസാധനം നാട്ടിൽ നിലവിലുള്ള നിയമങ്ങളാൽ നിയന്ത്രിച്ചാൽ മതിയാകും എന്ന ഒരു ചിന്താധാര സജീവമാണ്. ട്വിറ്ററിലൂടെ മതനിന്ദ നടത്തിയാൽ അതിനുള്ള വകുപ്പും മയക്കുമരുന്നുകച്ചവടം ചെയ്താൽ ബന്ധപ്പെട്ട ആക്ടും അനുസരിച്ചുള്ള ചാർജുകൾ നൽകിയാൽ മതി എന്നതാണ് ഇൗ ചിന്ത.
എന്നാൽ വ്യക്തികളെയും വ്യക്തിസമൂഹങ്ങളെയും കുറിച്ച് നിർണായകമായ അപവാദങ്ങൾ കുറഞ്ഞ നേരംകൊണ്ട് വളരെ വിദൂരസ്ഥങ്ങളായ സ്ഥലങ്ങളിൽനിന്നും പോസ്റ്റ് ചെയ്യാൻ സാമൂഹ്യമാദ്ധ്യമങ്ങളിൽ സാദ്ധ്യമാണ്. രാജ്യാതിർത്തികൾക്കുള്ളിൽ മാത്രം പ്രവർത്തിക്കുന്ന നിയമ-നിരോധന സംവിധാനത്തിന് ഇത്തരം പോസ്റ്റുകൾ നിയന്ത്രിക്കാൻ പരിമിതികളെറെയാണ്. സുപ്രീംകോടതി , ഭരണഘടനയുടെ 19 (1) അനുഛേദത്തിനെതിരാണ് എന്ന് കണ്ടെത്തിയ ഐ.ടി ആക്ട് 66 A പൊലീസ് ആക്ട് 118 (d) എന്നിവപോലെയുള്ള വ്യക്തത കുറഞ്ഞ നിയമങ്ങൾ കൊണ്ടിത് തടയാനാകില്ല. ഇതിന് പുതിയ നിയമം നിർമ്മിക്കണം എന്ന് ചില കോണുകളെങ്കിലും ചിന്തിക്കുമ്പോൾ അത്തരം ഒരു നിയമം കൊണ്ടുവരേണ്ട മാറ്റമെന്ത്, ധർമ്മമെന്ത് എന്ന് നിരൂപിക്കേണ്ടിയിരിക്കുന്നു.
ഒഴിവാക്കേണ്ടവർ
ഒന്നാമതായി നിർദ്ദിഷ്ടനിയമം രജിസ്ട്രേഷനും നിയമപ്രകാരം എഡിറ്ററും ഉള്ള മാദ്ധ്യമങ്ങൾക്ക് ബാധകമാക്കേണ്ടതില്ല. പ്രസ് രജിസ്ട്രേഷൻ ആക്ടും ഐ.പി..സിയിലും ഉള്ള ബാധ്യതകൾക്കുള്ളിൽ വരുന്ന 'ബ്രോഡ്കാസ്റ്റർ" മാരെയും പുതിയ നിയമത്തിൽ കൊണ്ടുവരേണ്ടതില്ല. സ്വയം നിയന്ത്രണം എന്ന തത്വത്തിലാണ് ഇന്നുവരെ പ്രസിനും ഡിജിറ്റലുകൾക്കും ലഭിക്കുന്നസ്വാതന്ത്യത്തെ കേന്ദ്ര ഇൻഫർമേഷൻ മന്ത്രാലയം കണക്കാക്കിയിട്ടുള്ളത്. ഇന്റർനെറ്റ് പ്രക്ഷേപണവും ഒ.ടി.ടി മാതൃകയെയും മറ്റും ഇപ്രകാരം റെഗുലേഷന് കീഴിൽ പുതുതായി കൊണ്ടുവന്നിട്ടുണ്ട്.
ഇൗ സാഹചര്യത്തിൽ ഇവയൊഴിച്ചുള്ള വസ്തുതകൾ (വാർത്തകൾ/ വിശകലനങ്ങൾ) പ്രകാശനം ചെയ്യുന്ന വീഡിയോ, ഒാഡിയോ, പ്രിന്റ് ഉള്ളടക്കങ്ങൾ കെെകാര്യം ചെയ്യുന്ന സാമൂഹ്യമാദ്ധ്യമങ്ങൾ നിർബന്ധമായും ഒരു പ്രസിദ്ധീകരണത്തിന്റെ നിർവചനത്തിൽ വരേണ്ടതാണ്. പ്രസ് രജിസ്ട്രേഷൻ ഇവർക്ക് നിർബന്ധമാക്കണം. അല്ലെങ്കിൽ സംസ്ഥാന നിയമത്തിന്റെ പരിധിയിലുള്ള ഒരു രജിസ്ട്രേഷൻ വേണം. ഉള്ളടക്കത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന പ്രസാധകന്റെ മേൽവിലാസം കുറഞ്ഞപക്ഷം ഉള്ളടക്കത്തോടൊപ്പം പ്രദർശിപ്പിക്കേണ്ടതുണ്ട്. ഇതില്ലാതെ ഹാനികരമായ വാർത്താവിതരണം നടക്കുന്നതുകൊണ്ടുതന്നെ ഉത്തരവാദിയെ കണ്ടെത്താൻ ഇരകൾക്ക് കാലതാമസം വരുന്നു. സംസ്ഥാനത്തിനുപുറത്തും കേരളത്തിൽ പ്രത്യേകിച്ചും രാജ്യത്തിനുപുറത്തും പോസ്റ്റ് ചെയ്യുന്ന മാറ്റർ വലിയ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളുണ്ടാകുന്നുണ്ട് എന്നത് മറന്നുകൂടാ.
നീക്കംചെയ്യാനുള്ള സംവിധാനം
ഇപ്രകാരം രജിസ്ട്രേഷനോ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വമോ ഇല്ലാത്ത പോസ്റ്റുകൾ പരാതിയുണ്ടായാലുടൻ നീക്കംചെയ്യാനുള്ള സംവിധാനം ഉണ്ടാകേണ്ടതുണ്ട്. ക്രിമിനൽ നടപടി ചട്ടത്തിലെ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുകൾക്ക് പ്രസ്തുത അധികാരം നൽകി ശല്യം നീക്കംചെയ്യൽ എന്ന നിലയിലുള്ള നടപടിക്രമമായും നിജപ്പെടുത്താവുന്നതാണ്. ഇവിടെ നടപടിക്രമം ഒരു പ്രത്യേക നിയമമായി പുറപ്പെടുവിക്കുന്നത് നന്നായിരിക്കും. നിരോധിക്കപ്പെട്ട മാറ്റർ നീക്കം ചെയ്യാത്ത ഉടമസ്ഥർക്കെതിരെ നല്ല നടപ്പും സാമാന്യം വലിയ തുകയ്ക്കുള്ള ജാമ്യവും കൂടി നിശ്ചയിക്കേണ്ടതാണ്. പ്രക്രിയയിൽ സ്വാഭാവിക നീതി പരിരക്ഷിക്കണം. ഇപ്രകാരമുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ഉത്തരവ് അനുസരിക്കാത്ത പോർട്ടലുകളെ സേവനദാതാക്കളോട് തടയാനാവശ്യപ്പെടാനുള്ള അധികാരവും ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടർമാർക്കുണ്ടാവണം.
ഇൗ നടപടിക്രമം ഉറപ്പിച്ചാൽതന്നെ വലിയൊരളവ് ദൂഷ്യഫലം നിയന്ത്രിക്കാൻ കഴിയും.
ജാമ്യം കർശനമാക്കണം
നിയമം പരിശോധിക്കേണ്ട മറ്റൊരു വസ്തുത 499 I PC യിലെ സ്വകാര്യ അന്യായത്തിന്റെ ഭാഗമായി മജിസ്ട്രേട്ട് കോടതി തീർപ്പാക്കുന്നതുവരെ സാമൂഹ്യമാദ്ധ്യമത്തിൽ അപമാനം നേരിട്ട വ്യക്തി കാത്തിരിക്കണോ എന്നതാണ് . സാമൂഹ്യ മാദ്ധ്യമംവഴിയുള്ള തീവ്രമായ അപകീർത്തപ്പെടുത്തൽ എന്ന ഒരു കുറ്റകൃത്യം പുതിയതായി നിർവചിക്കണോ എന്നും ചിന്തിക്കണം. രജിസ്ട്രേർഡ് മാദ്ധ്യമങ്ങളുടെ പ്രതികരണ വേദികളിൽ വന്ന് പച്ചയായ അസഭ്യം വിളിക്കുന്നവർ, വ്യക്തിഗത പേജുകളിൽ വന്ന് അസഭ്യം വിളിക്കുന്നവർ, സ്ത്രീകളെ മനഃപൂർവം അപമാനപ്പെടുത്തുന്നവർ, കുട്ടികളുടെ സ്വകാര്യത മനഃപൂർവം ഭജ്ഞിക്കുന്നവർ എന്നുള്ളവർക്ക് കർശനമായ ജാമ്യവ്യവസ്ഥകൾ പ്രത്യേകം നിർവചിക്കാവുന്നതാണ്. പരാതി നിർബന്ധമാണെങ്കിലും ജാമ്യം കർശനമാക്കുന്നതുവഴി കുറ്റകൃത്യം ഒളിഞ്ഞിരുന്നു യഥേഷ്ടം ചെയ്യാനുള്ള പ്രവണത കുറയും. സാമൂഹ്യ മാദ്ധ്യമ അപമാനിക്കൽ മിതമായ തോതിൽ കോമ്പൗണ്ടുബിളാക്കിയാൽ വിചാരണ കൂടാതെ തെറ്റ് ഏൽക്കുന്നവർക്ക് ഫൈൻ അടച്ച് അതിലൊരുഭാഗം ഇരയ്ക്ക് നഷ്ടപരിഹാരം നൽകി, നീണ്ട വിചാരണ ഒഴിവാക്കാനും വഴിയൊരുക്കണം.
ഇത്തരം കേസിൽ കോമ്പൗണ്ടിംഗ് കഴിഞ്ഞ് കുറഞ്ഞത് ഒരുവർഷത്തെ നല്ലനടപ്പും വിധിക്കേണ്ടതാണ്. ആവർത്തിച്ച് കുറ്റം ചെയ്യുന്നവർക്ക് മതിയാകും കാരാഗൃഹമൊക്കെ. എങ്ങനെനോക്കിയാലും ഒരു വർഷത്തിനപ്പുറം തടവും ഒരുലക്ഷം രൂപയിലധികം പിഴയും ക്രിമിനൽ കുറ്റത്തിനുള്ള ശിക്ഷയായി നൽകേണ്ടതില്ല. നിലവിൽ നഷ്ടപരിഹാരം 499 നടപടിയുടെ ഭാഗമായി പ്രത്യേകം തുടരാനും വ്യവസ്ഥ ചെയ്യണം.
യു.കെ തുടങ്ങി നിരവധി രാജ്യങ്ങൾ മോശമായ അപമാനിക്കൽ/അപകീർത്തീകരണം നേരിടേണ്ട നിയമങ്ങൾ കോഡിഫൈ ചെയ്തുകൊണ്ടാണ് സാമൂഹ്യമാദ്ധ്യമ ദുരുപയോഗം നിയന്ത്രിക്കാൻ ശ്രമിക്കുന്നത്. അടിസ്ഥാനപരമായി 19 (1) അനുച്ഛേദം പരിമിതപ്പെടാത്തതും എന്നാൽ ഇരകൾക്ക് വേണ്ട സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടുമുള്ള ഒരു സമീപനമാണ് ഇതിൽ ആശ്വാസമായി കാണുന്നത്.
(അഭിപ്രായം വ്യക്തിഗതം).