കൊളംബോ: ശ്രീലങ്കൻ ജയിലിലുണ്ടായ കലാപത്തിൽ എട്ട് തടവുകാർ കൊല്ലപ്പെട്ടു. 37 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ കൊളംബോയ്ക്കടുത്തുള്ള മഹാര ജയിലിലാണ് സംഭവം. ചില തടവുപുള്ളികൾ ജയിൽ ചാടാൻ ശ്രമിച്ചതാണ് കലാപത്തിന് വഴിയൊരുക്കിയത്. റിമാൻഡ് തടവുകാരിൽ ഒരു പക്ഷം ബലം പ്രയോഗിച്ച് വാതിൽ തുറന്ന് രക്ഷപ്പെടാൻ ശ്രമിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം.
ഈ നീക്കത്തെ ചെറുക്കാൻ ജയിൽ അധികൃതർക്ക് ശക്തമായ നടപടി സ്വീകരിക്കേണ്ടിവന്നു. കലാപകാരികൾ ജയിലിലെ അടുക്കളയും റെക്കോഡ് മുറിയും തീയിട്ടു. ജയിൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി രക്ഷപ്പെടാനുള്ള ശ്രമവും നടത്തി. ഇത് പരസ്പരമുള്ള പോരിലേക്ക് വഴിതെളിച്ചു. കലാപത്തിൽ പരിക്കേറ്റ രണ്ട് ജയിൽ ജീവനക്കാരടക്കം 37 പേരെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജയിലിലുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തങ്ങളെ മറ്റൊരു ജയിലിലേക്ക് മാറ്റണമെന്ന് തടവുകാർ ആവശ്യം ഉന്നയിച്ചിരുന്നു. 175 തടവുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ജയിലുകളിൽ കൊവിഡ് നിരക്ക് ഉയർന്നതിനെ തുടർന്ന് മറ്റ് ജയിലുകളിലുള്ള തടവുകാരും പ്രതിഷേധിച്ചിരുന്നു. 10,000 തടവുകാരെ മാത്രം ഉൾക്കൊള്ളാൻ സൗകര്യമുള്ള ലങ്കൻ ജയിലുകളിൽ നിലവിൽ 26,000ത്തിലധികം തടവുകാരാണ് തിങ്ങിപ്പാർക്കുന്നത്.