ന്യൂഡൽഹി: കൊവിഡ് ഭീതിയിൽ തളർന്ന രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഉണർവായി നവംബറിലും ജി.എസ്.ടി വരുമാനം ഒരു ലക്ഷം കോടി കടന്നു. കൊവിഡ് ഇല്ലാത്ത കഴിഞ്ഞ വർഷം നവംബറിലേക്കാൾ 1.4 % അധികമുണ്ട് ഇക്കുറി. കേന്ദ്രധനമന്ത്രാലയമാണ് ഇന്നലെ കണക്കുകൾ പുറത്തുവിട്ടത്. 1,04,963 കോടിയാണ് നവംബർ ജി.എസ്.ടി.
ഒക്ടോബറിൽ 1,05,115 കോടിയായിരുന്നു ഈ തുക. 192 കോടിയുടെ കുറവ് ഉണ്ടായെങ്കിലും തുടർച്ചയായി രണ്ട് മാസവും വരുമാനം ഒരു ലക്ഷം കടന്നത് ശുഭോദർക്കമാണ്.
നവംബറിൽ 82 ലക്ഷം ജി.എസ്.ടി റിട്ടേണുകളും സമർപ്പിക്കപ്പെട്ടു. കഴിഞ്ഞ വർഷം നവംബറിലേക്കാൾ 4.9 ശതമാനം ഇറക്കുമതി നികുതി ഇക്കുറി വർദ്ധിച്ചിട്ടുമുണ്ട്.
മാസം കുറഞ്ഞത് ഒരു ലക്ഷം കോടി രൂപയുടെ ജി.എസ്.ടി വരുമാനാണ് കേന്ദ്രം കണക്കുകൂട്ടുന്നത്. സംസ്ഥാനങ്ങൾക്ക് വിഹിതം നൽകണമെങ്കിൽ ഇത് അനിവാര്യവുമാണ്. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ ജി.എസ്.ടി വരുമാനം 32,172 കോടിയായി തകർന്ന് വീണത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണിയായിരുന്നു. ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് ക്രമാനുഗതമായി വരുമാനം ഉയരുകയായിരുന്നു. ഇത്രയും വേഗം സാമ്പത്തിക, വ്യാപാരമേഖല തിരികെ എത്തിയത് കേന്ദ്രസർക്കാരിനും ആശ്വാസകരമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം എട്ട് മാസം ജി.എസ്.ടി വരുമാനം ഒരുലക്ഷം കവിഞ്ഞതാണ്. കൊവിഡിനെ തുടർന്ന് ഈ സാമ്പത്തിക വർഷം ഒക്ടോബറിലും നവംബറിലും മാത്രമേ ആ നിലയിലേക്ക് എത്താനായുള്ളൂ.
കേന്ദ്ര ജി.എസ്.ടി 19,189
സംസ്ഥാന ജി.എസ്.ടി 25,540
സംയോജിത ജി.എസ്.ടി 51,992
സെസ് 8,242
ആകെ 1,04,963
രണ്ട് വർഷത്തെ ജി.എസ്.ടി വരവ്
2019-20 2020-21
ഏപ്രിൽ 1,13,865 32,172
മേയ് 1,00,289 62,151
ജൂൺ 99,939 90,917
ജൂലായ് 1,02,083 87,422
ആഗസ്റ്റ് 98,202 86,499
സെപ്തംബർ 91,916 95,480
ഒക്ടോബർ 95,379 1,05,155
നവംബർ 1,03,491 1,04,963