ലണ്ടൻ : കഴിഞ്ഞ രാത്രി നടന്ന ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് അട്ടിമറിച്ച് ഫുൾഹാം. ഈ തോൽവിയോടെ പോയിന്റ് പട്ടികയിൽ മുന്നിലുണ്ടായിരുന്ന ലെസ്റ്റർ നാലാമതേക്ക് താണു.
ലെസ്റ്ററിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയൽത്തന്നെ ഫുൾഹാം രണ്ട് ഗോളുകളും നേടിയിരുന്നു.30-ാം മിനിട്ടിൽ ലുക്ക്മാനാണ് ആദ്യഗോളടിച്ചത്. എട്ടുമിനിട്ടുകൾക്ക് ശേഷം ഇവാൻ കവലേറിയോ പെനാൽറ്റിയിലൂടെ ലീഡുയർത്തി. 86-ാം മിനിട്ടിൽ ബാണെസാണ് ലെസ്റ്ററിന്റെ ആശ്വാസഗോൾ നേടിയത്.
10 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായാണ് ലെസ്റ്റർ നാലാമതുള്ളത്.10 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുള്ള ടോട്ടൻഹാമാണ് ഒന്നാമത്.ലിവർപൂൾ(21) ചെൽസി (19) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഈ വിജയത്തോടെ ഫുൾഹാം 19-ാം സ്ഥാനത്തുനിന്ന് 17-ാം സ്ഥാനത്തേക്ക് ഉയർന്നു.