നൃത്തവിദ്യാലയങ്ങളിൽ ക്ളാസുകൾ പുനരാരംഭിച്ചു
ആലപ്പുഴ: ഒമ്പത് മാസത്തിന് ശേഷം നടരാജ വിഗ്രഹത്തിനു മുന്നിൽ വീണ്ടും തിരി തെളിഞ്ഞ സന്തോഷത്തിലാണ് നൃത്താദ്ധ്യാപകർ. കൊവിഡിനെ തുടർന്ന് നിറുത്തി വച്ചിരുന്ന നൃത്തക്ളാസുകൾ കഴിഞ്ഞ ഞായറാഴ്ചയാണ് പുനരാംഭിച്ചത്.
അതീവ സുരക്ഷയോടെയാണ് അദ്ധ്യാപകർ ക്ലാസ് നയിക്കുന്നത്. കുട്ടികളെ ഒരു മീറ്റർ അകലത്തിൽ നിറുത്തിയാണ് പരിശീലനം. മാസ്കും സാനിട്ടൈസറിന്റെ ഉപയോഗവും നിർബന്ധം. വാടക കെട്ടിടങ്ങളിൽ നടത്തിയിരുന്ന നൃത്ത വിദ്യാലയങ്ങൾ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. സ്വന്തമായി കെട്ടിടമുള്ളവരാണ് ക്ലാസുകൾ ആരംഭിച്ചത്.
ലോക്ക് ഡൗണിൽ നൃത്തവിദ്യാലയങ്ങൾക്ക് പൂട്ടുവീണതോടെ അദ്ധ്യാപകരുടെ ജീവിതവും ദുരിതത്തിലായിരുന്നു. വിദ്യാർത്ഥികൾ മാസംതോറും നൽകിയിരുന്ന ഫീസ് മാത്രമായിരുന്നു പലരുടെയും ഏക ആശ്രയം. അതു നിലച്ചതോടെ പട്ടിണിയുടെ വക്കിൽ വരെയെത്തി. മറ്റ് തൊഴിൽ തേടി പോകാൻ കഴിയാത്തവരാണ് ഏറെ ബുദ്ധിമുട്ടിയത്. വാടക കൊടുക്കാൻ മാർഗമില്ലാതായതോടെ ക്ളാസുകൾ നടത്തിയിരുന്ന കെട്ടിടങ്ങൾ ഒഴിയേണ്ടി വന്നു. അതാണ് ഇപ്പോൾ അനുമതി കിട്ടിയിട്ടും ക്ളാസുകൾ നടത്താൻ കഴിയാത്തതിനു പിന്നിൽ.
കുട്ടികൾ മുതൽ വീട്ടമ്മമാർ വരെയാണ് നൃത്തവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ. മാനസിക ഉല്ലാസവും ആരോഗ്യ സംരക്ഷണവും തേടിയാണ് വീട്ടമ്മമാരിൽ പലരും നൃത്ത ക്ളാസുകളിലെത്തുന്നത്.
മാസ്ക് പ്രശ്നമാണ്
ആദ്യ ദിവസങ്ങളിൽ മാസ്ക് വച്ച് നൃത്തം ചെയ്യുന്നതിൽ കുട്ടികൾക്ക് ബുദ്ധിമുട്ട് ഇല്ലായിരുന്നു. അടവ് ക്ലാസുകൾ മാത്രമാണ് ആദ്യദിനം തുടങ്ങിയത്. എന്നാൽ തുടർ ദിവസങ്ങളിൽ ആശങ്കയുണ്ട്. ഐറ്റം കളിച്ച് തുടങ്ങുമ്പോൾ കുട്ടികൾ അണയ്ക്കുവാൻ തുടങ്ങും. മാസ്ക് വയ്ക്കുമ്പോൾ ശ്വാസം എടുക്കുന്നതിനും ബുദ്ധിമുട്ടാണ്. ആസ്ത്മയുള്ള വിദ്യാർത്ഥികൾക്ക് മാസ്ക് വച്ച് കളിക്കുന്നത് വെല്ലുവിളിയാകും. നിലവിൽ ഒരു ലെയർ മാസ്ക് വെച്ചാണ് ഇൗ ബുദ്ധിമുട്ടിന് പരിഹാരം കാണുന്നത്.
സൗജന്യ ക്ലാസിന് മുടക്കം ഇല്ല
കഴിവുള്ളതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ സൗജന്യ ക്ലാസുകൾ നൽകാറുണ്ട്. എന്തുതന്നെ പ്രതിസന്ധിയുണ്ടായാലും ഇത് തുടരുമെന്നാണ് അദ്ധ്യാപകർ പറയുന്നത്. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ ക്ലാസുകളിൽ പങ്കാളികളാകാം.
'' ക്ളാസുകൾ പുനരാരംഭിച്ചതിന്റെ ആദ്യ ദിനം തന്നെ പ്രതീക്ഷിച്ചതിലും കൂടുതൽ വിദ്യാർത്ഥികൾ എത്തി. മാസങ്ങളായി വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് ഇത് ഒരു ആശ്വാസമാണ്. സർക്കാർ നിർദ്ദേശമനുസരിച്ചാണ് ക്ലാസുകൾ നടത്തുന്നത്
(ഗിരിജ,സ്വാതി തിരുനാൾ കലാക്ഷേത്രം അമ്പലപ്പുഴ)