ആലപ്പുഴ: വലിയകലവൂരിൽ കോഴിഫാം ഗോഡൗണിൽ നിന്ന് പിടിച്ചെടുത്തത് റേഷനരി ആണോ എന്ന് കണ്ടെത്താൻ പരിശോധനക്കായിസിവിൽ സപ്ളൈസ് ക്വാളിറ്റി കൺട്രോൾ വിഭാഗം സാമ്പിൾ ശേഖരിച്ചു. അമ്പലപ്പുഴ താലൂക്ക് സപ്ളൈ ഓഫീസർ ഗോഡൗൺ സന്ദർശിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെ നടപടി.
രാത്രിയിൽ ലോറിയിൽ അരി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് എ.എൻ.പുരം വാർഡ് യദുകുലത്തിൽ കണ്ണനെയും സഹായിയും ലോറി ഡ്രൈവറുമായ മണ്ണഞ്ചേരി പൊന്നാട് വെളിയിൽ സുനീറിനെയും മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും റിമാൻഡിലാണ്. പിടിച്ചെടുത്ത അരി സിവിൽസപ്ളൈസിന് കൈമാറി. റേഷൻ വ്യാപാരികളിൽ നിന്നും സംഭരിച്ച് സ്വകാര്യ മില്ലുകളിലേക്ക് കടത്താൻ സൂക്ഷിച്ചതാണ് ഭക്ഷ്യധാന്യങ്ങളെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. എന്നാൽ കലവൂരിൽ പിടികൂടിയത് റേഷനരിയാണെന്ന് സൂചനയില്ലെന്നും പലതരത്തിലുള്ള ചാക്കുകളിലായതിനാൽ റേഷൻ അരിയാണെന്ന് പറയാൻ കഴിയുന്ന ഒരു തെളിവും ഇല്ലെന്നും അമ്പലപ്പുഴ താലൂക്ക് സപ്ളൈ ഓഫീസർ വ്യക്തമാക്കി. ക്വാളിറ്റി കൺട്രോൾ വിഭാഗം റിപ്പോർട്ട് ജില്ലാ സപ്ളൈസ് ഓഫീസർക്ക് ഉടൻ കൈമാറും. ജില്ലയിൽ അരികടത്ത് വ്യാപകമായതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ കമ്മീഷൻ ചെയർമാൻ വി.മോഹൻകുമാറിന്റെ നിർദേശപ്രകാരം കമ്മീഷൻ അംഗം ബി.രാജേന്ദ്രൻ റിപ്പോർട്ട് കൈമാറും.
ആദ്യസംഭവമല്ല
കരിഞ്ചന്തയിലേക്ക് കടത്തിയ റേഷൻ ധാന്യങ്ങൾ പിടികൂടുന്നത് ജില്ലയിൽ ആദ്യമായല്ല. . ഒക്ടോബർ 26ന് തിരുവമ്പാടിയിൽ നിർമ്മാണത്തിലിരുന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന റേഷൻ ഭക്ഷ്യധാന്യങ്ങൾ സൗത്ത് പൊലീസിന്റെ മിന്നൽ പരിശോധനയിൽ പിടികൂടിയിരുന്നു. 172 ചാക്ക് അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളാണ് പിടികൂടിയത്. ഒരുവർഷം മുമ്പ് നഗരത്തിലെ മറ്റൊരു വീട്ടിൽ നിന്ന് 2500 കിലോ റേഷനരിയും ഇത് നിറയ്ക്കുന്ന പ്ളാസ്റ്റിക് ചാക്കും തുന്നാനുള്ള മെഷീനും അമ്പലപ്പുഴ താലൂക്ക് സപ്ളൈ ഓഫീസറുടെ നേതൃത്വത്തിൽ പിടിച്ചെടുത്തിരുന്നു.
കള്ളക്കച്ചവടം ഇങ്ങനെ
17 : കിലോഗ്രാമിന് 17രൂപ നിരക്കിലാണ് കാലടിയിലെ മില്ലുകാർക്ക് റേഷനരി നൽകുന്നത്
10 : റേഷൻ കടക്കാരിൽ നിന്ന് കിലോഗ്രാമിന് 10 രൂപയ്ക്ക് വാങ്ങുന്ന അരിയാണ് ഇങ്ങനെ നൽകന്നത്
50 :സ്വകാര്യ മില്ലുകാർ എത്തിക്കുന്ന 50 കി.ഗ്രാമിന്റെ ചാക്കുകളിൽ റേഷനരി നിറച്ചു നൽകും
കലവൂരിൽ കോഴിഫാമിലെ ഗോഡൗണിൽ കണ്ടെത്തിയത് റേഷൻ അരിയാണോ എന്ന് പരിശോധിച്ച് നടപടിയെടുക്കാൻ സിവിൽ സപ്ളൈസ് വകുപ്പിനോട് ആവശ്യപ്പെട്ടു. ജില്ലയിൽ അടിക്കടി റേഷൻ അരി കരിഞ്ചന്തയിൽ കണ്ടെത്തുന്നതായുള്ള പരാതി കമ്മീഷൻ ഗൗരവത്തിലാണ് കാണുന്നത്.
ബി.രാജേന്ദ്രൻ, ഭക്ഷ്യ കമ്മിഷൻ അംഗം
"അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരവും ബി.പി.എൽ കാർഡുകൾക്കും സൗജന്യമായി ലഭിക്കുന്ന അരിയും ഗോതമ്പും ദുർവിനിയോഗം ചെയ്താൽ അവശ്യവസ്തു നിയമപ്രകാരം കർശന നടപടി സ്വീകരിക്കും. ദുർവിനിയോഗം കണ്ടെത്തിയാൽ കാർഡ് ഉടമകളുടെ സൗജന്യ ആനുകൂല്യങ്ങൾ നഷ്ടമാകും.
ജില്ലാ സപ്ളൈ ഓഫീസർ, ആലപ്പുഴ