തിരുവനന്തപുരം: കെ.എസ്.എഫ്.ഇയുടെ മുഴുവൻ ശാഖകളിലും ആഭ്യന്തര ഓഡിറ്റ് ഇന്നലെ ആരംഭിച്ചു. 36 ശാഖകളിൽ വിജിലൻസ് കണ്ടെത്തിയ വീഴ്ചകളോടൊപ്പം നേരത്തെ സി.എ.ജി കണ്ടെത്തിയ വീഴ്ചകളും ഓഡിറ്റിൽ പരിഗണിക്കും. ഈ വീഴ്ചകൾ പരിഹരിച്ച് കെ.എസ്.എഫ്.ഇ പ്രവർത്തനം കുറ്റമറ്റതാക്കാനാണ് ആഭ്യന്തര ഓഡിറ്റ്.
പണയാഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ 10 ശാഖകൾ വീഴ്ച വരുത്തി, ചിട്ടികളുടെ ആദ്യ തവണ പൊതുമേഖലാ ബാങ്കിലോ ട്രഷറി ശാഖയിലോ സുരക്ഷിത നിക്ഷേപമായി മാറ്റണമെന്ന ചട്ടം പാലിച്ചില്ല,തവണകൾ വണ്ടിച്ചെക്കായി നൽകുന്നവരെയും നറുക്കെടുപ്പിൽ പങ്കെടുപ്പിക്കുന്നു, നാല്പത് പേരെ ചേർക്കേണ്ടിടത്ത് 25 മുതൽ 30 പേരെ വരെ മാത്രം ഉൾപ്പെടുത്തി ചിട്ടി ആരംഭിക്കുന്നു. ബാക്കി പേരുകൾ വ്യാജമായി എഴുതിച്ചേർക്കുന്നു തുടങ്ങിയ വീഴ്ചകളാണ് വിജിലൻസ് കണ്ടെത്തിയത്.
രണ്ട് ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ മാസത്തവണകളുള്ള ചിട്ടികൾക്ക് ചില മേഖലകളിൽ വൻ ഡിമാൻഡ് ഉണ്ടാകുന്നത് കള്ളപ്പണം വെളുപ്പിക്കലാണോ എന്ന സംശയവും വിജിലൻസ് ഉന്നയിച്ചിരുന്നു. സി.എ.ജി റിപ്പോർട്ടിലും സമാനമായ വിമർശനങ്ങൾ ഉണ്ടായിരുന്നു.