കൊച്ചി: കൊവിഡ് വെളിച്ചം കെടുത്തിയ ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ മേഖലയ്ക്ക് തിരഞ്ഞെടുപ്പ് താത്കാലിക ആശ്വാസമാവുന്ന ലക്ഷണമില്ല. ഭേദപ്പെട്ട വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തൊഴിലാളികളും ഉടമകളും. മുൻകാലങ്ങളെ അപേക്ഷിച്ച് അല്പം കുറഞ്ഞാലുംവരുമാനം ലഭിക്കുന്നതിനാൽ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നത് കാത്തിരിക്കുകയാണിവർ. സ്ഥാനാർത്ഥികൾ ഭവനസന്ദർശനത്തിനും ചുവരെഴുത്ത്, പോസ്റ്റർ, ബാനർ തുടങ്ങിയ പ്രചാരണങ്ങൾക്കും മുൻഗണന നൽകുന്നതിനാൽ ഈയാഴ്ചയോടെ മാത്രമേ അരങ്ങ് കൊഴുക്കൂ. വോട്ടെടുപ്പിന് ഒരാഴ്ച മുൻപെങ്കിലും വാഹന പ്രചരണങ്ങളും യോഗങ്ങളും കനക്കുമെന്നാണ് പ്രതീക്ഷ.
ബുക്കിംഗുകൾ കുറവ്
യോഗങ്ങളും ആളുകൂട്ടിയ പ്രചാരണരീതികളും ഒഴിവായതോടെ പന്തൽ നിർമ്മാണം കുറവാണ്. മുമ്പ് കുടുംബയോഗങ്ങളിലുൾപ്പെടെ പത്തു പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി. ഒരു ചെറിയ ടാർപോളിൻ പന്തൽ, 10 കസേര, സൗണ്ട് സിസ്റ്റം, ബാക്ക് കർട്ടൺ എന്നിവയാണ് ചെറിയ പ്രചാരണ യോഗങ്ങൾക്ക് വേണ്ടത്. ഇവയ്ക്കെല്ലാം കൂടി തുച്ഛമായ തുക മാത്രമേ ലഭിക്കൂ. അതിനാൽ ലാഭമൊന്നും തന്നെ തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു.
ലൈറ്റ് ആൻഡ് സൗണ്ട് റെഡി
നേരിട്ട് വീടുകളിലെത്തിയുള്ള വോട്ട് പിടുത്തത്തിന് നിയന്ത്രണമുള്ളതിനാൽ അവസാന ദിസവങ്ങളിൽ വാഹന പ്രചാരണത്തിലാവും സ്ഥാനാർത്ഥികൾ ശ്രദ്ധിക്കുകയെന്നത് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നു. അവസാന ഘട്ടത്തിലെ വാഹനപ്രചാരണം കൊഴുപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഓപ്പറേറ്റർമാർ. കലാശക്കൊട്ട് അടുക്കും തോറും മൈക്ക് സെറ്റുകൾക്കും ലൈറ്റുകൾക്കും ആവശ്യക്കാർ വർദ്ധിക്കും. വരണാധികാരിയുടെയും പൊലീസിന്റെയും അനുമതി വാങ്ങുക, മൈക്ക് പ്രചാരണത്തിനുള്ള വാഹനത്തിന്റെ വിശദാംശങ്ങൾ സമർപ്പിക്കുക, കണ്ടൈയ്ൻമെന്റ്, എഫ്.എൽ.ടി.സി മേഖലകളിൽ ഉച്ചഭാഷിണി ഉപയോഗിക്കരുത് തുടങ്ങിയ നിബന്ധനകൾ ഇക്കുറിയുണ്ടെന്ന് ലൈറ്റ് ആൻഡ് സൗണ്ട് ഓപ്പറേറ്ററായ സജിമോൻ പറയുന്നു.