കോലഞ്ചേരി: കർഷക മനസിൽ തിരഞ്ഞെടുപ്പു ചൂടില്ല. ആശങ്കയുടെ തീയാണ്. കാരണം, ഒരുവർഷം വെള്ളവും വളവുമിട്ട് വളർത്തി വിളവെടുപ്പിന് പാകമെത്തിയ വഴക്കുലകൾക്ക് കുത്തനെ വിലയിടഞ്ഞതാണ് കർഷകരുടെ ഉള്ളുലച്ചിരിക്കുന്നത്. പല കർഷകരും ആത്മഹത്യയുടെ വക്കിലാണ്. 15- മുതൽ 20 രൂപവരെയാണ് കർഷകർക്ക് ലഭിക്കുന്ന വില. എല്ലാം വിപണിയിൽ എത്തിച്ചാൽ പോലും കൃഷിക്ക് ചെലവാക്കിയ തുക കിട്ടില്ലെന്ന അവസ്ഥ.ഓണക്കാലത്ത് നാടൻ ഏത്തക്കുലയ്ക്ക് 65 മുതൽ 70 രൂപ വരെയായിരുന്നു പ്രാദേശിക വിപണിയിൽ വില. കർഷകന് 45 മുതൽ 50 രൂപവരെ കിട്ടിയിരുന്നു. ഇപ്പോൾ നാടൻ കായ 30 രൂപയ്ക്കാണ് കടകളിൽ വില്ക്കുന്നത്. തമിഴ്നാട്ടിൽനിന്ന് ഏത്തക്കുലകൾ വൻതോതിൽ കേരളത്തിൽ എത്തുന്നതാണ് നാടൻകുലകൾക്ക് ആവശ്യക്കാർ കുറയാൻ കാരണം. ഇതോടെ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കുലകൾ വിറ്റഴിക്കാൻ ആവാത്ത അവസ്ഥയിലാണ് കർഷകർ. തമിഴ്നാട്ടിൽനിന്നുള്ള ഏത്തക്കുല കടകളിൽ മൂന്നുകിലോ നൂറു രൂപയ്ക്കും വഴിയോര കച്ചവടക്കാർ നാലുകിലോ നൂറ് രൂപയ്ക്കുമാണ് വില്ക്കുന്നത്. ഇതേ സ്ഥിതി തുടർന്നാൽ കൃഷി പൂർണമായി ഉപേക്ഷിക്കേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്.
പാട്ടമെടുത്തും സ്വന്തമായും ഏക്കർ കണക്കിന് സ്ഥലത്തുമാണ് പലരും ഏത്തവാഴക്കൃഷി നടത്തിയത്. കർഷകരെ സംരക്ഷിക്കാൻ സബ്സിഡിയടക്കമുള്ള പദ്ധതികൾ നടപ്പാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. സംസ്ഥാന ഹോർട്ടി കൾച്ചറൽ മിഷൻ പദ്ധതി പ്രകാരം ഏത്തവാഴ ഒന്നിന് 10.50 രൂപയാണ് സബ്സിഡി. കഴിഞ്ഞ വർഷം അപേക്ഷ നൽകിയ ഭൂരിഭാഗംപേർക്കും ഈ തുക കിട്ടിയില്ല. കൂടാതെ, വാഴവിത്ത്, വളം തുടങ്ങിയവ സബ്സിഡിയായി നൽകണം. ഏത്തവാഴ വിത്തിന് 15 മുതൽ 17 രൂപവരെയാണ് വില. വളത്തിന്റെ ചെലവും പണിക്കൂലിക്കുമായി വലിയൊരു തുക വേണം. ഒരു വാഴ നട്ട് കുലയെത്തും വരെ ശരാശരി മുടക്ക് 180 മുതൽ 200 രൂപ വരെയാണ്. ശരാശരി 8 കിലോ തൂക്കമുള്ള കുലയാണ് വാഴയിൽ നിന്ന് ലഭിക്കുക അതായത് 160 രൂപ ഇപ്പോൾ ലഭിക്കും. വിളവെടുപ്പിൽ തന്നെ നഷ്ടമാണ്. സ്ഥലത്തിന് പാട്ടത്തുക 10000 മുതൽ 20,000വരെയാണ്. വാഴവിത്തിന് 15 17 രൂപ നൽകണം. വളം 20 മുതൽ 25 രൂപ. ഇതിന് പുറമേ ഉയർന്ന കൂലിയും. വിളവെടുക്കുമ്പോൾ മുടക്കുമുതലിന്റെ പാതിയോളം കിട്ടുന്നില്ലെന്നാണ കർഷകർ പറയുന്നത്.
സർക്കാർ നടപ്പാക്കുന്ന തറവില കർഷകർക്ക് ആശ്വാസമാണ്. പക്ഷേ രജിസ്ട്രേഷനുള്ള നൂലാമാലകൾ പലരേയും പിന്തിരിപ്പിക്കുന്നു. നിലവിൽ അക്ഷയ വഴിയാണ് രജിസ്ട്രേഷൻ. അവിടുത്തെ മറ്റു തിരക്കിൽ തറവില രജിസ്ട്രേഷൻ നടക്കുന്നില്ല. ബദൽ മാർഗമുണ്ടാക്കി കർഷകരെ രക്ഷിക്കണം.
ജോഷി,
കർഷകൻ
വണ്ടിപ്പേട്ട