ശ്രീനഗർ: ജമ്മുകാശ്മീർ അതിർത്തിയിൽ പാക് സൈന്യം നടത്തിയ വെടിവയ്പ്പിൽ ഒരു ബി.എസ്.എഫ് ജവാന് വീരമൃത്യു. രജൗരി മേഖലയിൽ നിയന്ത്രണരേഖയ്ക്ക് സമീപമാണ് സംഭവം. തർക്കുണ്ടി പ്രദേശത്തെ മെൻദാർ സെക്ടറിൽ അതിർക്കിക്കപ്പുറത്ത് നിന്ന് പ്രകോപനമില്ലാതെ വെടിവയ്പുണ്ടായതായി അധികൃതർ പറഞ്ഞു. ഇന്ത്യൻ സൈനികർ ശക്തമായി തിരിച്ചടിച്ചു. മണിപ്പൂർ സ്വദേശിയായ ബി.എസ്.എഫ് സബ് ഇൻസ്പെക്ടർ പായോതിൻസത് ഗിയറ്റെയാണ് വീരമൃത്യു വരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം വ്യോമമാർഗം ഇംഫാലിലേക്കും തുടർന്ന് ജന്മനാട്ടിലേക്കും കൊണ്ടുപോകും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ സൈനികന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.