തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ബാർ കോഴ ആരോപണത്തിലും അഴീക്കോട് എം.എൽ.എ കെ.എം. ഷാജിക്കെതിരെ അനധികൃത സ്വത്ത് സംബന്ധിച്ച പരാതിയിലും വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുമതി നൽകി.
എന്നാൽ, പുനർജനി പദ്ധതിക്ക് വിദേശഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ എം.എൽ.എയ്ക്കും പാലം നിർമ്മാണത്തിലെ ക്രമക്കേടിന് അൻവർ സാദത്ത് എം.എൽ.എയ്ക്കും എതിരെ അന്വേഷണത്തിന് അനുമതി തേടുന്ന ഫയൽ കൂടുതൽ പരിശോധനയ്ക്കായി സ്പീക്കർ മാറ്റിവച്ചു.
ഏറെ ആശയക്കുഴപ്പത്തിനൊടുവിൽ നിയമോപദേശം തേടിയ ശേഷമാണ് പ്രതിപക്ഷനേതാവിനെതിരായ ഫയൽ സർക്കാർ സ്പീക്കറുടെ അനുമതിക്കായി കൈമാറിയത്. ബാറുടമ ബിജു രമേശ് ഉന്നയിച്ച ആരോപണമുണ്ടായ വേളയിൽ രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റും നിയമസഭാംഗവുമായിരുന്നു. മന്ത്രിയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്പീക്കറുടെ അനുമതി മതിയെന്നും ഗവർണറുടെ അനുമതി തേടേണ്ടെന്നും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് നിർദ്ദേശിച്ചത്. ഗുജറാത്തിലായിരുന്ന സ്പീക്കർ കഴിഞ്ഞ ദിവസം തിരിച്ചെത്തിയാണ് തീരുമാനം എടുത്തത്.
അതേസമയം, ബാർ കോഴക്കേസിൽ മുൻമന്ത്രിമാരായ വി.എസ്. ശിവകുമാറിനും കെ. ബാബുവിനുമെതിരായ വിജിലൻസ് അന്വേഷണ ഫയൽ ഗവർണറുടെ മുമ്പാകെ എത്തിയിട്ടില്ലെന്നാണ് വിവരം. ആരോപണ വേളയിൽ ഇവർ മന്ത്രിമാരായിരുന്നതിനാൽ ഗവർണറുടെ അനുമതി തേടണമെന്നായിരുന്നു സർക്കാരിന് കിട്ടിയ നിയമോപദേശം.
നേരത്തേ അന്വേഷിച്ച് തള്ളിയതിനാൽ തനിക്കെതിരെ വീണ്ടും അന്വേഷണാനുമതി നൽകരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഇതുണ്ടാക്കിയ ആശയക്കുഴപ്പം കാരണമാണ് സർക്കാർ നിയമോപദേശം തേടിയത്.
കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ട് ചോർത്തിയതിന്റെ പേരിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരെയുള്ള പരാതികളിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ല. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകളിൽ നിന്ന് പിരിച്ച തുകയിൽ ഒരു കോടി രൂപ അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും ബാക്കി തുക മന്ത്രിമാരായിരുന്ന കെ. ബാബുവിനും വി.എസ്. ശിവകുമാറിനും നൽകിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. ഇത് നേരത്തേ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ ആരോപണമാണെന്നായിരുന്നു യു.ഡി.എഫിന്റെ വാദം. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ബിജു രമേശ് നൽകിയ രഹസ്യമൊഴിയിൽ ചെന്നിത്തലയുടെ പേരില്ലായിരുന്നു. മൊഴിയുടെ ഭാഗമായി സമർപ്പിച്ച സി.ഡിയിലെ സംഭാഷണങ്ങളിൽ ചെന്നിത്തലയുടെയും ശിവകുമാറിന്റെയുമടക്കം പേരുകളുണ്ടായിരുന്നതിനാലാണ് അക്കാര്യവും അന്ന് വിജിലൻസ് അന്വേഷിച്ചതെന്നാണ് പറയുന്നത്.
സ്പീക്കറുടെ നടപടി രാഷ്ട്രീയ പ്രേരിതം: ചെന്നിത്തല
ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ പേരിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ സ്പീക്കറുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കർ രാഷ്ട്രീയം കളിക്കാൻ നിൽക്കുന്ന പാവ മാത്രമാണ്. മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുക എന്നത് മാത്രമാണ് സ്പീക്കറുടെ ജോലി. അതുകൊണ്ടാണ് സ്പീക്കർക്കെതിരെ പ്രതിപക്ഷം നോട്ടീസ് കൊടുത്തതും.
ഇതുകണ്ട് പകച്ചുപോകുമെന്ന തെറ്റിദ്ധാരണയൊന്നും പിണറായി വിജയന് വേണ്ടാ. രണ്ട് തവണ അന്വേഷിച്ച് തള്ളിയ കേസാണിത്. സർക്കാരിന്റെ അഴിമതികൾക്കെതിരെ പ്രതിപക്ഷം നടത്തുന്ന പോരാട്ടങ്ങളോടുള്ള പ്രതികാരമാണ് ഈ അന്വേഷണം. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. രമേശ് ചെന്നിത്തല പറഞ്ഞു.