ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. 'അവരെ പിന്തുണക്കേണ്ട സമയം' ആണിതെന്നായിരുന്നു ട്രൂഡോയുടെ പ്രതികരണം. ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര നേതാവ് ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിൽ അഭിപ്രായം പറയുന്നത്.
അതേസമയം, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം അനാവശ്യമെന്ന് ഇന്ത്യ പ്രതികരിച്ചു. വിഷയത്തിൽ വ്യക്തമായ ധാരണയില്ലാതെയുള്ള പ്രസ്താവനയാണ് ട്രൂഡോ നടത്തിയതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഗുരുനാനാക്ക് ജയന്തി ദിനത്തിൽ സിഖ് മതവിശ്വാസികളെ അഭിസംബോധ ചെയ്യവെയാണ് ട്രൂഡോ കർഷക പ്രക്ഷോഭത്തിൽ ആശങ്ക പ്രകടിപ്പിച്ചത്.
കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ എങ്ങനെ ഗൗനിക്കാതിരിക്കും. നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ചാണ്. അവരെ പിന്തുണക്കേണ്ട സമയമാണ്. നാമെല്ലാവരും നമ്മുടെ കുടുംബം, സുഹൃത്തുക്കൾ എന്നിവരെക്കുറിച്ച് ആശങ്കാകുലരാണ്. സമാധാനപരമായുള്ള പ്രതിഷേധക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കാനഡ എപ്പോഴും ഉണ്ടായിരിക്കുമെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. ചർച്ചകളിലും ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ആശങ്ക ഇന്ത്യയെ അറിയിക്കാൻ പല തവണ അധികാരികളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സന്ദർഭമാണിതെന്നും' ട്രൂഡോ പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
കനേഡിയൻ പ്രതിരോധ മന്ത്രി ഹർജിത് സിംഗ് സജ്ജാനും കർഷകരെ പിന്തുണച്ച് ട്വീറ്റിട്ടിരുന്നു.
കനേഡിയൻ രാഷ്ട്രീയ നേതാക്കളായ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിംഗ്, പ്രതിപക്ഷ നേതാവ് ഒണ്ടേറിയോ ആൻഡ്രിയ പോർവത്ത് തുടങ്ങി നിരവധിപ്പേർ മോദിയുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംസാരിച്ചിരുന്നു. കാനഡയിൽ നിരവധി കനേഡിയൻ-പഞ്ചാബി കുടിയേറ്റ കുടുംബമുണ്ട്. ഇവിടെ 84 ഗുരുദ്വാരകളിലാണ് ആഘോഷം നടക്കുന്നത്. നിലവിലെ കണക്കുപ്രകാരം ലോകം മുഴുവൻ 3.70 കോടി സിഖ് വംശജരാണുള്ളത്. ഇതിൽ കാനഡയിൽ മാത്രം 4,68,673 സിഖുകാരാണുള്ളത്.
ട്രൂഡോയുടെ പ്രസംഗം അനുചിതമെന്ന് ഇന്ത്യ
ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന 'തെറ്റായ അറിവു നൽകുന്നതാണെന്ന്" ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. 'ഇന്ത്യയിലെ കർഷക പ്രതിഷേധത്തിൽ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യയിലെ കർഷകരുമായി ബന്ധപ്പെട്ട് കൃത്യമായ ധാരണയില്ലാതെയുള്ള ചില പ്രസ്താവനകൾ കനേഡിയൻ നേതാക്കൾ ഉന്നയിച്ചതായി കണ്ടു. ട്രൂഡോയുടെ പ്രസംഗംഅനുചിതമായി പോയി. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തിലെ ആഭ്യന്തര വിഷയത്തെക്കുറിച്ച് പറയുമ്പോൾ ശ്രദ്ധിക്കണം. രാഷ്ട്രീയ ആവശ്യങ്ങൾക്കായി നയതന്ത്ര സംഭാഷണങ്ങൾ തെറ്റായി ചിത്രീകരിക്കാത്തതാണ് നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കർഷക പ്രതിഷേധം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ്. മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഉപയോഗിക്കേണ്ട. മറ്റുരാജ്യങ്ങൾക്ക് അഭിപ്രായം പറയാനുള്ള സാഹചര്യം എത്തുന്നതിന് മുമ്പ് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. -ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി