ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ശക്തമായി തുടരുന്ന കർഷക പ്രതിഷേധം തണുപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പാളി.നിയമം പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാമെന്ന നിർദ്ദേശം കർഷക സംഘടനകൾ സ്വീകരിച്ചില്ല. പുതിയ നിയമങ്ങൾ പിൻവലിക്കണമെന്നതിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ വിളിച്ച യോഗത്തിൽ കർഷകനേതാക്കളും നിലപാടെടുത്തു. ചർച്ചകളിലും മറ്റും തീരുമാനമാവുന്നതു വരെ കാർഷികനിയമങ്ങൾ മരവിപ്പിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കണമെന്ന കർഷക നേതാക്കളുടെ നിർദ്ദേശവും കേന്ദ്രസർക്കാർ തള്ളി. ഇതോടെ സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ തീരുമാനിച്ചു. സർക്കാരിന്റെ ചായസൽക്കാരത്തിലും കർഷക നേതാക്കൾ പങ്കെടുത്തില്ല. വ്യാഴാഴ്ച വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ മാദ്ധ്യമങ്ങളോടു പറഞ്ഞു.
ഉപാധികളില്ലാതെ ചർച്ചയ്ക്ക് തയ്യാറാണെന്ന കേന്ദ്രനിലപാടിനെ തുടർന്നാണ് ഇന്നലെ വൈകിട്ട് മൂന്നിന് വിളിച്ച യോഗത്തിൽ കർഷക സംഘടനാ നേതാക്കൾ പങ്കെടുത്തത്. കേന്ദ്രമന്ത്രി തോമറിനെ കൂടാതെ റെയിൽവേമന്ത്രി പിയുഷ് ഗോയൽ, വാണിജ്യ വ്യവസായ സഹമന്ത്രിയും പഞ്ചാബിൽ നിന്നുള്ള എം.പിയുമായ സോം പ്രകാശ് എന്നിവരാണ് പങ്കെടുത്തത്. പഞ്ചാബിലെ 32 സംഘടനകളുടെ നേതാക്കൾക്കു പുറമെ, ദില്ലി ചലോ പ്രക്ഷോഭം നയിക്കുന്ന സംയുക്ത കിസാൻ മോർച്ച കോർ സമിതി നേതാക്കളായ ഹനൻമൊള്ള (കിസാൻസഭ), ശിവകുമാർ കക്കാജി (രാഷ്ട്രീയ കിസാൻ മഹാസംഘ്), ഗുർണാം സിംഗ് (ഭാരതീയ കിസാൻ യൂണിയൻ-ചന്ദോനി) എന്നിവരാണ് കർഷക പ്രതിനിധികളായി പങ്കെടുത്തത്.കാർഷികനിയമങ്ങൾ പരിശോധിക്കാമെന്നും ഇതിനായി പ്രത്യേകം സമിതി രൂപീകരിക്കാമെന്നും കൃഷിമന്ത്രി അറിയിച്ചു. സർക്കാർ പ്രതിനിധികൾക്കും വിദഗ്ദ്ധർക്കും പുറമെ, കർഷകസംഘടനകൾ നിർദ്ദേശിക്കുന്നവരെയും ഉൾപ്പെടുത്താം. സമയബന്ധിതമായി റിപ്പോർട്ട് ലഭ്യമാക്കാമെന്നും അദ്ദേഹം വാഗ്ദാനം നൽകി.
എന്നാൽ സമിതി രൂപീകരിച്ച് പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കം നടക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. ഇതിനു മുമ്പ് രൂപീകരിച്ച സ്വാമിനാഥൻ കമ്മിഷനടക്കമുള്ള സമിതികളുടെ നിർദ്ദേശങ്ങൾ കേന്ദ്രം നടപ്പാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച രാത്രിയാണ് കേന്ദ്രം കർഷകരെ ചർച്ചയ്ക്ക് വിളിച്ചത്. പഞ്ചാബിലെ 32 കർഷകസംഘടനാ നേതാക്കൾക്കു മാത്രമായിരുന്നു ക്ഷണം. എന്നാൽ സമരത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച പ്രതിനിധികളെ വിളിക്കാതെ തങ്ങൾ ചർച്ചയ്ക്കില്ലെന്ന് പഞ്ചാബിലെ നേതാക്കൾ നിലപാടെടുത്തതോടെയാണ് മറ്റ് സംഘടനാ നേതാക്കൾക്ക് സർക്കാർ പ്രത്യേക ക്ഷണക്കത്തയച്ചത്.
കർഷകരെ അനുനയിപ്പിക്കാനുള്ള തന്ത്രങ്ങൾ മെനയാൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ വസതിയിൽ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത്ഷാ, നരേന്ദ്രസിംഗ്തോമർ എന്നിവർ യോഗം ചേർന്നിരുന്നു. ബി.എസ്.എഫ് സ്ഥാപക ദിന ചടങ്ങുകളടക്കം ഒഴിവാക്കിയാണ് അമിത് ഷാ അനുനയശ്രമങ്ങൾക്ക് മുന്നിട്ടിറങ്ങിയത്.